
മുംബയ്: കോടികള്‍ സിനിമാ രംഗത്ത് നിന്ന് പ്രതിഫലം വാങ്ങുന്നവരാണ് നടന്മാര്. അഭിനയത്തിന് പുറമേ ബിസിനസ് മേഖലയിലും താരങ്ങള്‍ കൈവയ്ക്കാറുണ്ട്. ഒരു അധികവരുമാനം എന്ന നിലയിലാണിത്. ഒട്ടും വ്യത്യസ്തമല്ല ബോളിവുഡ് നടനും ബിഗ് ബി അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചന്റെ കാര്യവും. 280 കോടി രൂപയാണ് താരത്തിന്റെ ആകെ ആസ്തി. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിനിമാ രംഗത്ത് അത്ര സജീവമല്ല അഭിഷേക്. 2023 ല്‍ സ്പോര്‍ട്സ് ഡ്രാമയായ ഗൂമറിലാണ് അവസാനം അഭിഷേക് അഭിനയിച്ചത്.
താരത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നല്കുന്ന ഒരു തുകയുടെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ചര്‍ച്ചയാകുന്നത്. 18 ലക്ഷം രൂപയാണ് എസ്ബിഐ പ്രതിമാസം അഭിഷേകിന് നല്‍കുക. എന്നാല്‍ ഇത് പലിശയിനത്തില്‍ അല്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.
മുംബയിലെ ബച്ചന് കുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ജല്‍സയ്ക്ക് അടുത്തുള്ള അദ്ദേഹത്തിന്റെ ആഡംബര ഭവനങ്ങളായ അമ്മു, വാറ്റ്സ് എന്നിവയുടെ താഴത്തെ നില സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. ഈ പാട്ടക്കരാര്‍ 15 വര്‍ഷത്തേക്ക് നീളുന്നതാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന വാടകയിനത്തിലാണ് വലിയ തുക നടന് ലഭിക്കുക.
സാപ്കീ ഡോട്ട് കോം റിപ്പോര്‍ട്ട് പ്രകാരം അഭിഷേകും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള 15 വര്‍ഷത്തെ പാട്ടക്കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. അഭിഷേക് ബച്ചന് നിലവില്‍ 18.9 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്ന് പ്രതിമാസ വാടകയായി നേടുന്നത്.
അഞ്ച് വര്‍ഷത്തിന് ശേഷം പ്രതിമാസ വാടക 23.6 ലക്ഷം രൂപയായും പത്ത് വര്‍ഷത്തിന് ശേഷം 29.5 ലക്ഷം രൂപയായും വര്‍ദ്ധിപ്പിക്കാനുള്ള വ്യവസ്ഥകള്‍ പാട്ട കരാറില്‍ ഉള്‍പ്പെടുന്നു. കെട്ടിടത്തില്‍ 3,150 ചതുരശ്ര അടിയാണ് എസ്ബിഐക്ക് നല്‍കിയിരിക്കുന്നത്.