
കൊൽക്കത്ത: ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധം തുടരുന്നതിനിടെ ബംഗാളിൽ വീണ്ടും ക്രൂരകൊലപാതകം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു. സംഭവത്തിൽ മൊസ്താകിൻ സർദാർ എന്ന 19കാരനെ അറസ്റ്റ് ചെയ്തു. രോഷാകുലരായ നാട്ടുകാർ പ്രതിഷേധിക്കുകയും പൊലീസ് ക്യാമ്പ് കത്തിക്കുകയും ചെയ്തു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ കൃപാഖലി ഗ്രാമത്തിൽ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. ട്യൂഷന് പോയി തിരിച്ചെത്താതിനെത്തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ഒമ്പത് മണിയോടെ പൊലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തു. അന്വേഷണത്തിനൊടുവിൽ ഇന്നലെ പുലർച്ചെ 3.30ന് ഗംഗാനദിയുടെ തീരത്ത് ചതുപ്പിൽ മൃതദേഹം കണ്ടെത്തി. ശരീരമാസകലം മുറിവുകളുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സ്ത്രീകളുൾപ്പെടെ വടികളും ചൂലുകളുമായി തെരുവിലിറങ്ങി. വാഹനങ്ങളുൾപ്പെടെ അടിച്ചുതകർക്കുകയും കത്തിക്കുകയും ചെയ്തു. പൊലീസിനു നേരെ കല്ലെറിഞ്ഞു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് മേഖലയിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ സുകാന്ത മജുംദാർ മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം വീണ്ടും ശക്തമാകുന്നതിനിടെ തൃണമൂൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് സംഭവം.
ദുർഗാ പൂജ ആഘോഷങ്ങൾ തുടങ്ങാനിരിക്കെ പെൺകുട്ടികൾ വീണ്ടും ഇരകളാകുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വർദ്ധിക്കുന്നു. ഭരണ വീഴ്‌ചയാണിത്. ക്രമസമാധാനം തകർന്നു. സ്ഥാനത്ത് തുടരാൻ മമതയ്ക്ക് അവകാശമില്ല. രാജിവയ്ക്കണം.
- സുകാന്ത മജുംദാർ,
കേന്ദ്രമന്ത്രി, ബി.ജെ.പി
സംസ്ഥാന അദ്ധ്യക്ഷൻ