bigboss

മുംബയ്: റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയനായ താരമാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ അദ്‌നാന്‍ ഷെയ്ഖ്. കഴിഞ്ഞയാഴ്ചയായിരുന്നു താരത്തിന്റെ വിവാഹം. ഈ ചടങ്ങില്‍ വധു എത്തിയതാകട്ടെ മുഖം മറച്ച് മാസ്‌ക് ധരിച്ചായിരുന്നു. ഇപ്പോഴിതാ അദ്‌നാന്റെ വിവാഹത്തെ സംബന്ധിച്ച് ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ സഹോദരി. മുഖം മറച്ചുള്ള വധുവിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ആയിഷയെന്ന പെണ്‍കുട്ടിയേയാണ് അദ്‌നാന്‍ വിവാഹം ചെയ്തത്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചപ്പോഴും വധുവിന്റെ മുഖം ഇമോജി ഉപയോഗിച്ച് മറച്ചിരുന്നു. അദ്‌നാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സഹോദരി ഇഫത്ത് ഉന്നയിക്കുന്നത്. വധുവിന്റെ കുടുംബത്തിനൊപ്പമുള്ള മതം മാറുന്നതിന് മുമ്പുള്ള ചിത്രങ്ങള്‍ സഹിതം അദ്‌നാന്റെ സഹോദരി പങ്കുവച്ചിട്ടുണ്ട്.


റിദ്ധി ജാദവ് എന്നാണ് അദ്നാന്റെ ഭാര്യയുടെ യഥാര്‍ഥ പേരെന്നും എയര്‍ഹോസ്റ്റസ് ആയ യുവതി അദ്നാനെ വിവാഹം ചെയ്യാനായി മതം മാറുകയായിരുന്നുവെന്നും ഇഫത്ത് അഭിമുഖത്തില്‍ പറയുന്നു. 'കഴിഞ്ഞ നവംബറില്‍തന്നെ അദ്നാന്റെ വിവാഹം കഴിഞ്ഞതാണ്. അദ്നാന്റെ ജീവിതത്തിലേക്ക് റിദ്ധി വന്നതോടെയാണ് പ്രശ്നങ്ങളുണ്ടായത്. ഹിജാബ് ധരിക്കുന്നത് എങ്ങനെയാണെന്നെല്ലാം താനാണ് റിദ്ധിയെ പഠിപ്പിച്ചതെന്ന് ഇഫത്ത് പറയുന്നു.

ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാകുകയും പല രഹസ്യങ്ങളും ഞങ്ങള്‍ക്കിടയില്‍ കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ചിലത് റിദ്ധി അദ്നാനുമായി പങ്കുവെച്ചു. ഇതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഞങ്ങള്‍ തമ്മില്‍ വഴക്കാകുകയും അദ്നാന്‍ എന്നേയും ഭര്‍തൃപിതാവിനേയും മര്‍ദിക്കുകയും ചെയ്തു.' ഇഫത് വ്യക്തമാക്കുന്നു. എന്നാല്‍ സഹോദരിയുമായുള്ള പ്രശ്‌നങ്ങള്‍ ഒരു വര്‍ഷമായി നിലനില്‍ക്കുന്നുണ്ടെന്നും ഭാര്യയുടെ മുഖം വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്തതിനാലാണ് മാസ്‌ക് ധരിച്ചതെന്നും അദ്‌നാന്‍ പ്രതികരിച്ചു.