
ആദ്യ ട്വന്റി-20യിൽ ബംഗ്ളാദേശിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ
ഗ്വാളിയർ : വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായ ഗ്വാളിയറിൽ ബൗളർമാരുടെ തേരോട്ടത്തിലൂടെ ഏഴുവിക്കറ്റ് വിജയം നേടി ഇന്ത്യ. ഇന്നലെ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശിനെ 19.5 ഓവറിൽ 127 റൺസിന് ആൾഔട്ടാക്കുകയായിരുന്നു ഇന്ത്യ. മറുപടിക്കിറങ്ങി 11.5 ോവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ പേസർ അർഷ്ദീപ് സിംഗും സ്പിന്നർ വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും വാഷിംഗ്ടൺ സുന്ദറും അരങ്ങേറ്റക്കാരൻ മയാങ്ക് യാദവും ചേർന്നാണ് ബംഗ്ളാദേശിനെ ചുരുട്ടിയത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ(29),നായകൻ സൂര്യകുമാർ യാദവ്(29),ഹാർദിക് പാണ്ഡ്യ (39*) എന്നിർ ചേർന്ന് 49 പന്തുകൾ ബാക്കിയാക്കി ജയം കണ്ടു
തീപ്പൊരിയായി
അർഷ്ദീപ്
ആദ്യ പത്തോവറിൽ 65 റൺസെടുക്കുന്നതിനിടെ ബംഗ്ളാദേശിന് നഷ്ടമായത് അഞ്ചുവിക്കറ്റുകളാണ്. ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ ടീം സ്കോർ അഞ്ചിൽ നിൽക്കവേ ലിട്ടൺ ദാസിനെ(4) റിങ്കു സിംഗിന്റെ കയ്യിലെത്തിച്ച് അർഷ്ദീപ് സിംഗാണ് വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ പർവേസ് ഹൊസൈന്റെ(8) സ്റ്റംപ് പിഴുത അർഷദീപ് സന്ദർശകരെ 14/2 എന്ന നിലയിലാക്കി. തുടർന്ന് നായകൻ നജ്മുൽ ഹുസൈൻ ഷാന്റോയും(27) തൗഹീദ് ഹൃദോയ്‌യും(12) ചേർന്ന് പതിയെ മുന്നോട്ടുനീങ്ങിയെങ്കിലും ഏഴാം ഓവറിൽ തൗഹീദിനെ ഹാർദിക്കിന്റെ കയ്യിലെത്തിച്ച് വരുൺ ചക്രവർത്തി സഖ്യം പൊളിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ കുപ്പായമണിഞ്ഞതായിരുന്നു വരുൺ. തന്റെ ആദ്യ ഓവർ മെയ്ഡനാക്കി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച മയാങ്ക് തന്റെ അടുത്ത ഓവറിൽ ആദ്യ വിക്കറ്റും വീഴ്ത്തി. മഹ്മൂദുള്ളയെ(1) വാഷിംഗ്ടൺ സുന്ദറിന്റെ കയ്യിലെത്തിക്കുകയായിരുന്നു മയാങ്ക്. പത്താം ഓവറിൽ വരുൺ ജാക്കർ അലിയെ(8) ക്ളീൻ ബൗൾഡാക്കിയതോടെ ബംഗ്ളാദേശ് 57/5 എന്ന നിലയിലായി.
12 ഓവറിൽ ടീം സ്കോർ 75ൽ എത്തിയപ്പോൾ അതുവരെ പൊരുതിനിന്ന നായകൻ നജ്മൽ ഹൊസൈൻ ഷാന്റോയേയും ബംഗ്ളാദേശിന് നഷ്ടമായി. 25 പന്തുകളിൽ ഓരോ ഫോറും സിക്സുമടിച്ച ഷാന്റോയെ വാഷിംഗ്ടൺ സുന്ദർ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. തുടർന്ന് 32 പന്തുകളിൽ 35 റൺസുമായി മെഹ്ദി ഹസൻ പൊരുതിനിന്നപ്പോൾ ബാക്കിയുള്ള വിക്കറ്റുകൾകൂടി ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടു.
ഓപ്പണറായി സഞ്ജു
ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം സ്ഥിരമാക്കാനുള്ള അവസരമായി മത്സരത്തെകണ്ട് ഓപ്പണറായി ഇറങ്ങാൻ ലഭിച്ച അവസരം സഞ്ജു നന്നലെ മുതലാക്കിയെന്നുവേണം പറയാൻ. ഏഴുപന്തിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം 16 റൺസ് നേടിയ സഹ ഓപ്പണർ അഭിഷേക് ശർമ്മ രണ്ടാം ഓവറിൽ റൺഔട്ടായപ്പോൾ ക്യാപ്ടൻ സൂര്യകുമാറിനൊപ്പം രണ്ടാം വിക്കറ്റിൽ 40 റൺസ് കൂട്ടിച്ചേർത്ത് സഞ്ജു വിജയത്തിന് അടിത്തറയിട്ടു.19 പന്തുകളിൽ ആറ് ബൗണ്ടറികളടക്കം 29 റൺസ് നേടിയ സഞ്ജു എട്ടാം ഓവറിൽ ടീം സ്കോർ 80ൽ നിൽക്കുമ്പോഴാണ് പുറത്തായത്. 14 പന്തുകളിൽ രണ്ട് ഫോറുകളും മൂന്ന് സിക്സുകളും നേടിയ സൂര്യ ആറാം ഓവറിൽ മടങ്ങിയിരുന്നു. തുടർന്നാണ് ഹാർദിക് 16 പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സുമടക്കം 39 റൺസുമായി പുറത്താകാതെ വിളയാടിയത്.
നിതീഷിനും മയാങ്കിനും അരങ്ങേറ്റം
ബംഗ്ളാദേശിനെതിരായ ആദ്യ ട്വന്റി-20യിലൂടെ രണ്ട് താരങ്ങളാണ്- നിതീഷ് കുമാർ റെഡ്ഡിയും മയാങ്ക് യാദവും ഇന്ത്യൻ ടീമിൽ അരങ്ങേറി.21കാരനായ ബാറ്റർ നിതീഷ് കഴിഞ്ഞ ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്.22കാരനായ പേസർ മയാങ്കും കഴിഞ്ഞ ഐ.പി.എല്ലിന്റെ കണ്ടെത്തലാണ്. ലക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി അതിവേഗത്തിൽ പന്തെറിഞ്ഞ് ശര്ദ്ധേയനായ മയാങ്ക് ഐ.പി.എല്ലിനിടെതന്നെ പരിക്കിന്റെ പിടിയിലായിരുന്നു. തുടർന്ന് ബാംഗ്ളുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പ്രത്യേക റിഹാബിലിറ്റേഷൻ പ്ളാൻ ഒരുക്കിയാണ് അധികം ഫസ്റ്റ്ക്ളാസ് പരിചയമില്ലാത്ത മയാങ്കിനെ ഇന്ത്യൻ ടീമിലേക്ക് എടുത്തത്. കരിയറിലെ ആദ്യ അന്താരാഷ്ട്ര ഓവർ മെയ്ഡനാക്കിയ മയാങ്ക് നാലോവറിൽ 21 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്.
2021 ലോകകപ്പിന് ശേഷം ആദ്യമായാണ് വരുൺ ചക്രവർത്തി ഇന്ത്യൻ ടീമിലെത്തുന്നത്.
സ്കോർ കാർഡ്
ബംഗ്ളദേശ് 127(20ഓവർ)
മെഹ്‌ദി ഹസൻ 35, ഷാന്റോ 27
അർഷ്ദീപ് 3/14, വരുൺ 3/31,മയാങ്ക് 1/21, വാഷിംഗ്ടൺ 1/12,ഹാർദിക് 1/26
ഇന്ത്യ 132/3(11.5)
സഞ്ജു സാംസൺ 29, സൂര്യകുമാർ 29, ഹാർദിക് പാണ്ഡ്യ 39*
മാൻ ഒഫ് ദ മാച്ച് : അർഷ്ദീപ് സിംഗ്
മൂന്ന് മത്സരപരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിൽ
രണ്ടാം ട്വന്റി-20 ബുധനാഴ്ച ന്യൂഡൽഹിയിൽ