
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 2.983 കിലോഗ്രാം മൊഫിമീൻ ഹൈഡ്രോക്ലോറൈഡ് എന്ന മാരക രസലഹരിയുമായി പിടിയിലായ പ്രതികളിൽ ഒരാൾക്ക് കോടതി 10 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിലെ രണ്ടാം പ്രതിയായ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി സൈനുൾ ആബിദ് (24) നെയാണ് കോടതി ശിക്ഷിച്ചത്.
26.12.2021ന് ഈ കേസിലെ ഒന്നാം പ്രതിയായ കൊടുങ്ങല്ലൂർ പടാകുളം സ്വദേശി രാഹുൽ സുഭാഷിനൊപ്പം രണ്ടാം പ്രതിയായ സൈനുൾ ആബിദിനെ രാസലഹരിയുമായി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഡി.സതീശന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
പറവൂർ അഡീഷണൽ സെഷൻസ് കോടതി - I ജഡ്ജ് മുജീബ് റഹ്മാൻ.സി ആണ് വിധിന്യായം പുറപ്പെടുവിച്ചത്. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് എറണാകുളം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറായിരുന്ന ബി.ടെനിമോൻ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരി.എൻ.കെ ഹാജരായി. ചികിത്സയിൽ കഴിയുന്ന ഒന്നാം പ്രതിയുടെ വിചാരണ പൂർത്തിയായിട്ടില്ല.