lal

മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഹൈദരാബാദ് ഷെഡ്യൂൾ ആരംഭിച്ചു. രണ്ടാഴ്ചത്തെ ചിത്രീകരണമാണ് ഹൈദരാബാദിൽ. ഗുജറാത്തിലായിരുന്നു എമ്പുരാന്റെ ആറാമത്തെ ഷെഡ്യൂൾ. ഹൈദരാബാദിനുശേഷം തിരുവനന്തപുരത്തും വണ്ടിപ്പെരിയാറിലും ചിത്രീകരണമുണ്ട്. മോഹൻലാൽ പങ്കെടുക്കുന്ന നിർണായക രംഗങ്ങൾ തിരുവനന്തപുരത്തും വണ്ടിപ്പെരിയാറിലും ചിത്രീകരിക്കും. ലൂസിഫറിനും ഇവിടങ്ങളിൽ ചിത്രീകരണം ഉണ്ടായിരുന്നു. ദുബായ്, അബുദാബി എന്നിവിടങ്ങളിലെ ചിത്രീകരണത്തോടെ നവംബറിൽ എമ്പുരാൻ പൂർത്തിയാകും.
ലൂസിഫർ റിലീസ് ചെയ്ത മാർച്ച് 28ന് എമ്പുരാൻ തിയേറ്ററിൽ എത്തിക്കാനാണ് ഒരുങ്ങുന്നത്. മഞ്ജു വാര്യർ,പൃഥ്വിരാജ്, ടൊവിനോ തോമസ് , ഇന്ദ്രജിത്ത്, സച്ചിൻ ഖേദേഖർ, സുരാജ് വെഞ്ഞാറമൂട്, നന്ദു, സായ് കുമാർ, സാനിയ അയ്യപ്പൻ, ബൈജു സന്തോഷ് തുടങ്ങി വൻതാരനിര അണിനിരക്കുന്നു.

ലൂസിഫറിന്റെ തുടർച്ച എന്ന നിലയിൽ എമ്പുരാന് ആരാധക പ്രതീക്ഷ വാനോളമാണ്. മുരളി ഗോപി രചന നിർവഹിക്കുന്ന ചിത്രത്തിന് സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. ആശിർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് എമ്പുരാൻ.എമ്പുരാൻ പൂർത്തിയാക്കിയശേഷം പൃഥ്വിരാജിന് വിലായത്ത് ബുദ്ധയുടെ തുടർ ചിത്രീകരത്തിൽ പങ്കെടുക്കണം.അതേസമയം ഖാലിദ് റഹ്മാൻ,​ വിഷ്ണു മോഹൻ,​ വിപിൻദാസ്,​ നിർമ്മൽ സഹദേവ് എന്നീ സംവിധായകരുടെ ചിത്രങ്ങൾ പൃഥ്വിരാജിനെ കാത്തിരിപ്പുണ്ട്. അടുത്ത വർഷം ഈ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കാനാണ് പൃഥ്വിരാജിന്റെ തീരുമാനം.