
പി.ആർ ഏജൻസിയോ? അതെന്താ? ഒരു പി.ആർ. കുറുപ്പിനെ (മുൻ മന്ത്രി) അറിയാം. മറ്റൊരു പി.ആറിനെപ്പറ്റിയും എനക്കറിയില്ല. അങ്ങനെയൊന്ന് കേട്ടിട്ടു പോലുമില്ല!- വാർത്താലേഖകരുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി സഖാവിന്റെ 'നിഷ്കളങ്ക" മറുപടി. (കുടുക്കാനാണ് ഭാവം. ഇവന്മാരെ വിറ്റ കാശ് നമ്മുടെ കൈയിലില്ലേ!). പതിവിനു വിപരീതമായി തികച്ചും അക്ഷോഭ്യനായിരുന്നു വാർത്താസമ്മേളനത്തിൽ പിണറായി. 'നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചോദിക്കാനും, എനിക്ക് പറയാനും ഉണ്ടാവും. നമുക്ക് പിന്നീട് വിശദമായി സംസാരിക്കാം" എന്ന് ഡൽഹിയിൽ പാർട്ടി പി.ബി യോഗത്തിനിടെ മലയാളി പത്രക്കാർക്ക് ഉറപ്പ് കൊടുത്തതാണ്.
ഡൽഹിയിൽ വച്ച് 'ദ ഹിന്ദു" പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ പറയാത്ത കാര്യം അടിച്ചു വന്നതാണല്ലോ പുകിലായത്. കെയ്സൻ എന്ന ഉത്തരേന്ത്യയിലെ പി.ആർ ഏജൻസിയാണ് കഥയിലെ വില്ലൻ. അഭിമുഖം കൊടുത്തത് പത്രത്തിനു വേണ്ടി 'നമുക്ക് വേണ്ടപ്പെട്ട ഒരു പയ്യൻ" (ഹരിപ്പാട് മുൻ എം.എൽ.എയും സി.പി.എം നേതാവുമായ ടി.കെ. ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യൻ) നിരന്തരം ആവശ്യപ്പെട്ടത് പ്രകാരമായിരുന്നുവെന്ന് മുഖ്യമന്ത്രി. അതല്ല, മുഖ്യമന്ത്രിക്കു വേണ്ടി കെയ്സൻ എന്ന പി.ആർ ഏജൻസി പറഞ്ഞിട്ടാണെന്ന് 'ദ ഹിന്ദു."
മലപ്പുറത്ത് എത്തുന്ന കള്ളക്കടത്ത് സ്വർണവും ഹവാല പണവും രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് താൻ അഭിമുഖത്തിൽ പറഞ്ഞതല്ല; നേരത്തേ കോഴിക്കോട്ട് പത്രക്കാരോട് അതിന്റെ കണക്കുകൾ പറഞ്ഞിരുന്നു. അതെടുത്ത് പൊടിപ്പും തൊങ്ങലും ചേർത്ത് അഭിമുഖത്തിൽ ചേർക്കുമെന്ന് ആരു കണ്ടു! വിഷയം പിറ്റേന്നു കത്തിപ്പടർന്നതോടെ, പത്രത്തിന് എഴുതി. അത് തിരുത്താനുള്ള മാന്യത അവർ കാട്ടി. പക്ഷേ, പറയാത്ത കാര്യം ഉൾപ്പെടുത്തിയത് കെയ്സൻ പി.ആർ ഏജൻസിയുടെ ആൾ ആവശ്യപ്പെട്ടാണെന്നു കൂടി അവർ വെളിപ്പെടുത്തിക്കളഞ്ഞു. അതു വേണ്ടിയിരുന്നില്ല. വെളുക്കാൻ തേച്ചത് പാണ്ടായി.
പിന്നെ, പത്രക്കാരുടെയും പ്രതിപക്ഷത്തിന്റെയും മുനവച്ച ചോദ്യങ്ങളായി. അപ്പോൾ, പി.ആർ ഏജൻസി ഉണ്ടായിരുന്നല്ലേ? അവർക്ക് സർക്കാർ എത്ര പണം നൽകി? അഭിമുഖത്തിൽ പറയാത്ത കാര്യം ചേർക്കാൻ അവരെ ആര് ചുമതലപ്പെടുത്തി?പത്രലേഖിക അഭിമുഖം എടുക്കുമ്പോൾ അവിടെ മൂന്നാമതൊരാൾ കൂടി കടന്നുവന്നു. ലേഖികയുടെ കൂടെയുള്ള ആളാണെന്നു കരുതി. ഏതോ ഏജൻസിയുടെ ആളാണെന്ന് പിന്നെയാണ് പറയുന്നത്. 'കടക്കു പുറത്ത്" എന്നു പറയാൻ അപ്പോൾ തോന്നിയില്ല...
തനിക്ക് ആ ഏജൻസിയെയും വന്നയാളെയും അറിയില്ലെന്നു പറഞ്ഞിട്ടും ഈ പത്രക്കാർ തൃപ്തരാകാതിരുന്നാൽ എന്തു ചെയ്യും? അതുമല്ല തമാശ. തന്റെ സുരക്ഷയിലാണ് പത്രക്കാർക്ക് കൂടുതൽ ഉത്കണ്ഠ.'ഇത്രയും കാവലുള്ള സ്ഥലത്തേക്ക് അപരിചിതനായ ഒരാൾ കയറി വരുന്നത് സുരക്ഷാ പ്രശ്നമല്ലേ; ഞങ്ങളാണ് വരുന്നതെങ്കിൽ അതിന് ആനുവദിക്കുമോ" എന്നായി ചോദ്യം. എങ്ങനെ ചിരിക്കാതിരിക്കും? പതിവു ശീലം വിട്ട് അൽപ്പം ഉറക്കെത്തന്നെ ചിരിച്ചു- 'ഹഹഹ". ചില കുരുട്ടു ചോദ്യങ്ങൾക്ക് മറുപടിയായി പിന്നെയും പല തവണ 'ഹഹഹ" പാസാക്കേണ്ടി വന്നു. ഉത്തരം മുട്ടിയ ചോദ്യങ്ങൾക്കുള്ള മറുപടികളെല്ലാം 'ഹഹഹ"യിൽ ഒതുക്കിയെന്ന് പത്രങ്ങളും ചാനലുകളും. 'ഹഹഹ"യല്ല മറുപടിയാണ് വേണ്ടതെന്ന് വി.ഡി.സതീശൻ. 'ഹഹഹ" അൽപ്പം കൂടിപ്പോയെന്നതു നേര്. അതിഹസ്യ അമൃതും വിഷം!
പി.വി. അൻവർ ബോംബിനു പിന്നാലെ കെ.ടി. ജലീൽ ബോംബും ഇപ്പോൾ പൊട്ടുമെന്നു കരുതി കാത്തിരുന്നവർക്ക് നിരാശ. ലീഗിലും കോൺഗ്രസിലും നിന്നെത്തിയ സി.പി.എം സ്വതന്ത്രന്മാരെല്ലാം ചേർന്ന് കൊട്ടാര വിപ്ലവം സൃഷ്ടിക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. ജലീലിന്റെ മുരടനീക്കങ്ങൾ കേട്ട് അൻവറും ഒരുപാട് സ്വപ്നം കണ്ടു. എല്ലാം പാഴായി. ജലീൽ ഉണ്ട ചോറിനു നന്ദി കാട്ടി. തന്നെ വെടിവച്ചു കൊല്ലുമെന്നു പറഞ്ഞാലും പാർട്ടിയെയോ, മുഖ്യമന്ത്രി പിണറായി വിജയനെയോ തള്ളിപ്പറയില്ലെന്ന് ജലീൽ തറപ്പിച്ചു പറഞ്ഞു. അൻവറിനു പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമാണെന്ന ആരോപണം പാർട്ടി ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാവാം.
പക്ഷേ, അൻവറിന് കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്നു പറയാൻ ജലീലിന് മനസു വരുന്നില്ല. ജലീൽ സ്വന്തം കാലിലല്ല, മറ്റുള്ളവരുടെ കാലിലാണ് നിൽക്കുന്നതെന്നാണ് ഇതിന് അൻവറിന്റെ മറുപടി. പുതിയ പാർട്ടി ഉണ്ടാക്കില്ലെന്ന് ആദ്യവും ഉണ്ടാക്കുമെന്ന് പിന്നീടും പറഞ്ഞ അൻവർ ഇനി എത്ര നാൾ സ്വന്തം കാലിൽ നിൽക്കുമെന്നാണ് അറിയേണ്ടത്. അൻവറിന്റെ കൈയും കാലും വെട്ടി പുഴയിലെറിയും എന്നൊക്കെ നിലമ്പൂരിൽ പ്രകടനം നടത്തിയ സി.പി.എം പ്രവർത്തകർ കൊലവിളിച്ചത് അന്നത്തെ ആവേശമായി കരുതിയാൽ മതി.
'പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല!" സി.പി.ഐയെ ഉദ്ദേശിച്ചാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച വാർത്ത പരന്നതു മുതൽ സി.പി.ഐയ്ക്ക് ഒറ്റ ഡിമാന്റേയുള്ളൂ. അജിത് കുമാറിനെ തൽസ്ഥാനത്തു നിന്ന് മാറ്റണം. തൃശൂർ പൂരം കലക്കലിനു പിന്നിലും ഇതേ എ.ഡി.ജി.പിയാണെന്ന ആരോപണം കൂടി പുറത്തു വന്നതോടെ പാർട്ടിക്കകത്ത് ആകെ പൊടിപൂരം. കണ്ടകശനി കൊണ്ടേ പോകൂ എന്ന് പറഞ്ഞതു പോലെ അൻവറിനെയും കൊണ്ടേ പോകൂ എന്ന വാശിയായി. ക്ഷമയുടെ നെല്ലിപ്പലക കണ്ടതാണ്. എ.കെ.ജി സെന്ററിന്റെ പടികൾ കയറിയിറങ്ങി ബിനോയ് വിശ്വത്തിന്റെ കാല് തേഞ്ഞു. 'അനിയാ നിൽ. അടുത്ത അന്വേഷണം കൂടി വരട്ടെ" എന്ന് വല്യേട്ടൻ പറഞ്ഞതുകൊണ്ട് തത്കാലം ക്ഷമിച്ചിരിക്കുന്നു. വരട്ടെ, നോക്കാം. സൂര്യൻ നാളെയും ഉദിക്കും. ഒന്നും അവസാന വാക്കല്ല!
കേരളത്തിലെ എല്ലാ പാർട്ടികളുടെയും ഉന്നത നേതാക്കൾ തമ്മിൽ കൂട്ടുകച്ചവടമാണെന്നാണ് പി.വി. അൻവർ എം.എൽ.എയുടെ കണ്ടുപിടിത്തം.സി.പി.എമ്മും ഇടതു മുന്നണിയുമായി മൊഴി ചൊല്ലി പിരിഞ്ഞ അദ്ദേഹം കേരളം വിട്ട് തമിഴ്നാട്ടിലെ ഡി.എം.കെയുമായി കൂട്ടുകൂടാൻ ആലോചിക്കുന്നത് അതുകൊണ്ടാണത്ര. ഇവിടെ പരസ്പരം മസിൽ പിടിച്ചുനിൽക്കുന്ന സി.പി.എമ്മും കോൺഗ്രസുമൊക്കെ അവിടെ ഭരണകക്ഷിയായ ഡി.എം.കെയുമായി കൂട്ടുമുന്നണിയാണല്ലോ.അവിടെ വല്യേട്ടൻ മുഖ്യമന്ത്രി സ്റ്റാലിന്റെ ഡി.എം.കെയാണല്ലോ. അത്തരമൊരു സഖ്യം തമിഴ്നാട്ടിലെ തന്റെ ബിസിനസിനും ഗുണം ചെയ്യും. ഒരു വെടിക്ക് രണ്ടു പക്ഷി.
വെറുതെ നിലമ്പൂരിലും മലപ്പുറത്തും കിടന്നു കറങ്ങിയിട്ട് എന്തു കാര്യം? എന്നുവച്ച് ഡി.എം.കെയുടെ വാലായി കേരളത്തിൽ ഒതുങ്ങിക്കൂടാനൊന്നുമല്ല മൂപ്പരുടെ പരിപാടി. എന്നാൽ ആ പേര് വിട്ടുകളയാനും വയ്യ. അതു കൊണ്ടാണ് തന്റെ പുതിയ പാർട്ടിക്ക് ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള (ഡി.എം.കെ) എന്ന പേര് കണ്ടുപിടിച്ചത്. 'അൻവർ അണ്ണൻ വാഴ്ക!" പക്ഷേ, കഥയുടെ ആന്റി ക്ളൈമാക്സിൽ, അൻവറിന്റെ ഡി.എം.കെയെ സ്റ്റാലിന്റെ ഡി.എം.കെ കൈവിട്ടുകളഞ്ഞെന്നാണ് റിപ്പോർട്ട്. അത് അൻവർ പ്രതീക്ഷിച്ചതല്ല. ഇനി, അടുത്ത 'മൂവ്മെന്റ്" ആലോചിക്കാം!
നുറുങ്ങ്:
75 വയസാകുമ്പോൾ പാർട്ടിയിൽ നിന്ന് വിരമിക്കണനെന്ന് ഒരു മാനിഫെസ്റ്റോയിലും പറഞ്ഞിട്ടില്ലെന്നും, ഈ നിബന്ധന ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കാലത്തായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നുവെന്നും മുൻമന്ത്രി ജി.സുധാകരൻ.
സി.പി.എമ്മിൽ ഇങ്ങനെ വിരമിച്ചവരിൽ ഇനിയും ഒരങ്കത്തിന് ബാല്യമുള്ളവർ ഏറെ!