
പശ്ചിമേഷ്യ സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്കയില്‍ ആഗോള വ്യാപകമായി ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യയിലെ മുഖ്യ സൂചികകളായ സെന്‍സെക്‌സ് 1,769 പോയിന്റ് ഇടിഞ്ഞ് 82,487.10ലും നിഫ്റ്റി 546.8 പോയിന്റ് തകര്‍ച്ചയോടെ 25,250.10ലും അവസാനിച്ചു. ഇറാനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയില്‍ നിക്ഷേപകര്‍ ഓഹരികളില്‍ നിന്ന് പിന്മാറി. ക്രൂഡോയില്‍ വിലയിലുണ്ടായ കുതിപ്പും വിപണിയെ ആശങ്കയിലാക്കി. എണ്ണ വിലയിലെ വര്‍ദ്ധന നാണയപ്പെരുപ്പം ശക്തമാക്കുമെന്നാണ് വിലയിരുത്തുന്നത്.
ബി.പി.സി.എല്‍, ശ്രീറാം ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുക്കി, ഐഷര്‍ മോട്ടോര്‍സ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.
ഉലച്ചത്: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം, എണ്ണ വില വര്‍ദ്ധന, ഡെറീവേറ്റീവ് വ്യാപാര നിയമം സെബി ശക്തമാക്കിയത്, ചൈനയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു
ക്രൂഡോയില്‍ വില 75 ഡോളര്‍ കടന്നു
യുദ്ധം കൊടുമ്പിരികോണ്ടതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 75 ഡോളറിന് മുകളിലെത്തി. ഇറാനിലെ എണ്ണപ്പാടങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചാല്‍ വില ഇനിയും കുതിച്ചുയരും. പ്രമുഖ എണ്ണ ഉത്പാദക രാജ്യമായ ഇറാനിലെ സംഘര്‍ഷം ആഗോള മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും.
രൂപ റെക്കാഡ് താഴ്ചയിലേക്ക്
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയ്ക്ക് അടുത്തെത്തി. ക്രൂഡോയില്‍ വിലയിലെ കുതിപ്പും രൂപയ്ക്ക് തിരിച്ചടിയായി. ഇന്നലെ 14 പൈസയുടെ നഷ്ടത്തോടെ രൂപയുടെ മൂല്യം 83.96ല്‍ എത്തി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 83.98ലേക്ക് ചെറിയ ദൂരമാണുള്ളത്.
റെക്കാഡ് പുതുക്കി പവന്‍@56,880 രൂപ
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളാല്‍ സുരക്ഷിതത്വം തേടി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതോടെ രാജ്യാന്തര വിപണിയില്‍ വില കുതിച്ചുയര്‍ന്നു. ഇതോടെ കേരളത്തില്‍ പവന്‍ വില 80 രൂപ വര്‍ദ്ധിച്ച് 56,880 രൂപയെന്ന പുതിയ റെക്കാഡിട്ടു. ഗ്രാമിന്റെ വില പത്ത് രൂപ ഉയര്‍ന്ന് 7,110 രൂപയിലെത്തി. എന്നാല്‍ അമേരിക്ക വീണ്ടും പലിശ കുറയ്ക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ വില താഴ്‌ന്നേക്കും.
ഓഹരികള്‍ ഇടിയുന്നു
സെന്‍സക്സ് 1,769.69 പോയിന്റ് നഷ്ടത്താേടെ 82,497.1
നിഫ്റ്റി 546.8 പോയിന്റ് ഇടിഞ്ഞ് 25,250.10
രൂപ, 14 പൈസ നഷ്ടത്താേടെ 83.96
സ്വര്‍ണം, പവന്‍ 80 രൂപ കൂടി 56,880 രൂപ
നിക്ഷേപകരുടെ ആസ്തിയില്‍ പത്ത് ലക്ഷം കോടി രൂപയുടെ നഷ്ടം