
പാകിസ്ഥാൻ 105/8(20), ഇന്ത്യ 108/4(18.5)
ഹർമൻപ്രീതിന് പരിക്ക്,ആശയ്ക്ക് ഒരുവിക്കറ്റ്
ദുബായ് : ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് തകർന്നുപോയ ഇന്ത്യൻ ടീം ഇന്നലെ രണ്ടാം മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ ആറുവിക്കറ്റിന് പറപ്പിച്ച് യു.എ.ഇയിൽ നടക്കുന്ന ഐ.സി.സി വനിതാ ട്വന്റി-20 ലോകകപ്പിൽ സെമി പ്രതീക്ഷകൾ വീണ്ടും തളിർപ്പിച്ചു.
ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന നിർണായകമത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻകാരികളെ നിശ്ചിത 20 ഓവറിൽ 105/8 എന്ന സ്കോറിൽ ഒതുക്കിയശേഷം ഏഴുപന്തുകളും ആറുവിക്കറ്റുകളും ബാക്കിനിൽക്കേയാണ് വിജയം കണ്ടത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ അരുന്ധതി റെഡ്ഡി,രണ്ട് വിക്കറ്റ് വീഴ്ത്തിയ ശ്രേയാങ്ക പാട്ടീൽ,ഓരോ വിക്കറ്റ് വീഴ്ത്തിയ മലയാളിതാരം ആശ ശോഭന,ദീപ്തി ശർമ്മ,രേണുക സിംഗ് എന്നിവരുടെ മികവിലാണ് ഇന്ത്യ പാകിസ്ഥാനെ കുറഞ്ഞസ്കോറിൽ ഒതുക്കിയത്. ഓപ്പണർ ഷെഫാലി വെർമ്മ(32), ക്യാപ്ടൻ ഹർമൻപ്രീത് കൗർ(29 റിട്ട.ഹർട്ട്), ജെമീമ റോഡ്രിഗസ് (23) എന്നിവരാണ് ചേസിംഗിൽ തിളങ്ങിയത്. വിജയത്തിന് ഒരു പന്തുമുമ്പ് സ്റ്റംപിംഗ് ഒഴിവാക്കാൻ ഡൈവ് ചെയ്യുന്നതിനിടെ ഹർമ്മൻപ്രീതിന് പരിക്കേറ്റ് മടങ്ങേണ്ടിവന്നത് മാത്രമാണ് മത്സരത്തിൽ ഇന്ത്യയെ ആശങ്കപ്പെടുത്തിയത്. രണ്ട് മലയാളി താരങ്ങൾ ഇന്നലെ ഇന്ത്യൻ ലോകകപ്പ് ടീമിൽ ഒരുമിച്ച് ഇറങ്ങിയതും കൗതുകമായി. ആദ്യ മത്സരത്തിൽ ഒരുവിക്കറ്റ് വീഴ്ത്തിയിരുന്ന ആശ ഇന്നലെ പാകിസ്ഥാൻ ക്യാപ്‌ടന്റെ വിക്കറ്റാണ് വീഴ്ത്തിയത്. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സജനയ്ക്ക് ബാറ്റിംഗിന് അവസരം ലഭിച്ചില്ല.
ഇന്നലെ ടോസ് നേടിയിറങ്ങിയ പാകിസ്ഥാന്റെ ഗുൽ ഫിറോസയെ (0)ആദ്യ ഓവറിന്റെ അവസാനപന്തിൽതന്നെ ഡക്കാക്കി രേണുക സിംഗ് ആദ്യ പ്രഹരമേൽപ്പിച്ചിരുന്നു. തുടർന്ന് അഞ്ചാം ഓവറിൽ ദീപ്തി ശർമ്മ സിദ്ര അമിനെയും (8),ഏഴാം ഓവറിൽ അരുന്ധതി ഒമൈമ സൊഹൈലിനെയും (3) പുറത്താക്കിയതോടെ പാകിസ്ഥാൻ 33/3 എന്ന നിലയിലായി. അതുവരെ തട്ടിമുട്ടി നിന്ന് 17 റൺസെടുത്ത ഓപ്പണർ മുനീബ അലിയെ പത്താം ഓവറിൽ ശ്രേയാങ്ക പാട്ടീലിന്റെ പന്തിൽ റിച്ച സ്റ്റംപ് ചെയ്ത് പുറത്താക്കി. ശ്രേയാങ്കയുടെ ആദ്യ ലോകകപ്പ് വിക്കറ്റായിരുന്നു ഇത്. തുടർന്ന് നിദ ദർ (28) ഒരറ്റത്ത് പിടിച്ചുനിന്ന് പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ആലിയ റിയാസ് (4) 13-ാം ഓവറിൽ അരുന്ധതിക്ക് ഇരയായി. 14-ാം ഓവറിന്റെ അവസാന പന്തിലാണ് ആശ ഫാത്തിമ സനയെ
(13)കീപ്പർ റിച്ചയുടെ കയ്യിലെത്തിച്ചത്. അവസാന ഓവറിൽ അരുന്ധതിയാണ് നിദയെ പുറത്താക്കിയത്.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മാൻഥനയെ (7) അഞ്ചാം ഓവറിൽ നഷ്ടമായെങ്കിലും ഷെഫാലിയും ജെമീമയും പിടിച്ചുനിന്നത് കരുത്ത് പകർന്നു.12-ാം ഓവറിൽ ടീം സ്കോർ 61ൽ എത്തിച്ചശേഷമാണ് ഷെഫാലി മടങ്ങിയത്.16-ാം ഓവറിൽ ടീം സ്കോർ 80ൽ നിൽക്കേ അടുത്തടുത്ത പന്തുകളിൽ ഫാത്തിമ സന ജമീമയേയും റിച്ചയേയും (0) കീപ്പറുടെ കയ്യിലെത്തിച്ചെങ്കിലും ഹർമ്മൻപ്രീത് ക്രീസിലുണ്ടായിരുന്നതിനാൽ ഇന്ത്യ പതറിയില്ല. നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അരുന്ധതി റെഡ്ഡിയാണ് പ്ളേയർ ഒഫ് ദ മാച്ച്. ബുധനാഴ്ച ശ്രീലങ്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.