police

അമേഠി: അദ്ധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽ കയറി വെടിവച്ച് കൊന്നു. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം. സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ ഭവാനി നഗർ സ്വദേശി സുനിൽകുമാർ (35), ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസുള്ള രണ്ട് പെൺമക്കൾ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന് നേരെ ആക്രമണം ഉണ്ടാകുമോ എന്ന ഭയമുണ്ടെന്ന് പൂനം നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ ക‌ർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പുനൽകി.

ചന്ദൻ എന്നയാളെ ഭയമുണ്ടെന്ന് രണ്ട് മാസം മുമ്പ് പൂനം പൊലീസിൽ പരാതി നൽകിയിരുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൊല്ലുമെന്ന് ഇയാൾ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ചന്ദൻ ആണ് ഉത്തരവാദിയെന്നും പൂനം നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. കൊലപാതകം മോഷണശ്രമത്തിനിടെ സംഭവിച്ചതല്ലെന്നും ആസൂത്രിതമായി നടത്തിയതാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ലൈംഗികാതിക്രമം, ജീവന് ഭീഷണി, എസ്‌സി / എസ്‌ടി നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് പൂനം നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. ഓഗസ്റ്റ് 18ന് കുഞ്ഞിന് മരുന്ന് വാങ്ങാനായി റായ്‌ബറേലിയിലെ ആശുപത്രിയിൽ പോയപ്പോൾ ചന്ദൻ പൂനത്തിനോട് മോശമായി പെരുമാറി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

എതിർത്തപ്പോൾ തന്നെയും ഭർത്താവിനെയും അടിച്ചുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നും പൂനത്തിന്റെ പരാതിയിലുണ്ട്. സംഭവം പുറത്തറിഞ്ഞാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. കുടുംബം ഭയത്തിലാണ് കഴിയുന്നത്. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും അപകടം സംഭവിച്ചാൽ ചന്ദൻ ആണ് ഉത്തരവാദി. ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.