isl

ഭുവനേശ്വർ : രണ്ടു ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരികെ വാങ്ങി കേരള ബ്ളാസ്റ്റേഴ്സ് ഇന്നലെ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഒഡിഷ എഫ്.സിയോട് സമനില വഴങ്ങി. ‌ സീസണിലെ ബ്ളാസ്റ്റേഴ്സിന്റെ രണ്ടാം സമനിലയാണിത്.

കലിംഗ സ്റ്റേഡിയത്തിൽ നാലുഗോളുകളും മത്സരത്തിന്റെ ആദ്യ പകുതിയിലാണ് പിറന്നത്. 18-ാം മിനിട്ടിൽ നോഹ സദൂയിയിലൂടെ ബ്ളാസ്റ്റേഴ്സാണ് സ്കോറിംഗിന് തുടക്കമിട്ടത്. ജീസസ് ജിമിനേസിന്റെ പാസിൽ നിന്നായിരുന്നു സദൂയിയുടെ ഗോൾ. 21-ാം മിനിട്ടിൽ സദൂയിയുടെ പാസിൽ നിന്ന് ജിമിനേസും ഒഡിഷയുടെ വലകുലുക്കിയതോടെ ബ്ളാസ്റ്റേഴ്സ് ആവേശത്തിലായി. എന്നാൽ അതിന് അധികം ആയുസുണ്ടായിരുന്നില്ലെന്ന് മാത്രം. 29-ാം മിനിട്ടിൽ അലക്സാണ്ടർ കോയെഫിന്റെ സെൽഫ് ഗോളിലൂടെ ഒഡിഷ മത്സരത്തിലേക്ക് തിരിച്ചുവന്നു. 36-ാം മിനിട്ടിൽ ഡീഗോ മൗറീഷ്യോയും വലകുലുക്കിയതോടെ കളി 2-2ന് സമനിലയിലായി.

55-ാം മിനിട്ടിൽ ഒഡിഷ മൗറീഷ്യോയെ പിൻവലിച്ച് റോയ് കൃഷ്ണയെ കളത്തിലിറക്കി ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടാൻ ശ്രമിച്ചു.71-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സ് കെ.പി രാഹുലിന് പകരം മുഹമ്മദ് അസ്ഹറിനെ നിയോഗിച്ചു.

കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും ബ്ളാസ്റ്റേഴ്സ് സമനിലയിൽ പിരിഞ്ഞിരുന്നു. നാലുകളികളിൽ ഓരോ ജയവും തോൽവിയുമായി അഞ്ചു പോയിന്റുള്ള ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.നാലുപോയിന്റുള്ള ഒഡിഷ അഞ്ചാം സ്ഥാനത്തും. ‌മാസം 20ന് മൊഹമ്മദൻസുമായാണ് ബ്ളാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.