scheme

മാസംതോറും തരക്കേടില്ലാത്ത ഒരു തുക നിങ്ങളുടെ അക്കൗണ്ടിൽ എത്തിയാലോ? നിലവിലുളള വരുമാനത്തോടൊപ്പം അധികമായി ലഭിക്കുന്ന തുക ജീവിതം കൂടുതൽ സുരക്ഷിതമാക്കാനും സാമ്പത്തികഭദ്രത ഉറപ്പിക്കാനും സഹായിക്കും. ഇത് ലക്ഷ്യം വച്ച് ഭൂരിഭാഗം ആളുകളും അവരുടെ ചെറുപ്പകാലം മുതലേ വിവിധ നിക്ഷേപപദ്ധതികളുടെ ഭാഗമാകാറുണ്ട്.പക്ഷെ ഏത് പദ്ധതിയിൽ ചേരുമ്പോഴാണ് കൂടുതൽ ലാഭം ലഭിക്കുകയെന്ന കാര്യത്തിൽ പലർക്കും ഇപ്പോഴും ധാരണയില്ല. പ്രതിമാസം മികച്ച വരുമാനം ലഭിക്കുന്ന കുറച്ച് പദ്ധതികൾ പരിചയപ്പെടാം.


1. പോസ്‌​റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതി
പോസ്‌​റ്റോഫീസുകളിൽ കൂടുതൽ ആളുകളും ചേരുന്ന ഒരു നിക്ഷേപപദ്ധതിയാണിത്. നിക്ഷേപങ്ങൾക്ക് 7.4 ശതമാനം വാർഷിക പലിശയും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒ​റ്റയ്‌ക്കോ സംഘമായോ ഈ പദ്ധതിയിൽ ചേരാം. ഒ​റ്റയ്ക്കാണ് ചേരുന്നതെങ്കിൽ ഒമ്പത് ലക്ഷം വരെ ഒ​റ്റത്തവണയായി നിക്ഷേപിക്കാം. അങ്ങനെ പ്രതിമാസം 5,500 രൂപ പെൻഷനായി ലഭിക്കും. ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. എങ്കിൽ 9,250 രൂപ വരെ പെൻഷനായി ലഭിക്കും. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി.


2. സീനിയർ സി​റ്റിസൺസ് സേവിംഗ്സ് സ്‌കീം
മുതിർന്ന പൗരൻമാർക്ക് മൂന്ന് മാസത്തിലൊരിക്കൽ മികച്ച വരുമാനം ലഭിക്കുന്ന ഒരു നിക്ഷേപപദ്ധതിയാണിത്. ഒ​റ്റത്തവണ നിക്ഷേപത്തിലൂടെ മികച്ച വരുമാനം സ്വന്തമാക്കാം. അഞ്ച് വർഷമാണ് കാലാവധി. കാലാവധി കഴിഞ്ഞതിനുശേഷവും നിക്ഷേപകന് പദ്ധതിയിൽ മൂന്ന് വർഷം അധികമായും തുടരാം.

മ​റ്റുളള പോസ്‌​റ്റോഫീസ് നിക്ഷേപപദ്ധതികളെക്കാൾ ഉയർന്ന പലിശയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 8.2 ശതമാനമാണ് പലിശനിരക്ക്. ഒരാൾക്ക് പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അങ്ങനെയാണെങ്കിൽ നിക്ഷേപകന് മൂന്ന് മാസത്തിലൊരിക്കൽ 61,500 രൂപ വരെ പദ്ധതിയിൽ നിന്നും സ്വന്തമാക്കാം. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. കാലാവധി പൂർത്തിയാക്കുമ്പോൾ നിക്ഷേപതുകയോടൊപ്പം പലിശയിനത്തിൽ മാത്രം 12,30,000 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തും.


3. അഡൽ പെൻഷൻ യോജന(എപിവൈ)
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഒരുക്കിയിരിക്കുന്ന ഒരു പെൻഷൻ പദ്ധതിയാണിത്. നിങ്ങളുടെ നിക്ഷേപതുകയെ അടിസ്ഥാനമാക്കി പ്രതിമാസം 1000 മുതൽ 5000 രൂപ വരെ പെൻഷൻ എപിവൈയിലൂടെ ലഭിക്കും. എത്ര ചെറിയ നിക്ഷേപം നടത്തിയാലും അതിനനുസരിച്ച് പദ്ധതിയിലൂടെ പെൻഷൻ ലഭ്യമാകും. തൊഴിലാളികൾക്ക് ഇതൊരു മികച്ച അവസരമാണ്. പോസ്‌​റ്റോഫീസിലോ മ​റ്റുളള അംഗീകൃത ബാങ്കുകളിലോ അക്കൗണ്ടുളള 18നും 40നുമിടയിൽ പ്രായമുളളവർക്ക് എപിവൈയിൽ ചേരാവുന്നതാണ്.


4. ആന്വി​റ്റി പ്ലാൻ
ലൈഫ് ഇൻഷ്വുറൻസ് കമ്പനികളാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഒ​റ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം നിശ്ചിത തുക വരുമാനമായി ലഭിക്കാൻ ഈ പദ്ധതി സഹായിക്കും. ഈ പദ്ധതിയുടെ കീഴിൽ പോളിസി ഹോൾഡർമാർക്ക് രണ്ട് വിധത്തിൽ നിക്ഷേപം നടത്താവുന്നതാണ്.


ഇമ്മീഡിയേ​റ്റ് ആന്വി​റ്റി പ്ലാൻ
ഇതിൽ നിക്ഷേപം നടത്തിയുടൻ പ്രതിമാസം വരുമാനം ലഭിച്ചുതുടങ്ങും.


ഡിഫേർഡ് ആന്വി​റ്റി പ്ലാൻ
പോളിസി ഹോൾഡർമാർക്ക് നിക്ഷേപം നടത്തി നിശ്ചിത കാലം കഴിഞ്ഞതിനുശേഷമേ വരുമാനം ലഭിക്കുകയുളളൂ. എത് വേണമെന്ന് നിക്ഷേപകന് തീരുമാനിക്കാവുന്നതാണ്.