tomatoes

എല്ലാവീടുകളിലും നാം ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി. എപ്പോഴും ആവിശ്യം ഉള്ളത് കൊണ്ട് തന്നെ കൂടുതൽ തക്കാളി വാങ്ങി സൂക്ഷിക്കുന്നവരാണ് എല്ലാവരും. എന്നാൽ വളരെ പെട്ടെന്ന് തക്കാളി ചീത്തയായി പോകുന്നതാണ് ഒരു പ്രധാന പ്രശ്നം. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും ദിവസങ്ങൾക്കുള്ളിൽ തക്കാളി ചീഞ്ഞുപോകും. ഇതിന് ഒരു പരിഹാരം അന്വേഷിക്കാത്തവരായി ആരുമില്ല. എന്നാൽ ചിലപ്പോൾ നമ്മൾ ചെയ്യുന്ന ചില തെറ്റുകളായിരിക്കാം തക്കാളി വേഗം ചീത്തയാവാൻ കാരണം. തക്കാളി സൂക്ഷിക്കുന്ന രീതിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ മതി. തക്കാളി ഏറെ ദിവസം ചീത്തയാവാതെ ഇരിക്കും.

വിനാഗിരി

ആദ്യം ഒരു വലിയ പാത്രം വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് തക്കാളി അതിൽ മുക്കി വയ്ക്കുക. പത്തുമിനിറ്റ് കഴിഞ്ഞ് വീണ്ടും തക്കാളി സാധാരണവെള്ളത്തിൽ കഴുകി തുടച്ചെടുക്കാം. ഇനി ഓരോ തക്കാളിയും എടുത്ത് പേപ്പറിൽ പൊതിഞ്ഞ് ഒരു ബൗളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.ഇത് തക്കാളി പെട്ടെന്ന് ചീത്തയാകുന്നത് തടയുന്നു.

മെഴുകുതിരി

തക്കാളി ഒരാഴ്ചയോളം ചീത്തയാവാതിരിക്കാൻ മെഴുകുതിരി സഹായിക്കുന്നു. അതിനായി ആദ്യം ഒരു തക്കാളി എടുത്തശേഷം അതിന്റെ ഞെട്ടിന്റെ ഭാഗം കളയണം. എന്നിട്ട് ഞെട്ടിന്റെ ഭാഗത്ത് കുറച്ച് മെഴുകുതിരി ഉരുക്കി ഒഴിക്കുക. ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ തക്കാളി എടുത്ത് മെഴുകുതിരി ഇളക്കിമാറ്റി കഴുകി കറിക്ക് ഉപയോഗിക്കാം.

ഉപ്പ്

ഒരു ബോക്സിലേക്ക് ടിഷ്യു പേപ്പർ മടക്കി വച്ചതിന് ശേഷം അതിലേയ്ക്ക് കുറച്ച് പൊടിയുപ്പ് വിതറിയിടാം. ഞെട്ടിന്റെ ഭാഗം ഉപ്പിൽ മുട്ടി നിൽക്കുന്ന പോലെ വേണം തക്കാളി ബോക്സിൽ വയ്ക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്നില്ല മാസങ്ങളോളം കിച്ചനിൽ കേടുകൂടാതെയിരിക്കും.

മുകളിൽ പറയുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച ചില പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ഇത് കേരളകൗമുദി സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് വിദഗ്ധരുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്.