mamitha-baiju

സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മമിത ബെെജു. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ 'സർവോപരി പാലക്കാരൻ' എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു വെള്ളിത്തിരയിൽ എത്തുന്നത്. ഓപ്പറേഷൻ ജാവയിലെ അൽഫോൻസ എന്ന കഥാപാത്രമാണ് മമിതയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. ഡാകിനി, വരത്തൻ, ഹണി ബീ 2, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.

ഇപ്പോഴിതാ ഐഫ അവാർഡിൽ തിളങ്ങിയ മമിതയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡോബിന വിൻസന്റ് സ്റ്റെെൽ ചെയ്ത വസ്ത്രത്തിൽ ഗ്ലാമറസായാണ് നടി എത്തിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സാരിയാണ് നടി അണിഞ്ഞിരിക്കുന്നത്. പുതിയ ചിത്രങ്ങൾ മമിത തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്, പിന്നാലെ ചിത്രങ്ങൾ വെെറലായി. നിരവധി ലെെക്കും കമന്റും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്.

മലയാളത്തിൽ 'പ്രേമലു'വിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ചിത്രം വലിയ വിജയം നേടിയതിന് പിന്നാലെ തമിഴിലും തെലുങ്കിലും റിലീസ് ചെയ്തിരുന്നു. തമിഴിൽ 'റിബെൽ' എന്ന ചിത്രത്തിലും മമിത അഭിനയിച്ചു. തമിഴ്നടൻ വിജയ്‌യുടെ അവസാന ചിത്രമായ 'ദളപതി 69' ൽ മമിത ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം നാളെയാണ് തുടങ്ങുമെന്നാണ് റിപ്പോട്ട്.