
തിരുവനന്തപുരം: കമ്മീഷനിംഗ് ഇനിയും കഴിഞ്ഞിട്ടില്ല, ഇപ്പോള്‍ പുരോഗമിക്കുന്നത് ട്രയല്‍ റണ്‍ മാത്രമാണ്. വിഴിഞ്ഞം കുതിക്കുകയാണ് അതും പ്രതീക്ഷിച്ചതിന്റെ പതിന്‍മടങ്ങ് വേഗതയില്‍. ജൂലായ് 12ന് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ സാന്‍ ഫെര്‍ണാന്‍ഡോ എന്ന കൂറ്റന്‍ മദര്‍ ഷിപ്പ് ആണ് ആദ്യമെത്തിയത്. മൂന്ന് മാസം പോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് അരലക്ഷം കണ്ടെയ്‌നറുകളുടെ നീക്കം എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് തുറമുഖം.
അടുത്ത വര്‍ഷം ഏപ്രില്‍ ആകുമ്പോഴേക്കും 64000 കണ്ടെയ്‌നറുകളുടെ നീക്കമാണ് വിഴിഞ്ഞത്ത് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വെറും മൂന്ന് മാസം തികയുന്നതിന് മുമ്പ് ലക്ഷ്യമിട്ടിതിന്റെ 75 ശതമാനം കൈവരിക്കാനായത് ചെറിയ നേട്ടമല്ല. ഇതുവരെ മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 15ല്‍ അധികം വെസലുകളാണ് വിഴിഞ്ഞം തീരത്ത് ബെര്‍ത്ത് ചെയ്തത്. ഇന്ത്യയില്‍ ബെര്‍ത്ത് ചെയ്തതില്‍ വച്ചേറ്റവും ആഴവും വീതിയും നീളവുമുള്ള കപ്പലുകളടക്കം വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 27ന് തീരത്ത് എത്തിയ എംഎസ്സി അന്നയില്‍ നിന്ന് മാത്രം കൈകാര്യം ചെയ്തത് 10,330 കണ്ടെയ്‌നറുകളാണ്. ഒരു ഇന്ത്യന്‍ തുറമുഖത്ത് ഒരു കപ്പലില്‍ നിന്ന് മാത്രമായി പൂര്‍ത്തിയാക്കിയ ഏറ്റവും വലിയ കണ്ടെയ്‌നര്‍ നീക്കങ്ങളില്‍ ഒന്നാണ് ഇത്. ട്രയല്‍ റണ്‍ കാലത്ത് തന്നെ വിഴിഞ്ഞത്തിന് ഈ നേട്ടം സ്വന്തമാക്കാനായത് ഭാവിയില്‍ പൂര്‍ണഘട്ടത്തിലെത്തുമ്പോള്‍ എത് ലെവലില്‍ നില്‍ക്കുമെന്നതിന്റെ സൂചനയാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യന്‍ സമുദ്ര ചരിത്രത്തിലെ തന്നെ നാഴികകല്ലായി വിഴിഞ്ഞം മാറുമെന്നും ഇന്ത്യയെ മാരിടൈം ലോകത്ത് അടയാളപ്പെടുത്തുക വിഴിഞ്ഞമായിരിക്കുമെന്നും നേരത്തെ തന്നെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടതാണ്. ഈ വര്‍ഷം ഡിസംബറോടെ തന്നെ വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് 1200 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത്. ഘട്ടംഘട്ടമായി അദാനി ഗ്രൂപ്പിന് പണം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.