
സിനിമയിൽ കൃത്യമായി പ്രതികരിച്ചാൽ യാതൊരുവിധത്തിലുമുളള പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് തുറന്നുപറഞ്ഞ് നടി മൈഥിലി. തെലുങ്ക് സിനിമയിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. പാലേരിമാണിക്യം എന്ന ചിത്രത്തിന്റെ റീറിലീസുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മൈഥിലി തുറന്നുപറഞ്ഞത്.
'പാലേരിമാണിക്യത്തിനുശേഷം ഞാൻ ചെയ്ത എല്ലാ സിനിമകളും ഹിറ്റായിരുന്നു. എന്റെ പേരിൽ ഒരുപാട് തെറ്റായ വാർത്തകൾ വന്നിട്ടുണ്ട്. അതിനെച്ചൊല്ലി ഇരുപതോളം കേസുകൾ കൊടുത്തിട്ടുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെയാണ് കേസ് കൊടുത്തത്. വാർത്തകൾ വന്നപ്പോൾ എന്നോട് എല്ലാവരും പറഞ്ഞത് പ്രതികരിക്കണ്ടെന്നായിരുന്നു. അങ്ങനെ കുറേനാൾ മിണ്ടാതിരുന്നു. വീണ്ടും തെറ്റായ വാർത്തകൾ വരാൻ തുടങ്ങുകയായിരുന്നു. ഞാൻ ആത്മഹത്യ ചെയ്തു, മരിച്ചുവെന്ന തരത്തിലുളള വാർത്തകൾ വന്നിട്ടുണ്ട്.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അവരെ പിന്തുണയ്ക്കും. കാരണം ഇനി ഒരു സ്ത്രീക്കും അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാൻ പാടില്ലല്ലോ. സിനിമയിൽ മാത്രമല്ല ഇത്തരത്തിലുളള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. സിനിമ കളർഫുൾ ആയതുകൊണ്ടായിരിക്കും ഈ വാർത്തകൾ മാത്രം പുറത്തുവരുന്നത്. പലരും മോശമായി ചിത്രീകരിക്കുന്നുണ്ട്. ചിലപ്പോൾ അത് അവരുടെ ഉപജീവനമാർഗമായിരിക്കാം. അത് അവരുടെ സന്തോഷമായിരിക്കാം.
തെലുങ്കിൽ മൂന്ന് പ്രോജക്ടുകളുടെ കഥ കേൾക്കാൻ പോയി. മൂന്നും നല്ല സബ്ജക്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ഇന്നു മുതൽ ഞാൻ അയാളുടെ കാമുകിയാണെന്ന് പറഞ്ഞു. അയാൾ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. അതുകേട്ടപ്പോൾ ഞാൻ പേടിച്ചുപോയി. ആ സമയത്ത് എന്റെ കൈയിൽ ഒരു മോതിരമുണ്ടായിരുന്നു. എന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് ഞാൻ അയാളോട് പറഞ്ഞു.
എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമുളളതുകൊണ്ടാണ് കഥ കേൾക്കാൻ വന്നതെന്ന് ഞാൻ പറഞ്ഞു. എനിക്ക് എല്ലാം തരാമെന്നാണ് അയാൾ പറഞ്ഞത്. പക്ഷെ നിനക്ക് ഇനി കേരളത്തിൽ പോകാൻ സാധിക്കില്ലെന്ന് അയാൾ പറഞ്ഞു. ഞാൻ എന്നെ വിൽക്കാനല്ല ഇവിടെ വന്നതെന്നും കഥ കേൾക്കാനാണ് വന്നതെന്നും മറുപടി പറഞ്ഞു. അങ്ങനെ ഞാൻ തിരികെ വന്നു.
എല്ലാവരും തുറന്നുപറയണം. എത്രയോ ആത്മഹത്യകൾ നടക്കുന്നു. സംഭവിക്കുമ്പോൾ തന്നെ തുറന്നുപറയണം. അല്ലാതെ വർഷങ്ങൾ കഴിഞ്ഞിട്ടല്ല പറയേണ്ടത്. കെപിഎസി ലളിതാമ്മയെ പോലെ സിനിമയിൽ തുടരണമെന്നാണ് ആഗ്രഹം. കാരണം മരിക്കുന്ന അവസാന കാലം വരെയും സിനിമയിൽ അഭിനയിച്ച വ്യക്തിയാണ്'- മൈഥിലി പറഞ്ഞു.