-rail-track

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റായ്‌ബറേലി ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് മൺകൂന കണ്ടെത്തിയത്. പാസഞ്ചർ ട്രെയിനിലെ ലൊക്കോ പെെലറ്റുമാരാണ് മൺകൂന കണ്ടത്. ഇതിനെ തുടർന്ന് വലിയ അപകടം ഒഴിവായി. രഘുരാജ് സിംഗ് സ്റ്റേഷന് സമീപം ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ട്രാക്കിൽ മൺകൂന കണ്ട ഉടൻ ലോക്കോ പെെലറ്റുകൾ റെയിൽവേ അധികൃതറെ കാര്യം അറിയിച്ചു. തുടർന്ന് അതുവഴി വന്ന ട്രെയിൻ തൽക്കാലം നിർത്തിവച്ച ശേഷം മണ്ണ് നിക്കുകയായിരുന്നു. ട്രാക്കിൽ മണ്ണ് ഉപേക്ഷിച്ചതായി കണ്ടെത്തിയെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് റോഡ് നിർമാണം നടക്കുന്നുണ്ടെന്നും ഇവിടെ നിന്ന് മണ്ണ് കയറ്റിവന്ന ഒരു ലോറി ഡ്രെെവർ രാത്രി അത് ട്രാക്കിൽ കൊണ്ട് വന്ന് ഇട്ടതാകാമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

സെപ്തംബറിൽ കാൺപൂരിലും ഇത്തരത്തിൽ ട്രെയിൻ അട്ടിമറി നടത്താൻ ശ്രമം നടന്നിരുന്നു. കാൺപൂർ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സംഭവം നടന്നത്. ഡൽഹി -ഹൗറ റെയിൽ പാതയിൽ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് ഗ്യാസ് സിലിണ്ടർ കണ്ടത്. ഒരു എക്സ്പ്രസ് ട്രെയിനിലെ ലോക്കോ പെെലറ്റാണ് അടുത്ത പാളത്തിൽ ഗ്യാസ് സിലിണ്ടർ കിടക്കുന്നത് കണ്ടത്. തുടർന്ന് അദ്ദേഹം കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.

പിന്നാലെ അതുവഴി വന്ന ഗുഡ്സ് ട്രെയിൻ നിർത്താൻ കൺട്രോൾ റൂം അറിയിപ്പ് നൽകുകയായിരുന്നു. ഇതോടെയാണ് വലിയ അപകടം ഒഴിവായി. സെപ്തംബർ എട്ടാം തീയതിയും ഇത്തരത്തിൽ ട്രാക്കിൽ നിന്ന് ഗ്യാസ് സിലിണ്ടർ കണ്ടെത്തിയിരുന്നു. കാൺപൂർ - കാസ്‌ഗഞ്ച് റൂട്ടിൽ ബർരാജ്‌പൂരിനും ബിൽഹൗസിനും ഇടയിലുള്ള മുണ്ടേരി ഗ്രാമത്തിലൂടെ പോകുന്ന റെയിൽവേ ട്രാക്കിലാണ് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്ക് പോകുന്നയായിരുന്നു കാളിന്ദി എക്സ്‌പ്രസ് ട്രെയിൻ ട്രാക്കിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലായിരുന്നു.

കഴിഞ്ഞ മാസം ഒമ്പതാം തീയതിയും രാജസ്ഥാനിലെ റെയിൽവേ ട്രാക്കിൽ 70 കിലോ വരുന്ന സിമന്റ് കട്ട കണ്ടെത്തിയിരുന്നു. ട്രാക്കിൽ സിമന്റ് കട്ട കണ്ടതിന് പിന്നാലെ ലോക്കോ പെെലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ കട്ടയുടെ മുകളിലൂടെ ട്രെയിൻ പാഞ്ഞുകയറിയാണ് നിന്നത്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം നടന്നത്. തുടരെ തുടരെ രാജ്യത്ത് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സംഭവങ്ങളിൽ അന്വേഷണം നടത്തിവരികയാണ്.