
കല്ലറ: കാട്ടുപന്നി ശല്യം കാരണം ഗ്രാമങ്ങളിൽ തരിശിടങ്ങൾ വർദ്ധിക്കുന്നു. നെൽക്കർഷകർ ഉൾപ്പെടെ പരമ്പരാഗത കർഷകർ കാർഷിക രംഗത്ത് നിന്ന് പിൻമാറി. ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി നീട്ടിയെങ്കിലും കർശനമായി നടപ്പാക്കാനാവാതെ തദ്ദേശസ്ഥാപനങ്ങൾ.ചില പഞ്ചായത്തുകൾക്ക് ഫണ്ടാണ് പ്രതിസന്ധിയെങ്കിൽ ഷൂട്ടർമാരെ കിട്ടാനില്ലാത്തതാണ് മറ്റിടങ്ങളിലെ പ്രശ്നം. കാട്ടുപന്നിക്കൂട്ടങ്ങൾ വിള നശിപ്പിക്കുകയും ജീവനെടുക്കുകയും ചെയ്യുമ്പോൾ നെട്ടോട്ടമോടുന്നത് കർഷകരാണ്. നൂറോളം പന്നികളെ കൊന്നൊടുക്കിയിട്ടുണ്ടെങ്കിലും ഇതിനേക്കാളേറെ പെറ്റുപെരുകി.
കാട്ടുപന്നികളുടെ എണ്ണത്തെ സംബന്ധിച്ച് വനംവകുപ്പിന്റെ കൈവശം കൃത്യമായ കണക്കില്ല.എന്നാൽ മൂന്ന് വർഷത്തിനിടെ പത്തിരട്ടിയിലേറെ കൂടിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. വളരെ വേഗത്തിൽ പെറ്റുപെരുകുന്നതിനാൽ കാട്ടുപന്നികളുടെ കണക്ക് ശേഖരിക്കുന്നത് പ്രായോഗികമല്ലെന്നാണ് വനംവകുപ്പ് സർക്കാരിനെ ബോധിപ്പിച്ചത്.
ഷൂട്ടർമാരെ തേടി
വെടിവച്ച് പന്നികളെ ഇല്ലാതാക്കുന്നത് എളുപ്പമല്ലാതായെന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികൾ പറയുന്നത്. ഷൂട്ടർമാരെ കിട്ടാനില്ലെന്ന് മാത്രമല്ല, വെടിവയ്ക്കാൻ പോകുമ്പോൾ പന്നി ഒരു സ്ഥലത്ത് നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കും. കുറെ ദൂരം യാത്ര ചെയ്യേണ്ടി വരുമെന്നതിനാൽ തോക്ക് ലൈസൻസുള്ളവർക്കും മടിയാണ്. പ്രതിഫലം കുറവായതിനാൽ ആരും മുന്നോട്ടുവരികയുമില്ല. തോക്ക് ലൈസൻസും വനംവകുപ്പിന്റെ പരിശീലനം ലഭിച്ചവർക്കും പന്നിയെ വെടിവയ്ക്കാം. ആയിരം രൂപയാണ് പ്രതിഫലം.
നാട്ടിൽ പെറ്റുപെരുകി
നാട്ടിൻപുറങ്ങളിലെ കുറ്റിക്കാടുകൾ കേന്ദ്രീകരിച്ച് കാട്ടുപന്നികൾ പ്രസവിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. നാട്ടിലിറങ്ങിയ പന്നികൾ കാട്ടിലേക്ക് മടങ്ങുന്നില്ല. നാട്ടിൽ ധാരാളം ഭക്ഷണവും വെള്ളവും ലഭിക്കുന്നതിനാൽ അനുകൂല സാഹചര്യമാണ്. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം വർഷങ്ങളായി കേന്ദ്രം പരിഗണിച്ചിട്ടില്ല. ജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലാൻ അനുമതി മാത്രമാണ് നൽകിയത്.
പേടിയില്ലാതെ
മുൻപ് രാത്രി കാലങ്ങളിൽ മാത്രമാണ് പന്നികൾ പുറത്ത് ഇറങ്ങിയിരുന്നങ്കിൽ ഇപ്പോൾ പട്ടാപ്പകലും ഇവ നാട്ടിൽ സജീവമാണ്.വാഴ,ചേന,ചേമ്പ്,മരിച്ചിനി തുടങ്ങി എല്ലാ കാർഷിക വിളകളും നശിപ്പിക്കുന്നു. നെൽവയലുകളിൽ ഇറങ്ങി നെല്ല് നശിപ്പിക്കുന്നതോടൊപ്പം,വരമ്പുകളും ഇടിച്ച് നശിപ്പിക്കുകയാണ്.
കാട്ടുപന്നികളിൽ നിന്ന് രക്ഷ നേടാൻ പുരയിടത്തിൽ ഫെൻസിംഗ് സ്ഥാപിക്കാൻ ലക്ഷണങ്ങൾ ചെലവ് വരും, കടം വാങ്ങിയും ലോണെടുത്തും കൃഷി ചെയ്യുന്നവർക്ക് ഇത് അപ്രാപ്യമാണ്. ഭൂമി തരിശിടുകയേ നിവർത്തിയുള്ളൂ.
പ്രദേശത്തെ കർഷകൻ