
ദുബായ്: വനിതകളുടെ ഐസിസി ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ഗ്രൂപ്പിലെ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 58 റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നീലപ്പടയുടെ മറുപടി 19 ഓവറില്‍ 102 റണ്‍സില്‍ അവസാനിച്ചു. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്ക് പോലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. 15 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആണ് ടോപ് സ്‌കോറര്‍. ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
സ്‌കോര്‍: ന്യൂസിലാന്‍ഡ് 160-4 (20) | ഇന്ത്യ 102-10 (19)
വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യന്‍ സംഘത്തിന് തൊട്ടതെല്ലാം പിഴച്ചു. പവര്‍പ്ലേ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഓപ്പണര്‍മാരായ ഷഫാലി വര്‍മ 2(4), സ്മൃതി മന്ദാന 12(13) എന്നിവരും ഹര്‍മന്‍പ്രീതും പുറത്തായിരുന്നു. ജെമീമ റോഡ്രിഗ്‌സ് 13(11), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് 12(19), ദീപ്തി ശര്‍മ്മ 13(18) തുടങ്ങിയ മുന്‍നിര ബാറ്റര്‍മാര്‍ എല്ലാവരും നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലീ തഹൂഹു ,നാല് വിക്കറ്റ് വീഴ്്ത്തിയ റോസ്‌മേരി മെയര്‍ എന്നിവര്‍ ചേര്‍ന്ന് ആണ് ഇന്ത്യയെ തകര്‍ത്തത്. എയ്ഡന്‍ കാര്ഡസണ്‍ രണ്ടും അമേലിയ ഖേര്‍ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 20 ഓവറുകളില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ 57*(36) ആണ് ടോപ് സ്‌കോറര്‍. സോഫി തന്നെയാണ് കളിയിലെ താരവും. നേരത്തെ ഓപ്പണര്‍മാരായ സൂസി ബെയ്റ്റ്സ് 27(24), ജോര്‍ജിയ പ്ലിമര്‍ 34(23) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. മലയാളി താരം ആശയുടെ പന്തില്‍ സമൃതി മന്ദാന പിടിച്ചാണ് പ്ലിമര്‍ പുറത്തായത്. ഒന്നാം വിക്കറ്റില്‍ 7.4 ഓവറില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. നാലോവര്‍ എറിഞ്ഞ മലയാളി താരം ആശ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി.