isl

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്. എവേ മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 2-2ന് ആണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 21ാം മിനിറ്റില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് ന്ിന്നതിന് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. ഇരു ടീമുകളും ആക്രമിച്ച് കളിച്ചപ്പോള്‍ അതിവേഗ നീക്കങ്ങളായിരുന്നു മത്സരത്തിലുടനീളം.

ഇഞ്ചുറി ടൈമില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം നോഹ സദൂയിയെ ബോക്‌സിനുള്ളില്‍ ഒഎഫ്‌സി താരം ഫൗള്‍ ചെയ്‌തെങ്കിലും അര്‍ഹിച്ച പെനാല്‍റ്റി റഫറി നിഷേധിക്കുകയായിരുന്നു. സദൂയിയെ ഇടങ്കാലിന് വീഴ്ത്തുകയായിരുന്നുവെന്ന് ആക്ഷന്‍ റീപ്ലേകളില്‍ വ്യക്തമായിരുന്നു. അതേസമയം, പിന്നില്‍ നിന്ന മത്സരത്തില്‍ വിജയിച്ച് കയറാന്‍ ഒഡീഷയ്ക്കും നിരവധി അവസരങ്ങളുണ്ടായിരുന്നു. ഫിനിഷിംഗിലെ പോരായ്മയും ദൗര്‍ഭാഗ്യവും അവരെ ഒരുപോലെ ചതിക്കുകയായിരുന്നു.

മത്സരത്തിന്റെ 18ാം മിനിറ്റില്‍ നോഹ സദൂയി നേടിയ ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആണ് മുന്നിലെത്തിയത്. മൂന്ന് മിനിറ്റുകള്‍ക്കപ്പുറം ജീസസ് ജിമെനസിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ ഞെട്ടിച്ചു. 21 മനിറ്റ് പിന്നിടുമ്പോള്‍ 2-0ന് മുന്നിലെത്തിയെങ്കിലും മേല്‍ക്കൈ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 29ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫ്രഞ്ച് താരം അലക്‌സാന്ദ്രെ കൊയെഫിന്റെ സെല്‍ഫ് ഗോളിലൂടെ ഒഡീഷ ഒരു ഗോള്‍ മടക്കി. 36ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യയുടെ ഗോളിലൂടെ ഒഡീഷ ഒപ്പമെത്തി.

നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയും രണ്ട് സമനിലയും സഹിതം അഞ്ച് പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്താണ്. പത്ത് പോയിന്റുള്ള ബമഗളൂരു എഫ്‌സിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ളത്.