
ഗ്രാമ നഗര വ്യത്യാസമില്ലാതെ നമ്മൾ മനുഷ്യരുടെ താമസസ്ഥലത്തിനടുത്ത് കാണപ്പെടുന്ന നിരവധി ജീവികളിൽ ഒന്നാണ് പാമ്പ്. നമ്മുടെ കൊച്ചുകേരളത്തിൽ 104 ഇനത്തിൽ പെട്ട പാമ്പുകളെ കാണുന്നുണ്ട്. ഇവയിൽ 37 ഇനങ്ങൾ വിഷമുള്ളവയാണ്. ഇക്കൂട്ടത്തിൽ ശക്തിയേറിയവ മൂർഖൻ, രാജവെമ്പാല, അണലി, ശംഖുവരയൻ, ചേനത്തണ്ടൻ എന്നിവയാണ്. നിങ്ങൾപോലുമറിയാതെ വീട്ടിലേക്ക് പാമ്പിനെ ക്ഷണിച്ചുവരുത്തുന്ന കുറച്ച് തെറ്റുകളുണ്ട് അവ ഏതൊക്കെയെന്ന് നോക്കാം.
വെട്ടാതെ നിർത്തിയ പുൽപ്പടർപ്പുകൾ: നല്ല തണലേകുന്ന പരിസരം പാമ്പുകൾക്ക് ഇഷ്‌ടമാണ്. ചുരുണ്ടുകൂടിയിരിക്കാൻ പാകത്തിന് വീട്ടുമുറ്റത്ത് ഉയരത്തിൽ ചെടികൾ വളർന്നിട്ടുണ്ടെങ്കിൽ പാമ്പ് അവിടെവരാനിടയുണ്ട്. ഇവയുടെ ഇഷ്‌ട ഭക്ഷണമായ എലി, മുയൽ, കോഴി, മറ്റ് പ്രാണികൾ, മുട്ടകൾ എല്ലാം മനുഷ്യർ താമസിക്കുന്നയിടത്ത് ഉണ്ടാകാം എന്നതിനാലാണിത്.
വീട്ടുപരിസരത്ത് കൂട്ടിയിട്ട അനാവശ്യ സാധനങ്ങൾ: നിത്യജീവിതത്തിൽ ആവശ്യമില്ലാത്ത ചില സാധനങ്ങൾ പലരും വീടിനു പുറത്തോ പിന്നിലുള്ള മുറിയിലോ ഒക്കെ കൂട്ടിയിടാം. ഇരപിടിക്കാനെത്തുന്ന പാമ്പിന് ഇത് നല്ലൊരു മറവാണ്. ഇവ ഇതിനടിയിൽ ചുരുണ്ടുകൂടിയിരിക്കാൻ ശ്രമിക്കും. ഇത്തരത്തിൽ മാലിന്യമോ അനാവശ്യ വസ്‌തുക്കളോ കൂട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക.
വീട്ടിലെ എലിശല്യം: വീട്ടിൽ എലികളോ അത്തരത്തിലെ ജീവികളോ ഉണ്ടെങ്കിൽ അവയെത്തേടി പാമ്പെത്താം. അബദ്ധവശാൽ നിങ്ങളുടെ മുന്നിലവ എത്തുമ്പോൾ കാണാൻ ഇടയാകും. ഇത്തരം ജീവികളുടെ സാന്നിദ്ധ്യം ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.
മരങ്ങളുടെ സാന്നിദ്ധ്യം: ചന്ദന മരമുള്ളയിടത്തും പൈൻ പോലെ മരങ്ങളുടെ ചുവട്ടിലും പാമ്പിന് കഴിയാൻ ഇഷ്‌ടമാണ്. ഇവയുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക.
ചെടികളിൽ വെള്ളമൊഴിക്കുമ്പോൾ: എന്നും ഓമനിച്ചുവളർത്തുന്ന ചെടികൾക്ക് വെള്ളമൊഴിക്കുന്നത് നമ്മുടെ ശീലമാണ്. ഇത്തരത്തിൽ വെള്ളമൊഴിക്കുമ്പോൾ മണ്ണിൽ കീടങ്ങളുണ്ടാകും. ഇവയിൽ ചിലവയെ തേടി പാമ്പുകളെത്താറുണ്ട്. ചട്ടിയുടെ അടിയിലും മറ്റുമായി ഇവ പതുങ്ങിയിരിക്കുന്നത് ശ്രദ്ധിക്കണം.