fish

മലയാളികള്‍ക്ക് ഊണിനൊപ്പം ഏറ്റവും പ്രിയപ്പെട്ട വിഭവമേതെന്ന് ചോദിച്ചാല്‍ അതിന് ഒരേയൊരു ഉത്തരമേ ഉള്ളൂ, അത് മത്സ്യമാണ്. ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഭക്ഷണമെന്നതാണ് മത്സ്യത്തിന്റെ സവിശേഷത. കൊഴുപ്പ് കുറവാണെങ്കിലും പോഷകങ്ങളും വൈറ്റമിനുകളും ധാതുക്കളും ഉള്‍പ്പെടുന്ന ഒരു കലവറയാണ് മത്സ്യം. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, സിങ്ക്, കാല്‍ഷ്യം എന്നിവ മത്സ്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഭക്ഷണത്തില്‍ പതിവായി മീന്‍ ഉള്‍പ്പെടുത്തുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്. കുറഞ്ഞത് മൂന്ന് തവണയെങ്കിലും കഴിക്കുന്നതിലൂടെ വന്‍കുടലിനെ ബാധിക്കാന്‍ സാദ്ധ്യതയുള്ള ക്യാന്‍സറില്‍ നിന്ന് പോലും ആരോഗ്യത്തെ സംരക്ഷിക്കും. മീനില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ക്യാന്‍സറുമായി ബന്ധപ്പെട്ട ഹൈപ്പര്‍ലിപ്പിഡാമിയ എന്ന രോഗലക്ഷണത്തോട് പോരുതുന്നു. അതോടൊപ്പം തന്നെ ഒമേഗ 3യും വൈറ്റമിന്‍ ഡിയും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയേയും വര്‍ദ്ധിപ്പിക്കാന്‍ ഈ ഭക്ഷണം സഹായിക്കും.

മീന്‍ വിഭവങ്ങള്‍ പതിവായി കഴിക്കുന്നതിലൂടെ അസ്ഥി രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത കുറയുകയും ഒപ്പം തന്നെ എല്ലുകളുടെ ബലം വര്‍ദ്ധിക്കുക്കയും ചെയ്യും. മീന്‍ പതിവാക്കുന്നതിലൂടെ ജീവിതശൈലി രോഗമായ പ്രമേഹത്തില്‍ നിന്ന് രക്ഷനേടാന്‍ കഴിയും. അതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ ഉണ്ടാകാനിടയുള്ള ഓസ്റ്റിയോപെറോസിസ് എന്ന അസ്ഥി രോഗത്തേയും ചെറുക്കാന്‍ സഹായിക്കും. ആസ്തമ പോലെയുള്ള അസുഖങ്ങള്‍ക്കും വളരെ ഫലപ്രദമാണ്.

അല്‍ഷിമേഴ്‌സ് രോഗത്തേയും വിഷാദ രോഗത്തേയും പ്രതിരോധിക്കാനും മത്സ്യം ഭക്ഷണത്തില്‍ പതിവാക്കുന്നത് സഹായിക്കും. എന്നാല്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം രാസ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാത്ത നല്ല മത്സ്യം കഴിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ്. കടല്‍ മത്സ്യങ്ങളായാലും മറ്റ് ജലാശയങ്ങളില്‍ വളരുന്ന മത്സ്യങ്ങളായാലും നല്ല ഗുണമേന്മയുള്ളത് വേണം കഴിക്കാന്‍. അല്ലാത്ത പക്ഷം അത് ആരോഗ്യത്തിന് മറ്റ് പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തും.