manaf

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി. അർജുന്റെയും മനാഫിന്റെയും കുടുംബങ്ങൾ തമ്മിൽ കണ്ടുമുട്ടി സംസാരിച്ചാണ് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയത്. മനാഫ് തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ലോറി ഉടമ മനാഫ്' എന്ന യുട്യൂബ് ചാനലിൽ അൽപം മുൻപ് പങ്കുവച്ച് വീഡിയോയിൽ ഇരു കുടുംബങ്ങളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളുണ്ട്. കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മനാഫ് ഉറപ്പ് നൽകി. കണ്ണാടിക്കലിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

മനാഫിനൊപ്പം കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൾ വാലി, സജിദ് എന്നിവർ ഉണ്ടായിരുന്നു. അർജുന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്. സഹോദരി ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവർ ചർച്ചക്കെത്തി. തെറ്റിദ്ധാണകൾ മാറിയെന്ന് ഇരൂകൂട്ടരും പറഞ്ഞു. പറയാനുദ്ദേശിച്ച കാര്യങ്ങളല്ല ആളുകൾ മനസിലാക്കിയതെന്ന് ജിതിൻ പറഞ്ഞു. തന്നെ വർഗീയ വാദിയായി ചിത്രീകരിക്കുന്നതിൽ വിഷമമുണ്ടെന്നും ജിതിൻ ചൂണ്ടിക്കാട്ടി.

അർജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്.