മാവേലിക്കര : മോഷണം തുടർക്കഥയായി മാറിയതോടെ ഭരണിക്കാവിൽ ജനങ്ങൾ ആശങ്കയിൽ. രാത്രിയിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ഭരണിക്കാവ് മഞ്ഞാടിത്തറ ചുങ്കത്തിൽ സുരേന്ദ്രന്റെ വീട്ടിൽ മോഷണം നടന്നു. വീട്ടിൽ ആരുമില്ലാതിരുന്നപ്പോഴായിരുന്നു മോഷണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സുരേന്ദ്രനൊപ്പമായിരുന്നു ഭാര്യ. മകൻ അദ്വൈത് സുരേന്ദ്രന്റെ സഹോദരിയുടെ വീട്ടിലാണ് രാത്രി കിടക്കുന്നത്. തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോകാനായി അദ്വൈത് വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. വീടിന്റെ മുൻ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. തൊട്ടുത്ത ദിവസങ്ങളിൽതന്നെ സമീപത്ത് രണ്ട് വീടുകളിൽ കൂടി മോഷണം നടന്നു.

മോഷണം തുടർക്കഥ

 കട്ടച്ചിറയിൽ കഴിഞ്ഞ മേയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് നാലു പവനും അരലക്ഷം രൂപയും കവർന്നിരുന്നു

 കോൺഗ്രസ് ഭരണിക്കാവ് മണ്ഡലം മുൻപ്രസിഡന്റ് കട്ടച്ചിറ ദിലീപ്‌ സദനത്തിൽ ദിലീപിന്റെ വീട്ടിലാണ് മോഷണം നടന്നത്

 പത്തനംതിട്ട ഇലന്തൂരിൽ സഹോദരീഭർത്താവിന്റകെ സംസ്‌കാരത്തിന് ദിലീപ് മക്കളെയും കൂട്ടി പോയപ്പോഴായിരുന്നു മോഷണം

 കട്ടച്ചിറ മണ്ണാരേത്ത് ഉണ്ണി, ചെറുമണ്ണിൽ ചൈത്രം വീട്ടിൽ ബാലരാമൻപിള്ള എന്നിവരുടെ വീടുകളിൽ സമാനരീതിയിൽമോഷണം ഒരുവർഷം മുമ്പ് നടന്നിരുന്നു

മോഷണം പതിവാകുന്ന സാഹചര്യത്തിൽ നാട്ടുകാർ ഭീതിയിലാണ്. ഇതിന് പരിഹാരം ഉണ്ടാക്കേണ്ടത് പൊലീസ് അധികാരികളാണ്

- കെ.എസ് ജയപ്രകാശ്, പഞ്ചായത്തംഗം, ഭരണിക്കാവ്