mar

കൊച്ചി: പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുന്നതിനാൽ തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ ഓഹരി വിപണി തകർച്ച നേരിട്ടു. ബോംബെ ഓഹരി സൂചിക സെൻസെക്‌സ് നഷ്‌ടത്തിൽ തുടങ്ങി കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ 808.45 പോയിന്റ് ഇടിഞ്ഞ് 81,688.45ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 235.55 പോയിന്റ് നഷ്‌ടത്തോടെ 25,014.60ൽ എത്തി. എഫ്.എം.സി.ജി, വാഹന മേഖലകളിലെ ഓഹരികളാണ് ഇന്നലെ തകർച്ച നേരിട്ടത്. ഇതോടൊപ്പം വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റവും തകർച്ചയുടെ ആഴം കൂട്ടി.

ഇസ്രയേൽ ഇറാനെ ആക്രമിച്ചാൽ ക്രൂഡോയിലിന്റെ സപ്ളൈ ശ്യംഖല മുറിയുമെന്ന ആശങ്ക ശക്തമായതോടെ എണ്ണ വില മുകളിലേക്ക് നീങ്ങിയതും നിക്ഷേപ വിശ്വാസത്തെ ബാധിച്ചു. ഇന്നലെ ക്രൂഡ് വില ബാരലിന് 79 ഡോളറിലെത്തിയിരുന്നു.

ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ ശക്തമായ വില്പന സമ്മർദ്ദം നേരിട്ടു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, നെസ്‌ലേ ഇന്ത്യ, ബി.പി.സി.എൽ, ഹീറോ മോട്ടോകോർപ്പ്, എന്നിവയാണ് തകർച്ചയ്ക്ക് നൽകിയത്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണ് ഓഹരി വിപണിയിലുണ്ടായത്. നിഫ്‌റ്റി 4.3 ശതമാനവും സെൻസെക്സ് 4.5 ശതമാനവും ഈ വാരം ഇടിഞ്ഞു.

ഇന്ത്യയിൽ ഓഹരികൾ വിറ്റ് ചൈനയിൽ വാങ്ങി വിദേശ നിക്ഷേപകർ

ഇന്ത്യയിൽ നിന്ന് പണം പിൻവലിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ചൈനയിലെ ഓഹരികൾ വാങ്ങികൂട്ടുകയാണ്. കഴിഞ്ഞ ദിവസം ചൈനീസ് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിന്റെ കരുത്തിൽ കമ്പനികളുടെ പ്രവർത്തനം മെച്ചപ്പെടുമെന്ന് വിലയിരുത്തിയാണ് നിക്ഷേപകർ അവിടേക്ക് നീങ്ങുന്നത്. മൂന്ന് ദിവസത്തിനിടെ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് 30,614 കോടി രൂപ പിൻവലിച്ചു.

രൂപയ്ക്ക് വെല്ലുവിളിയേറുന്നു

നാല് മാസത്തിനിടെയിലെ ഏറ്റവും വലിയ പ്രതിവാര നഷ്‌ടവുമായാണ് രൂപ വെള്ളിയാഴ്ച വ്യാപാരം പൂർത്തിയാക്കിയത്. ഇന്നലെ രൂപയുടെ മൂല്യത്തിൽ കാര്യമായ മാറ്റമുണ്ടായില്ല. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 78 ഡോളറിലേക്ക് ഉയർന്നതും രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ വാരം 0.3 ശതമാനം ഇടിഞ്ഞു.

അഞ്ച് ദിവസം സെൻസെക്സിൽ 4,100 പോയിന്റ് ഇടിവ്

നിക്ഷേപകരുടെ നഷ്‌ടം 16 ലക്ഷം കോടി രൂപ