
കൊച്ചി: കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവർ പറഞ്ഞാൽ നിർബന്ധിക്കാനാവുമോയെന്ന് ഹൈക്കോടതി. നിയമനടപടിയുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്ന് ഇരകളാണ് തീരുമാനിക്കേണ്ടത്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും പരാതിക്കാരുടെ സഹകരണം ആവശ്യമാണ്. പരാതിക്കാർ ഇതിനു തയ്യാറാകാതെ അന്വേഷണം മുന്നോട്ടുപോകില്ലെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) മുദ്രവച്ച കവറിൽ നൽകിയ റിപ്പോർട്ടിലാണ്, പരാതിക്കാർ മൊഴികളിൽ ഉറച്ചുനിൽക്കുകയാണെങ്കിലും കേസുമായി മgന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് പറയുന്നതായി അറിയിച്ചത്. വിവരം ലഭിച്ചാൽ പൊലീസിന് കേസെടുത്ത് അന്വേഷിക്കാമെന്നിരിക്കെ എസ്.ഐ.ടി നിലപാട് ശരിയല്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. മൊഴി നൽകിയവർക്ക് താത്പര്യമില്ലെങ്കിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പും അറിയിച്ചു.
അന്വേഷണ സംഘത്തിന് ഇരകൾ നൽകിയ മൊഴി ഒരു ചാനൽ പുറത്തിവിട്ടെന്ന ആരോപണം വനിതാകമ്മിഷനു വേണ്ടി ഹാജരായ അഭിഭാഷക ഉന്നയിച്ചപ്പോൾ, ഹേമ കമ്മിറ്റിക്കോ എസ്.ഐ.ടിക്കോ നൽകിയ മൊഴികൾ റിപ്പോർട്ട് ചെയ്താൽ ഗൗരവമായി കാണുമെന്ന് കോടതി പറഞ്ഞു. ഹർജികൾ 14ന് വീണ്ടും പരിഗണിക്കും.