letter

നീറ്റ് 2024 പരീക്ഷയുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത വിധത്തിലുള്ള ക്രമക്കേടുകളാണ് നടന്നത്. ആ പരീക്ഷ വീണ്ടും നടത്തണമെന്നുള്ള വലിയൊരു വിഭാഗം കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കേന്ദ്രസർക്കാരും എൻ.ടി.എയും സുപ്രീം കോടതിയും നിരാകരിച്ചതിനാൽ നമ്മളുടെ നാട്ടിലെ, ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കു പോലും കേരളത്തിലോ ഇന്ത്യയിൽ എവിടെയെങ്കിലുമോ ഒരു സർക്കാർ എം.ബി.ബി.എസ് സീറ്റ് കിട്ടാത്ത സാഹചര്യമാണ് ഉള്ളത്. കേരളത്തിലെ സർക്കാർ സീറ്റ് കിട്ടാൻ കുറഞ്ഞത് 680 മാർക്കും, ഇന്ത്യയിൽ എവിടെയെങ്കിലും ഒരു എം.ബി.ബി.എസ് സീറ്റ് കിട്ടാൻ ചുരുങ്ങിയത് 655 മാർക്കും വേണ്ടിവരുമെന്ന സങ്കടകരമായ അവസ്ഥയാണ്.

ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുപോലും സെൽഫ് ഫിനാൻസിംഗ് മേഖലയിലുള്ള, 10 ലക്ഷം രൂപ വാർഷിക ഫീസുള്ള മെഡിക്കൽ കോളേജുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ വെറും 24,000 രൂപയ്ക്ക് എം.ബി.ബി.എസ് പഠിക്കുമ്പോഴാണ് ഈ ഫീസ് കൊള്ള നിലനിൽക്കുന്നത്! മറ്റു സംസ്ഥാനങ്ങളിൽ നേറ്റിവിറ്റി ഉള്ള അവരുടെ കുട്ടികൾക്ക് താങ്ങാവുന്ന ഫീസ് മാത്രം (വാർഷിക ഫീസ് 60,000 മുതൽ) ഈടാക്കുമ്പോഴാണ് കേരളത്തിൽ ഇത്ര വലിയ ഫീസ് കൊള്ള നടക്കുന്നത്. സെൽഫ് ഫിനാൻസിംഗ് മെഡിക്കൽ കോളേജുകളിലെ പകുതി സീറ്റുകളിൽ ഗവണ്മെന്റ് ഫീസിൽ പഠിപ്പിക്കാമെന്ന വ്യവസ്ഥ അതിവിദഗ്ദ്ധമായി അട്ടിമറിച്ചുകൊണ്ടാണ് ഈ കൊള്ള. ഗവണ്മെന്റ് ഇതിനൊരു പരിഹാരം കാണുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം.

നിരവധി കുട്ടികളും രക്ഷിതാക്കളും ഈ ഫീസ് കൊള്ളയ്ക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം കൊടുത്തിട്ടുണ്ടെങ്കിലും ഒരു ഇടപെടലും നാളിതുവരെ ഉണ്ടായിട്ടില്ല .വർഷം 10 ലക്ഷം രൂപ ചെലവിട്ട് എം.ബി.ബി.എസ് പഠനം നടത്താൻ കഴിവില്ലാത്ത,​ നല്ല റാങ്ക് വാങ്ങിയ കേരളത്തിലെ കുട്ടികൾക്ക് അവരുടെ മോഹം ഉപേക്ഷിക്കേണ്ടിവരുന്നു. ഇതര സംസ്ഥാനങ്ങളിൽ നേറ്റിവിറ്റി ഉള്ള കുട്ടികൾക്ക് സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ വാങ്ങുന്ന ഫീസ് ഏകദേശം ഇനി പറയും പ്രകാരമാണ്: തമിഴ്നാട്: നാലര ലക്ഷം വാർഷിക ഫീസ്,​ അഞ്ചു വർഷത്തേക്ക് 22.5 ലക്ഷം. കർണാടക: വർഷം 1.45 ലക്ഷം,​ അഞ്ചു വർഷത്തേക്ക് 7.25 ലക്ഷം. തെലങ്കാന: 60,000 രൂപ (പ്രതിവർഷം)​,​ അഞ്ചു വർഷത്തേക്ക് 3 ലക്ഷം. ആന്ധ്രാ പ്രദേശ്: പ്രതിവർഷം 70,000 രൂപ,​ അഞ്ചു വർഷത്തേക്ക് 3.5 ലക്ഷം.

കേരളത്തിൽ പ്രതിവർഷം 8.2 ലക്ഷവും അഞ്ചു വർഷത്തേക്ക് 41 ലക്ഷവും ഫീസ് കൂടാതെ ഒമ്പതു ലക്ഷം രൂപയോളം സ്‌പെഷ്യൽ ഫീസ്, ഹോസ്റ്റൽ ഫീസ് തുടങ്ങിയവയ്ക്കും വരും. ഇത് വർഷംതോറും അഞ്ചു ശതമാനം കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ അനീതി എത്രയും വേഗം അവസാനിപ്പിച്ച് നമ്മുടെ കുട്ടികൾക്കും താങ്ങാവുന്ന ഫീസ് നിശ്ചയിച്ച് ഈ അക്കാഡമിക് വർഷം തന്നെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കേണ്ടതാണ്.