
മഹായുദ്ധങ്ങളെ കുറിച്ച് കേട്ടു മാത്രം വളർന്ന പുതിയ തലമുറയ്ക്ക് യുദ്ധഭീകരത കാട്ടിത്തന്ന വർഷമാണിത്. മൂന്നാം ലോക മഹായുദ്ധത്തെയാണ് നമ്മൾ ഭയക്കുന്നത്. റഷ്യ- യുക്രെയിൻ യുദ്ധത്തിനിടെ, 2023 ഒക്ടോബർ 7ന് തുടങ്ങിയ ഗാസ - ഇസ്രയേൽ സംഘർഷത്തിന്, അധിനിവേശത്തിന് ഇന്ന് ഒരു വർഷമാകുകയാണ്.
പതിനായിരങ്ങൾ കൊല്ലപ്പെട്ടു. മരിച്ചതിനു തുല്യമായി ജീവിക്കുന്ന ജനത. ആശുപത്രികൾ, സ്‌കൂളുകൾ, അഭയാർത്ഥി ക്യാമ്പുകൾ തുടങ്ങി ഒരു നാടാകെ തുടച്ചുനീക്കപ്പെടുന്നു. കഴിഞ്ഞ വർഷം ഈ ദിവസം ഹമാസിന്റെ മിന്നലാക്രമണത്തിൽ 1,200 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർ ബന്ദികളാക്കപ്പെട്ടു. ഇതിന് ഇസ്രയേലിന്റെ തിരിച്ചടിയാണ് ഇന്ന് ലോക മഹായുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേയുടെ മുതൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ വരെ വധം തെളിയിക്കുന്നത് ഇസ്രയേൽ പിന്നോട്ടില്ല എന്നതാണ്.
ഇസ്രയേൽ യുദ്ധം ലെബനൻ, ഇറാൻ, സിറിയ, യെമൻ, ഇറാക്ക് എന്നീ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. പശ്ചിമേഷ്യയുടെ ഭൂരിഭാഗവും യുദ്ധഭീഷണിയിലായി. യുദ്ധം നീണ്ടാൽ ലോകത്തെ സാമ്പത്തിക- സാമൂഹിക- പാരിസ്ഥിതിക- മാനുഷിക പ്രത്യാഘാതങ്ങൾ രൂക്ഷമാകും. ഇസ്രയേലിന് പാശ്ചാത്യ രാജ്യങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക പിന്തുണ നിർണായകമാകും. സഖ്യകക്ഷിയായ യു.എസ് ഇറാനെതിരെ ആയുധമെടുക്കണമെന്നാണ് ഇസ്രയേലിന്റെ ആഗ്രഹം. ഇസ്രയേലിന് പിന്തുണയുമായി മെഡിറ്ററേനിയൻ കടലിലും ഒമാൻ ഉൾക്കടലിലും പടക്കപ്പലുകൾ വിന്യസിച്ച് അമേരിക്ക ഇറാനെതിരെ കച്ചമുറുക്കി നിൽക്കുകയാണ്. ഇസ്രയേലിന് നേരെ ഇറാൻ പ്രയോഗിച്ച മിസൈലുകളെ തകർക്കാൻ അമേരിക്കയും ഇന്റർസെപ്റ്റർ മിസൈലുകൾ വിക്ഷേപിച്ചിരുന്നു. ഹൂതികൾക്കെതിരെ ചെങ്കടലും അമേരിക്കയുടെ നിരീക്ഷണത്തിലാണ്.
ഒക്ടോബർ ഒന്നിന് ഇറാൻ 200 ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്. ഇതിന് ഇസ്രയേലിന്റെ തിരിച്ചടി ഏത് നിമിഷവും ഉണ്ടാകാം. ഇറാന്റെ ആണവകേന്ദ്രങ്ങളുൾപ്പെടെ ഇസ്രയേൽ ആക്രമിച്ചാൽ പ്രത്യാഘാതങ്ങൾ പ്രവചനാതീതമാവും. ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഗൾഫിലെ എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചാൽ അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവും. ചെങ്കടലും ഗൾഫും ഉൾപ്പെടെ സുപ്രധാന വ്യാപാര പാതകളിലും ഹോർമുസ് കടലിടുക്ക്, ബാബ് എൽമണ്ടേബ് തുടങ്ങിയ തന്ത്രപ്രധാനമായ ചെക്ക് പോയിന്റുകളിലുമുണ്ടാകുന്ന തടസം എണ്ണ വില കുതിച്ചുയരാൻ ഇടയാക്കും. അന്താരാഷ്ട്ര വ്യാപാരത്തെയും ആഗോള ഉത്പാദന, വിതരണ ശൃംഖലയെയും പ്രതികൂലമായി ബാധിക്കും.
യുദ്ധം തടയാൻ അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ പ്രമേയങ്ങൾക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. അന്താരാഷ്ട്ര സമൂഹത്തിൽ ഉത്തരവാദിത്വപ്പെട്ടവരായി നിൽക്കാനുള്ള കടമ എല്ലാവർക്കുമുണ്ട്. പക്ഷേ, വൻശക്തികൾ ചരിത്രപാഠങ്ങൾ അവഗണിക്കുകയാണ്. ഈ ഘട്ടത്തിൽ, മദ്ധ്യസ്ഥത വഹിക്കാമെന്ന ഇന്ത്യൻ നിലപാട് ശ്രദ്ധേയമാണ്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞതുപോലെ വിധി പോലെ വരട്ടെയെന്ന് കരുതാനാവില്ല. വിധി ലോകത്തിന്റെ തന്നെ അവസാനമാണെങ്കിലോ.