chennai-metro

ചെന്നൈ: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. ചെന്നൈ മെട്രോയുടെ അതിവിപുലമായ രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയായി. മൂന്ന് ഇടനാഴികളിലായി 118 കിലോമീറ്റര്‍ ലെയിനാണ് രണ്ടാം ഘട്ടത്തില്‍ പണിയുന്നത്. 2027ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആകെ ചെലവ് 64,246 കോടി രൂപയാണ്.128 സ്റ്റേഷനുകളാണ് ഈ ഘട്ടത്തില്‍ പണിയുന്നത്. രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ചെന്നൈ മെട്രോയുടെ ആകെ ദൂരം 173 കിലോമീറ്ററായി ഉയരും. 54.1 കിലോമീറ്റര്‍ ലെയ്‌നില്‍ 18,544 കോടി രൂപയാണ് ഇതുവരെ പദ്ധതിക്കായി ചെലവാക്കിയത്.

50 കിലോമീറ്ററിനുള്ളിലാണ് മൂന്ന് ഇടനാഴികളിലായി 118 കിലോമീറ്റര്‍ ലെയിന്‍ പണിയുന്നത്. ഇതില്‍ മാധവാരം മുതല്‍ സിപ്‌കോട്ട് വരെയുള്ള 45.8 കിലോമീറ്ററാണ് ആദ്യത്തെ ലെയിന്‍. 50 സ്‌റ്റേഷനുകളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. ലൈറ്റ്ഹൗസ് മുതല്‍ പൂനമലെ ബൈപ്പാസ് വരെയുള്ള രണ്ടാം ലെയിന്‍ 26.1 കിലോമീറ്ററുണ്ടാകും ഈ ഭാഗത്തായി 30 സ്‌റ്റേഷനുകള്‍ പണിയും. മൂന്നാമത്തെ ഇടനാഴി മാധവാരം മുതല്‍ ഷോളിംഗനെല്ലൂര്‍ വരെയാണ്. 47 കിലോമീറ്റര്‍ ലെയിനില്‍ 48 സ്‌റ്റേഷനുകളാണുണ്ടാകുക.

നഗരത്തിന്റെ നാലു വശങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് രണ്ടാം ഘട്ട വികസനം നടക്കുക. നഗത്തിലെ പ്രധാന കേന്ദ്രങ്ങളായ മാധവാരം, പേരാമ്പൂര്‍, തിരുമല, അഡയാര്‍, ഷോളിംഗനല്ലൂര്‍, സിപ്കോട്ട്, കോടമ്പാക്കം, വടപളനി, പോരൂര്‍, വില്ലിവാക്കം, അണ്ണാനഗര്‍, സെന്റ് തോമസ് മൗണ്ട് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ ലെയ്‌നുകള്‍ നിര്‍മ്മിക്കുന്നത്. മെട്രോ വികസനം സംബന്ധിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് വിവരം അറിയിച്ചത്. ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു ഇത്.

രണ്ടാം ഘട്ടത്തിനായി 7425 കോടി അനുവദിക്കുന്ന കേന്ദ്രം 33,593 കോടിയുടെ വായ്പ സഹായവും തമിഴ്‌നാടിന് നല്‍കും. അതേസമയം സംസ്ഥാന സര്‍ക്കാരിന് ചെലവ് 22,228 കോടി രൂപയാണ്. പദ്ധതിക്ക് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നന്ദി അറിയിച്ചു. സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.