
പ്രായമായാലും സാമ്പത്തികമായി സുരക്ഷിതരായി ജീവിക്കുകയെന്നതാണ് എല്ലാവരുടെയും ആഗ്രഹം. അതിനായി ജോലിയിലിരിക്കുമ്പോൾ തന്നെ മിക്കവരും പലവിധത്തിലുളള നിക്ഷേപപദ്ധതികളുടെ ഭാഗമാകാറുണ്ട്. അത്തരത്തിൽ വാർദ്ധക്യകാലത്ത് മികച്ച തുക വരുമാനമായി ലഭിക്കുന്ന ഒരു നിക്ഷേപപദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്). പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിൽ വരുന്ന നിക്ഷേപപദ്ധതിയാണിത്.
ഈ പദ്ധതിയിലൂടെ പ്രതിമാസം ഒന്നരലക്ഷം രൂപ വരെ ലഭിക്കും. എങ്ങനെയെന്ന് നോക്കാം. 25-ാമത്തെ വയസ് മുതലാണ് നിങ്ങൾ എൻപിഎസിന്റെ ഭാഗമാകുന്നതെങ്കിൽ പെൻഷനായി ഒന്നരലക്ഷം രൂപ കിട്ടുന്നത് എങ്ങനെയെന്ന് നോക്കാം, 40 വർഷമാണ് പദ്ധതിയുടെ കാലാവധി. അതായത് 25 മുതൽ 65 വയസ് വരെ നിങ്ങൾ പദ്ധതിയിൽ നിക്ഷേപം നടത്തണം.
പ്രതിവർഷം ഏകദേശം പത്ത് ശതമാനം റിട്ടേൺ തുകയും എൻപിഎസിലൂടെ ലഭ്യമാകും. റിട്ടയർമെന്റ് സമയമാകുമ്പോൾ എകദേശം ആറ് ശതമാനം നിരക്കിലും റിട്ടേൺ തുകയും കിട്ടും. പ്രതിമാസമായോ വർഷികമായോ നിങ്ങൾക്ക് എൻപിഎസിന്റെ പലിശ സ്വന്തമാക്കാം. പ്രതിമാസത്തിൽ പലിശയിനത്തിൽ മാത്രം ഒന്നരലക്ഷം രൂപയും വർഷത്തിൽ 18 ലക്ഷം രൂപയും ലഭിക്കും. ആറ് ശതമാനം റിട്ടേൺ നിരക്കിലാണ് നിങ്ങൾ നിക്ഷേപം നടത്തുന്നതെങ്കിൽ പ്രതിമാസം ഒന്നരലക്ഷം രൂപ പെൻഷനായി ലഭിക്കും.
അതായത് പ്രതിമാസം 11,859 രൂപ വീതം പദ്ധതിയിൽ നിക്ഷേപിക്കണം. ഇത്തരത്തിൽ 40 വർഷം പദ്ധതിയിൽ നിക്ഷേപം നടത്തണം. എൻപിഎസിൽ നിക്ഷേപം നടത്തുന്നവർക്ക് ധാരാളം നികുതി ആനുകൂല്യങ്ങളും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. സെക്ഷൻ 80 സിസിഇ പ്രകാരം അവരുടെ ആകെ ശമ്പളത്തിന്റെ പത്ത് ശതമാനം നികുതി ആനുകൂല്യങ്ങൾ ലഭിക്കും.
എൻപിഎസിലൂടെ പ്രതിമാസം ഒരു ലക്ഷം രൂപ വീതം അക്കൗണ്ടിലെത്തും
21-ാം വയസിലാണ് പദ്ധതിയിൽ ചേരുന്നതെങ്കിൽ 39 വർഷം കൊണ്ട് മികച്ച വരുമാനം സ്വന്തമാക്കാവുന്നതാണ്. പ്രതിമാസം 8,700 രൂപയാണ് നിക്ഷേപിക്കേണ്ടത്. ഇത്തരത്തിൽ 60 വയസുവരെയാണ് നിക്ഷേപം നടത്തേണ്ടത്. പദ്ധതിയുടെ കാലയളവ് അവസാനിക്കുമ്പോൾ ആകെ നിക്ഷേപ തുകയുടെ പത്ത് ശതമാനം കൂടി നിക്ഷേപകന് അധികമായി ലഭിക്കും. അങ്ങനെ ആകെ 5,01,19,582 രൂപ നിക്ഷേപകന് സമ്പാദ്യമായി ലഭിക്കും.
എന്നാൽ കാലയളവ് അവസാനിക്കുന്നതോടെ ആകെ തുകയുടെ 60 ശതമാനം നിങ്ങൾ പദ്ധതിയിൽ നിന്ന് പിൻവലിച്ചാലും ബാക്കി 40 ശതമാനം സ്ഥിരനിക്ഷേപമാക്കി പദ്ധതിയിൽ തുടരാവുന്നതാണ്. ആകെ തുകയുടെ 60 ശതമാനം നിങ്ങൾക്ക് പിൻവലിച്ച് മറ്റ് നിക്ഷേപപദ്ധതിയിൽ ചേരാനാകും. 30,071,749 രൂപ നിക്ഷേപിക്കാവുന്നതാണ്. ഇതിൽ നിന്നും ആറ് ശതമാനം പലിശ ലഭിക്കും. ഇത്തരത്തിൽ പ്രതിമാസം ഒരു ലക്ഷം രൂപ പലിശയിനത്തിൽ മാത്രം നിങ്ങളുടെ കൈകളിലെത്തും.