
കാബൂൾ: അഫ്ഗാൻ ഇതിഹാസ ക്രിക്കറ്റർ റാഷിദ് ഖാൻ വിവാഹിതനായി. അഫ്‌ഗാനിസ്ഥാൻ ലോകകപ്പ് നേടിയ ശേഷമേ വിവാഹിതനാകൂ എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന 26കാരനായ റാഷിദ് കപ്പിനായുള്ള കാത്തിരിക്ക് അവസാനിപ്പിച്ച് കഴിഞ്ഞ 3ന് വിവാഹിതനായി. കാബൂളിലെ ഇംപീരിയൽ കോണ്ടിനെന്റൽ ഹോട്ടലിലായിരുന്നു വിവാഹച്ചടങ്ങുകൾ. റാഷിദിനൊപ്പം അദ്ദേഹത്തിന്റെ മൂന്ന് സഹോദരന്മാരും ഒരേ വേദിയിൽ വിവാഹിതരായി. സഹോദരൻമാരായ ആമിർ ഖലീൽ, സക്കീയുള്ള, റാസ ഖാൻ എന്നിവരാണ് റാഷിദിനൊപ്പം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പഷ്‌തൂൺ ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ. അഫ്ഗാൻ ക്രിക്കറ്റ് ടീമംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ കനത സുരക്ഷാ വലയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തു.