a-p-singh

ന്യൂഡൽഹി: ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. 24 മണിക്കൂറിനിടെയുണ്ടായ ആക്രമണത്തിൽ 37 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്‌ബുള്ളയ്ക്ക് പുറമെ ഇറാൻ, ഗാസയിൽ ഹമാസ് എന്നിവരോടും ഇസ്രയേൽ യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇസ്രയേലിനെപ്പോലെ തന്റെ ശത്രുക്കളെ ആക്രമിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് വ്യോമസേനാ മേധാവി മാർഷൽ എ പി സിംഗ്.

ഇസ്രയേൽ ഹിസ്‌ബുള്ളക്കെതിരായി ചെയ്യുന്ന കാര്യങ്ങൾ ഇന്ത്യൻ വ്യോമസേന മുൻപ് ചെയ്തിട്ടുള്ളവയാണെന്ന് വ്യോമസേനാ മേധാവി പറഞ്ഞു. ബലാക്കോട്ടിൽ എഐഎഫ് അതായിരുന്നു ചെയ്തതെന്ന് എ പി സിംഗ് വ്യക്തമാക്കി. പാകിസ്ഥാനിലെ ജയ്‌ഷ് ഇ മുഹമ്മദ് കേന്ദ്രങ്ങൾ 2019 ഫെബ്രുവരി 26ന് വ്യോമസേന ആക്രമിച്ച് തകർത്തത് പരാമർശിക്കുകയായിരുന്നു അദ്ദേഹം. ഹിസ്‌ബുള്ള തലവൻ ഹസൻ നസ്രള്ളയെ ഇസ്രയേൽ വധിച്ചതുപോലെ ഇന്ത്യൻ എയർഫോഴ്‌സിന് സാധിക്കുമോയെന്ന ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു എ പി സിംഗ്.

ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡോമിന് സമാനമായ സംവിധാനം ഇന്ത്യയ്ക്കുമുണ്ടെന്നും ഇവ കൂടുതലായി വാങ്ങുകയാണെന്നും എ പി സിംഗ് പറഞ്ഞു. ഇസ്രയേലിനേക്കാൾ ഇന്ത്യ വലിയ രാജ്യമായതിനാൽ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വേണ്ടതുണ്ട്. എന്നാൽ സ്‌ക്വാഡ്രണിന്റെ ശക്തി കുറയുന്നത് ആശങ്കയുളവാക്കുന്നു. തേജസ് യുദ്ധവിമാനങ്ങൾ കൃത്യമായ സമയത്തുതന്നെ ഹിന്ദുസ്ഥാൻ എയറണോട്ടിക്‌സ് (എച്ച്എഎൽ) എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാസിക്കിൽ എച്ച്എഎൽ രണ്ടാം നിര തയ്യാറാക്കുന്നുണ്ട്. പ്രതിവർഷം 24 തേജസ് യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ മേഖലയുടെ ചുവടുവെയ്പ്പും ആവശ്യമായി വന്നേക്കാം. ഇല്ലെങ്കിൽ, ബദൽ മാർഗങ്ങൾ തേടേണ്ടതായി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.