ph-1-
സാന്ദ്ര കുടുംബത്തോടൊപ്പം

കണ്ണൂർ: വേദിയിൽ കർട്ടൺ വീണപ്പോഴാണ് മകൾ സാന്ദ്രയുടെ നാടോടിനൃത്തം കഴിഞ്ഞത് സുഭാഷും സന്ധ്യയുമറിഞ്ഞത്. എന്നാൽ ശബ്ദവും സംസാരവും പരിചയമില്ലാത്ത നാലംഗ കുടുംബത്തിന് പരസ്പരം സന്തോഷം പങ്കിടാൻ അത് തടസ്സമായിരുന്നില്ല. വേദിയിൽ നിന്നിറങ്ങിയ മകളെ ഇരുവരും ഓടിച്ചെന്ന് ചേർത്തു പിടിച്ചു. ഗംഭീരമായെന്ന് അച്ഛന്റെ ആംഗ്യം കണ്ടപ്പോൾ മകൾ സാന്ദ്രയുടെ കണ്ണുകളിൽ തിളക്കം. കണ്ണൂരിലെ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഒരു കാഴ്ചയായിരുന്നു ഇത്.

മലപ്പുറം താനൂർ സ്വദേശി സുഭാഷിനും ഭാര്യ സന്ധ്യയ്ക്കും മക്കളായ സാന്ദ്രയ്ക്കും സാരംഗിനും പരസ്പരം എല്ലാം അറിയിക്കാൻ ആംഗ്യവും ചുണ്ടനക്കവുമാണ് വഴി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന സുബാഷിന്റെ ഇടതുകൈ നിറയെ ഇന്നലെ പേന കൊണ്ടുള്ള വരകളായിരുന്നു. ആഗ്യ ഭാഷയിലൂടെ കാര്യങ്ങൾ മനസിലാകാത്തവർക്ക് കൈയ്യിൽ എഴുതി കൊടുക്കുയായിരുന്നു. സാന്ദ്രയുടെ അദ്ധ്യാപിക ബിന്ദുവിന്റെ സഹായത്തോടെയായിരുന്നു ഇവ‌ർ ഇന്നലെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയത്.

കോഴിക്കോട് കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർസെക്കൻഡറി സ്കൂളിൽ ഏഴാംക്ളാസുകാരിയാണ് സാന്ദ്ര. ആദ്യമായി പങ്കെടുത്ത മത്സരത്തിൽ എ ഗ്രേഡും നേടി. എട്ട് ദിവസം കൊണ്ടാണ് സാന്ദ്ര നാടോടി നൃത്തം പഠിച്ചെടുത്തത്. സ്കൂളിലെ നൃത്താദ്ധ്യാപകനായ ദിലീപാണ് സാന്ദ്രയെ താളം പറഞ്ഞ് കൊടുത്ത് നൃത്തം പഠിപ്പിച്ചത്. മൂന്നാം ക്ലാസുകാരനായ സാരംഗ് സാന്ദ്രയുടെ അതെ സ്കൂളിൽ പഠിക്കുന്നു.