iran

ടെഹ്‌റാൻ: ഇസ്ളാമിക ഭരണമുള്ള സർക്കാരുകൾ ഐക്യത്തോടെ നിൽക്കണമെന്ന ആഹ്വാനവുമായി ഇറാൻ പരമോന്നത നേതാവ് അയത്തുല്ല അലി ഖമൈനി. അഫ്‌ഗാനിസ്ഥാൻ മുതൽ യമൻ വരെയുള്ള എല്ലാ ഇസ്ളാമിക രാജ്യങ്ങളും അവരുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കണമെന്ന് വെള്ളിയാഴ്‌ച ദിന പ്രാർത്ഥനയ്‌ക്കിടെയാണ് ഖമൈനി ആവശ്യപ്പെട്ടത്.

ഇറാന്റെ ശത്രു,​ പാലസ്‌തീന്റെയും ഒപ്പം ലെബനൻ,​ ഇറാഖ്,​ഈജിപ്റ്റ്,​ സിറിയ.യെമൻ എന്നീ രാജ്യങ്ങളുടെയും ശത്രുവാണ്. നമ്മുടെ ശത്രു ഒരു പ്രത്യേക രീതിയനുസരിച്ച് എല്ലായിടത്തും പ്രവർത്തിക്കുകയാണ്. പക്ഷെ ഓപ്പറേഷൻസ് റൂം ഒന്നുതന്നെയാണ്. ശത്രുവിനെ ഒരു രാജ്യത്ത് നിന്നും ഒഴിവാക്കിയാൽ അവർ അടുത്ത രാജ്യത്തെത്തും. ഇസ്രയേലിനെ സൂചിപ്പിച്ച് ഖമൈനി പറഞ്ഞു. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഖമൈനി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. 2020ൽ ഇറാനിയൻ സേന കമാന്ററായിരുന്ന ക്വാസിം സൊലൈമാനിയുടെ മരണത്തെ തുടർന്നാണ് ഖമൈനി മുൻപ് രാജ്യത്തോട് സംസാരിച്ചത്.

രാവിലെ 10.30ന് നസ്‌റള്ളയുടെ അനുസ്‌മരണത്തിന് ശേഷമായിരുന്നു ടെഹ്‌റാൻ ഗ്രാൻഡ് മോസ്‌കിൽ ഖമൈനി പ്രസംഗിച്ചത്. ഇറാന്റെ ശത്രുക്കളുടെ പദ്ധതികളെല്ലാം തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലെബനനിലെയും യമനിലെയും മുസ്ളീങ്ങളുടെ ശത്രു എന്നാണ് ഖമൈനി ഇസ്രയേലിനെ വിശേഷിപ്പിച്ചത്.

ക്വാസിം സുലൈമാനിയുടെയും നസ്‌റള്ളയുടെയും ചിത്രങ്ങളും പതാകയുമേന്തിയ നിരവധിപേരാണ് മോസ്‌കിൽ ഒത്തുകൂടിയത്. നസ്‌റള്ളയുടെ മരണത്തിന് മറുപടിയുണ്ടാകുമെന്നും ജനക്കൂട്ടം പ്രതിജ്ഞയെടുത്തു. നസ്‌റള്ളയുടെ മരണത്തിന് പിന്നാലെ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണത്തിന് ഖമൈനി ഉത്തരവിട്ടിരുന്നു. 200നടുത്ത് മിസൈലുകളാണ് തൊടുത്തത്. എന്നാൽ ഇവയെല്ലാം ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനം തക‌ർത്തു.