arun

തിരുവനന്തപുരം: എഡിജിപി എം ആ‌ർ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രമായ മണക്കാട് മുത്താരിയമ്മൻ കോവിലിൽ നിന്ന് മൂന്ന് പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ പൂജാരി അറസ്റ്റിൽ. ഫോർട്ട് പൊലീസാണ് പൂജാരി അരുണിനെ അറസ്റ്റ് ചെയ്തത്. മാല, ഒരു ജോഡി കമ്മൽ, ചന്ദ്രക്കല എന്നിവയാണ് മോഷണം പോയത്.

ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളലിൽ വിഗ്രഹത്തിലെ ആഭരണങ്ങളിൽ പലതും കാണാതായെന്നും വ്യാജ ആഭരണങ്ങൾ പകരം വച്ചെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഭാരവാഹികളാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ അരുണാണ് സ്വർണം കവർന്നതെന്ന് കണ്ടെത്തുകയായിരുന്നു. പ്രതി വിഗ്രഹത്തിൽ ചാർത്തിയിരുന്ന വ്യാജ മാലയുടെ കണ്ണി പൊട്ടിയതിനെ തുടർന്നാണ് ക്ഷേത്ര ഭാരവാഹികൾ സ്വ‌ർണം പരിശോധിക്കുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകി.

മുൻപ് പൂന്തുറയിലെ ഒരു ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ കേസിൽ അരുണിനെ കസ്റ്റഡിയിൽ എടുത്തത് വിവാദമായിരുന്നു. പിന്നാലെ അരുണിനെ വിട്ടയച്ചു. പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹമോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് പൂജാരിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ നിന്ന് പോറ്റി അരുണിനെ പൂജയ്ക്കിടെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് വീണ്ടും അരുണിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്.