തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ആലുമൂടുള്ള ഒരു വീട്ടിൽ നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കോൾ വന്നത്. വീടിന് പുറകിൽ തവളയെ പിടികൂടുന്ന ഒരു പാമ്പിനെ വീട്ടുടമ കണ്ടു. ഉടൻതന്നെ വീഡിയോ എടുത്ത് വാട്‌സാപ്പിൽ വാവാ സുരേഷിന് അവർ അയച്ചുകൊടുത്തു. ഒച്ച കേട്ട് പരിസരം മുഴുവൻ ഇഴഞ്ഞ പാമ്പ് വീട്ടുകാരെ വട്ടംചുറ്റിച്ചു. ഒടുവിൽ വീടിന് പുറത്തുള്ള ബാത്ത്‌റൂമിലേക്ക് പാമ്പ് കയറി.
ഉടൻതന്നെ വാവാ സുരേഷ് സ്ഥലത്തെത്തി. പരിസരം മുഴുവൻ തെരഞ്ഞ ശേഷം അദ്ദേഹം വീടിന് പുറത്തുള്ള ബാത്ത്‌റൂമിനുള്ളിൽ പരിശോധിച്ചു. അതിനുള്ളിൽ പാമ്പ് ഉണ്ടായിരുന്നില്ല. തുടർന്ന് അതിൽ നിന്നും പുറത്തേക്ക് പോകുന്ന പൈപ്പിനുള്ളിൽ നോക്കിയപ്പോഴാണ് പാമ്പ് ചീറ്റുന്നതിന്റെ ശബ്‌ദം കേട്ടത്. കുറച്ച് സമയമെടുത്തെങ്കിലും വാവാ സുരേഷ് പാമ്പിനെ പിടികൂടി. ആറ് മാസത്തോളം പ്രായമുള്ള മൂർഖൻ കുഞ്ഞായിരുന്നു അത്.
ഇത്തരത്തിലുള്ള പാമ്പുകളുടെ കടിയേറ്റാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നാണ് വാവാ സുരേഷ് പറഞ്ഞത്. ചെറിയ പാമ്പാണെങ്കിൽ പോലും ഇവയുടെ കടിയേറ്റാൽ അപകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ, സ്വയം ചികിത്സ ആപത്താണെന്നും അദ്ദേഹം പറഞ്ഞു.
