
പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഇസ്രയേൽ -പാലസ്തീൻ സംഘർഷം, ഇന്നേയ്ക്ക് കൃത്യം ഒരു വർഷം മുമ്പാണ് ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തോടെ മറ്റൊരു വഷളായ ഘട്ടത്തിലേക്ക് വഴുതിവീണത്. 1973- നു ശേഷം ഇസ്രയേലിനെതിരെ നടന്ന ഈ ആക്രമണം ആ രാജ്യത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഏകദേശം 1200 പേർ കൊല്ലപ്പെട്ടു; 240 ഇസ്രയേലികൾ ബന്ദികളായി; 70,000ത്തോളം ഇസ്രയേലികൾക്ക് വീടുവിട്ട് മറ്റു പ്രദേശങ്ങളിൽ അഭയം തേടിയേണ്ടിവന്നു.
ഈ കനത്ത പ്രഹരത്തിനുള്ള ഇസ്രയേലിന്റെ രൂക്ഷമായ പ്രത്യാക്രമണം വർഷമൊന്നു കഴിയുമ്പോഴും തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഇതുവരെ ഏകദേശം 41,000 പാലസ്തീനികൾ കൊല്ലപ്പെട്ടു; ഗാസയുടെ മൂന്നിൽ രണ്ട് പ്രദേശങ്ങളും താറുമാറാക്കപ്പെട്ടു; അവിടത്തുകാരുടെ പലായനം വൻതോതിൽ നടന്നുകൊണ്ടിരിക്കുന്നു. പക്ഷേ ഇപ്പോൾ യുദ്ധം ഇറാൻ, ലെബനൻ, യമൻ എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തിരിക്കുന്നു. ആക്രമണ പ്രത്യാക്രമണങ്ങൾ കൊടുമ്പിരിക്കൊള്ളുമെന്നും സംഘർഷാവസ്ഥ പശ്ചിമേഷ്യയാകെ പടർന്നു പിടിക്കുമെന്നുമുള്ള ആശങ്കയിലാണ് ലോകം.
ബാധിക്കുന്നത്
ഇന്ത്യയെയും
രാജ്യങ്ങൾ അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്ന ഒരു ആഗോളക്രമത്തിൽ പശ്ചിമേഷ്യയിലെ കലുഷിതാവസ്ഥ ലോകത്തെയാകെ ബാധിക്കുമെങ്കിലും, അതിന്റെ ആഘാതം വലിയ തോതിൽ വന്നുഭവിക്കാവുന്ന പ്രദേശമാണ് ഇന്ത്യ. ലോകത്തെ അസംസ്കൃത എണ്ണ ലഭ്യതയുടെ മൂന്നിലൊന്ന് നൽകിക്കൊണ്ടിരിക്കുന്നതും എണ്ണ വിഭവത്തിന്റെ രണ്ടിലൊന്നും പേറുന്നതുമായ പ്രദേശമാണ് പശ്ചിമേഷ്യ. അതിനാൽ യുദ്ധത്തിന്റെ പാർശ്വഫലം ആദ്യം പതിക്കുന്നത് എണ്ണവിലയിലാകും.
ഇസ്രായേലിന്മേലുള്ള ഇറാന്റെ മിസൈൽ ആക്രമണം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ ആഗോളതലത്തിൽ എണ്ണവില 9 ശതമാനം ഉയർന്ന് വീപ്പയ്ക്ക് 77 ഡോളർ എന്ന നിലയിലെത്തി. എണ്ണ ഉപഭോഗത്തിന്റെ 90 ശതമാനത്തോളം ഇറക്കുമതിയിലൂടെ നിർവഹിക്കുകയും അതിന്റെ 44.6 ശതമാനം പശ്ചിമേഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ ഇന്ത്യയ്ക്ക് യുദ്ധം നീണ്ടുപോയാലുള്ള ഭാരം ചെറുതായിരിക്കുകയില്ല. ക്രൂഡ് ഓയിലിന് കൂടുതൽ വില കൊടുക്കേണ്ടതിനൊപ്പം അവ കൊണ്ടുവരുന്ന ഹോർമോസ് കടലിടുക്കും, ചെങ്കടലും സംഘർഷ മേഖലയിലായതിനാൽ, അവ വെടിഞ്ഞ് ചരക്കുനീക്കത്തിനായി മറ്റ് റൂട്ടുകൾ തേടേണ്ടി വരുകയും അത് കടത്തുകൂലി വർദ്ധിക്കുന്നതിന് ഇടയാക്കുകയും ചെയ്യും. ഇപ്രകാരമൊക്കെ ഇന്ധനവില ഉയരുന്നത് അവിടെ മാത്രം ഒതുങ്ങി നിൽക്കില്ല. സർവവ്യാപിയായ എണ്ണയുടെ വിലമാറ്റം പൊതു വിലക്കയറ്റത്തിനും തിരികൊളുത്തും.
ലോകത്തെ 195 രാജ്യങ്ങളിൽ 182 എണ്ണത്തിലും ഇന്ത്യക്കാർ പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ ലോകത്തെവിടെ സംഘർഷമുണ്ടായാലും അത് ഇന്ത്യക്കാരെ ബാധിക്കുന്ന അവസ്ഥയാണ്. അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് ഏകദേശം 25,000 ഇന്ത്യക്കാർ വസിക്കുന്ന പ്രദേശമാണ് ഇസ്രായേൽ; അവരിൽത്തന്നെ 7000--8000 പേർ കേരളീയരുമാണ്. ഇന്ത്യയിലെ പല കമ്പനികളും പ്രവർത്തിക്കുന്ന ഇടം കൂടിയാണ് ആ രാജ്യം. അദാനി പോർട്ട്സ്, ടൈറ്റൻ, ടി.സി.എസ്, വിപ്രോ, ഇൻഫോസിസ്, കല്യാൺ ജ്വല്ലേഴ്സ്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എന്നിങ്ങനെ പതിനാലോളം വലിയ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള നാടാണ് ഇസ്രായേൽ. ഇറാനിൽ വസിക്കുന്നത് 4000 ഇന്ത്യക്കാരാണ്.
ഇന്ത്യ സമാധാന
വാഹകരാകണം
പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയിലെ ഓഹരി വിപണികളിലെ നിക്ഷേപങ്ങളെയും സാരമായി ബാധിച്ചിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഓഹരിവില സൂചികയിലുണ്ടായ ഇടിവ് 4.5 ശതമാനമാണ്. അതിലൂടെ നിക്ഷേപകർക്ക് ഉണ്ടായ നഷ്ടം 16.6 ലക്ഷം കോടി രൂപയാണ്. വിദേശ നിക്ഷേപകർ ഓഹരി വിറ്റ് കൊണ്ടുപോയത് 37,000 കോടി രൂപയുടെ നിക്ഷേപം ആയിരുന്നു. അതുപോലെതന്നെ, ഇന്ത്യയുമായി തരക്കേടില്ലാത്ത വ്യാപാരബന്ധമുള്ള നാടുകളാണ് ഇസ്രായേലും ഇറാനും. ഇസ്രായേലുമായി ഇന്ത്യയുടെ കൊടുക്കൽ -വാങ്ങൽ 2022-23 ൽ 653 കോടി രൂപയുടേതായിരുന്നു. ഇറാനുമായുള്ളത് 311 കോടി ഡോളറിന്റെ വ്യാപാരമാണ്. രണ്ടു രാജ്യങ്ങളിലും നമ്മുടെ കയറ്റുമതി അവിടെ നിന്നുള്ള ഇറക്കുമതിയേക്കാൾ ഉയർന്നതുമാണ്.
ചുരുക്കത്തിൽ, അനേകായിരം മനുഷ്യജീവനെടുക്കുകയും, വമ്പൻ നാശനഷ്ടങ്ങൾ വരുത്തുകയും, നമ്മളടക്കം മറ്റു രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സംഘർഷമായതിനാൽ അത് മൂർച്ഛിക്കാതെ നോക്കേണ്ടതുണ്ട്. സമാധാനത്തിനായി ഇടപെടാൻ കഴിയുന്ന രാജ്യം ഇന്നത്തെ സാഹചര്യങ്ങളിൽ ഇന്ത്യയാണ്. ഐക്യരാഷ്ട്രസഭ പല്ലുകൊഴിഞ്ഞ സിംഹമായിട്ട് നാളേറെയായി. നിയന്ത്രിക്കാൻ കഴിയുന്ന ശക്തിയായ അമേരിക്ക ഇസ്രായേലിന്റെ ബലപ്പെട്ട സഹായിയായി നിൽക്കുന്നു. പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുവന്ന അറബ് രാജ്യങ്ങളിൽ പലതും, അവരുടെ സ്വാർത്ഥ താത്പര്യത്താൽ മൗനത്തിലുമാണ്.
എന്നാൽ ഇക്കാര്യത്തിൽ ഇടപെടാനുള്ള യോഗ്യത പല കാരണങ്ങളാലുമുള്ള രാജ്യമാണ് ഇന്ത്യ. പരമ്പരാഗതമായി രാഷ്ട്രീയമായും സാമൂഹികമായും നമുക്ക് നല്ല ബന്ധമുള്ള പ്രദേശമാണ് പശ്ചിമേഷ്യ. 90 ലക്ഷം ഇന്ത്യക്കാർ വസിക്കുന്ന പ്രദേശമാണിത്. ഇസ്രായേലുമായി നമ്മുടെ ഇപ്പോഴത്തെ ഭരണകൂടത്തിന് നല്ല ബന്ധവുമുണ്ട്. അമേരിക്കയുടെ ഉപരോധമുണ്ടെങ്കിലും ഇറാനിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇക്കാരണങ്ങളാൽ യുക്രെയിൻ യുദ്ധത്തിൽ പരിഹാരത്തിനായി നമ്മുടെ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതു പോലെ പശ്ചിമേഷ്യയിലും, ഉന്നത ഇടപെടൽ ആവശ്യമാണ്. ഇപ്പോഴത്തെ സംഘർഷം ശമിപ്പിക്കുന്നതിനും, അതു വിജയിച്ചാൽ ഇസ്രായേൽ-പാലസ്തീൻ പ്രശ്നത്തിന്റെ ശാശ്വത പരിഹാരമായി അന്താരാഷ്ട്രതലത്തിൽ നിർദ്ദേശിക്കപ്പെട്ട 'ഇരു രാഷ്ട്ര" സിദ്ധാന്തം നടപ്പിലാക്കാനും ഇന്ത്യയ്ക്ക് ശ്രമിക്കാവുന്നതാണ്.