love

പ്രണയ ബന്ധവും പിന്നീടുള്ള ബ്രേക്കപ്പുമെല്ലാം ഇന്ന് സാധാരണ സംഭവങ്ങളായി മാറിക്കഴിഞ്ഞു. ഒരു പ്രണയബന്ധത്തില്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെങ്കില്‍ പരസ്പരം സംസാരിച്ച് ബന്ധം അവസാനിപ്പിക്കുന്ന ആരോഗ്യകരമായ രീതി പിന്തുടരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുണ്ട്. എന്നിരുന്നാലും അത്രയും നാള്‍ പ്രിയപ്പെട്ടതായിരുന്ന ഒരു വ്യക്തിയുമായുള്ള ബന്ധം അവസാനിപ്പിക്കുമ്പോള്‍ അത് മനസ്സിന് സമ്മാനിക്കുക ഒരു വേദന തന്നെയാണ്. ഇക്കാരണം കൊണ്ട് തന്നെ പ്രണയബന്ധം അവസാനിപ്പിച്ചാലും പങ്കാളിയുമായുള്ള ആശയവിനിമയം തുടരുന്നവരുണ്ട്.

ഇത്തരത്തില്‍ പ്രണയം അവസാനിപ്പിച്ച ശേഷം പങ്കാളിയുമായി ആശയവിനിമയം തുടരുന്നത് ഭൂരിഭാഗം വ്യക്തികള്‍ക്കും നല്ല അനുഭവമല്ല സമ്മാനിക്കാറുള്ളത്. പ്രണയബന്ധം അവസാനിപ്പിച്ച് കഴിഞ്ഞാല്‍ അവരുടേതായ വഴിക്ക് പോകുകയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നതുമാണ് നല്ലത്. ബ്രേക്കപ്പില്‍ നിന്നുള്ള മാനസികവിഷമം ഒരു ദിവസം കൊണ്ട് തീരുന്നതല്ലെന്ന വസ്തുതയാണ് ആദ്യം മനസ്സിലാക്കേണ്ടത്. എക്‌സുമായുള്ള സംഭാഷണം തുടര്‍ന്നാല്‍ അത് ബന്ധത്തില്‍ നിന്ന് മാനസികമായി പൂര്‍ണമായി പുറത്തുവരാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് നിങ്ങളെ എത്തിക്കും.

ആശയവിനിമയം തുടരുകയാണെങ്കില്‍ ഒരു വിഷമഘട്ടത്തിലോ പ്രതിസന്ധി ഘട്ടത്തിലോ നിങ്ങള്‍ വീണ്ടും എക്‌സില്‍ നിന്ന് മാനസിക പിന്തുണ പ്രതീക്ഷിക്കുകയും അവരോട് കാര്യങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറെടുക്കുകയും ചെയ്യും. പതിയെ വീണ്ടും പഴയ ബന്ധത്തിലേക്ക് തന്നെ പോകാന്‍ ഇത് ഇടയാക്കും. അത് ടോക്‌സിക് റിലേഷനിലേക്ക് എത്തിയെന്ന് വരാം. മറ്റൊരു വശം എന്താണെന്നാല്‍ മുമ്പ് റിലേഷനില്‍ ആയിരുന്നപ്പോള്‍ നിങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കിയത് പോലെ ബ്രേക്കപ്പിന് ശേഷം പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ പിന്തുണ ലഭിക്കണമെന്നില്ല. ഇത് നിങ്ങളെ കൂടുതല്‍ വിഷമിപ്പിക്കും.

ഒരു പ്രണയബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ച് നിങ്ങള്‍ മുന്നോട്ട് പോയാല്‍ മാത്രമേ നിങ്ങളുടെ മനസ്സിന്റെ മുറിവ് ഉണക്കാന്‍ സാധിക്കൂ. എക്സുമായി വീണ്ടും മിണ്ടിക്കൊണ്ടിരുന്നാല്‍ ഈ മുറിവുണക്കല്‍ പ്രക്രിയ വൈകും. മാത്രവുമല്ല ബന്ധം അവസാനിപ്പിച്ച ശേഷവും ആശയവിനിമയം തുടരുന്നത് മനസ്സില്‍ അനാവശ്യ പ്രതീക്ഷ വളരാന്‍ ഇടയാക്കിയേക്കാം. പ്രതീക്ഷയോടെ മുന്നോട്ട് പോകുന്ന നിങ്ങള്‍ പോലും അറിയാതെ ഒരുപക്ഷേ അവര്‍ മറ്റൊരു ബന്ധത്തില്‍ ആയെന്നുമിരിക്കാം.