
വിചാരണ നടത്തി, ക്രിമിനൽ കേസ് പ്രതികളെ നിരപരാധിയെന്നു കണ്ട് കോടതി വിട്ടയയ്ക്കുന്നതാണ് സാധാരണ നിയമപ്രക്രിയ. എന്നാൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ, ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയുടെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചത് കോഴ നൽകിയും ഭീഷണിപ്പെടുത്തിയും മറ്റുമാണെന്ന് ആരോപിച്ച് സി.പി.എം സ്ഥാനാർത്ഥി വി.വി. രമേശൻ നൽകിയ കേസിൽ വിചാരണയ്ക്ക് മുമ്പു തന്നെ പ്രതികളെ വിചാരണ കോടതി കുറ്റവിമുക്തമാക്കിയതിനെ അപൂർവ നടപടിക്രമമായി കാണേണ്ടതുണ്ട്.
രമേശൻ നൽകിയ കേസിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ മാത്രമല്ല, പട്ടികജാതി/വർഗ അതിക്രമം തടയൽ നിയമമനുസരിച്ചുള്ള ഗുരുതര കുറ്റങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. പരാതിക്കാരന്റെ അഭിഭാഷകൻ അഡ്വ. സി. ഷുക്കൂറിനെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. സി. ഷുക്കൂർ യു.ഡി.എഫ് ഭരണകാലത്ത് കാസർകോട് ജില്ലാ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. കാസർകോട്ടെ പ്രമുഖ അഭിഭാഷകനും സി.പിഎം നേതാവുമായ അഡ്വ. എ.ജി നായർ സുന്ദരയ്ക്കുവേണ്ടിയും ഹാജരായി. ദിവസങ്ങളോളം നീണ്ടുനിന്ന വാദ പ്രതിവാദങ്ങൾക്കൊടുവിൽ കാസർഗോഡ് ജില്ലാ സെഷൻസ് കോടതി, കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളായ പ്രതികളെ വിചാരണ നടത്തേണ്ട യാതൊരു ആവശ്യവുമില്ലെന്നും കേസ് നിലനിൽക്കില്ലെന്നും കണ്ട് വിടുതൽ ഹർജി അനുവദിച്ച് കുറ്റവിമുക്തരാക്കുകയായിരുന്നു.
ബി.ജെ.പിയെയും കെ. സുരേന്ദ്രനെയും തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കേസിനാസ്പദമായ സംഭവങ്ങളെല്ലാം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച കെ.സുന്ദര, അതു പിൻവലിച്ചത് സ്വമേധയാ ആയിരുന്നു. ശബരിമല ആചാര സംരക്ഷണവുമായി കെ. സുരേന്ദ്രൻ നടത്തിയ സമരപരമ്പരകൾ സുന്ദരയെ സ്വാധീനിച്ചിരുന്നു. അതിനാൽ അദ്ദേഹം സ്ഥാനാർത്ഥിത്വം പിൻവലിക്കുകയും, ബി.ജെ.പിയിൽ അംഗമാവുകയുമാണ് ചെയ്തത്. അതിനിടെ, സുന്ദരയെ ബി.ജെ.പിക്കാർ തട്ടിക്കൊണ്ടുപോയി എന്ന് ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് സുധാകരൻ പൊലീസിൽ പരാതി നല്കിയെങ്കിലും, പത്രസമ്മേളനം നടത്തി സുന്ദര തീരുമാനം അറിയിക്കുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം സുരേന്ദ്രനെയും ബി.ജെ.പിയേയും തകർക്കാനുള്ള ഗൂഢാലോചന വീണ്ടും നടന്നതിന്റെ ഭാഗമായാണ് ഒരു പ്രമുഖ ചാനലിലൂടെ സുന്ദരയുടെ വെളിപ്പെടുത്തൽ എന്ന വാർത്ത ബ്രേക്ക് ചെയ്തത്. ഗൂഢാലോചനയുടെ ഫലമായി സുന്ദര മാദ്ധ്യമങ്ങളോട് അന്നു പറഞ്ഞത് സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം സുരേഷ്, അശോക് ഷെട്ടി എന്നീ ബി.ജെ.പി നേതാക്കന്മാരാണ് തനിക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പണവും മൊബൈൽ ഫോണും നൽകിയതെന്നാണ്. കെ.സുരേന്ദ്രൻ നേരിട്ട് എന്തെങ്കിലും ചെയ്തതായി സുന്ദര പറഞ്ഞിട്ടില്ല. പ്രധാന ആരോപണം, തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രന്റെ അപരൻ എന്ന നിലയിൽ സുന്ദരയുടെ സ്ഥാനാർത്ഥിത്വം വോട്ട് ചോർച്ചയ്ക്ക് കാരണമാകുമെന്ന് കരുതി കോഴ കൊടുത്ത് പത്രിക പിൻവലിപ്പിച്ചു എന്നതാണ്. സുരേന്ദ്രൻ എന്ന പേരിൽത്തന്നെ മറ്റൊരു സ്ഥാനാർത്ഥിയുണ്ടായിരുന്നെങ്കിലും അയാൾക്കു മേൽ ബി.ജെ.പി.യുടെ യാതൊരു സമ്മർദ്ദവും ഉണ്ടായിരുന്നുമില്ല!
വി.വി. രമേശന്റെ പരാതിയിൽ തിരഞ്ഞെടുപ്പ് കോഴ ആരോപണത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ (IPC) 171 E വകുപ്പു പ്രകാരമുള്ള ശിക്ഷാർഹമായ കുറ്റം മാത്രമാണ് ആരോപിച്ചതെങ്കിലും അത് നിലനിൽക്കില്ലെന്നു കണ്ട്, സുന്ദരയെ തടങ്കലിൽ പാർപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും ആരോപിച്ചുകൊണ്ടുള്ള ഗുരുതരമായ വകുപ്പുകൾ ചേർത്തതിനു പുറമെ, പട്ടികജാതി അതിക്രമം തടയൽ നിയമമനുസരിച്ചുള്ള വകുപ്പുകളും ചേർത്ത് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള ആറുപേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു. നിഷ്പക്ഷമായ അന്വേഷണത്തിനു പകരം പക്ഷപാതപരവും മുൻവിധിയോടു കൂടിയതുമായ അന്വേഷണമാണ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനെയും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിക്കുന്നതിൽ ഈ സർക്കാരിന്റെ സ്വജനപക്ഷപാതം കാണാൻ കഴിയും.
പബ്ലിക് പ്രോസിക്യൂട്ടർ നിഷ്പക്ഷനായ ആളായിരിക്കണമെന്നും അദ്ദേഹം പൊലീസിന്റെ അഭിഭാഷകനല്ല എന്നും സുപ്രീംകോടതി തന്നെ പല കേസുകളിൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതും സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചിട്ടുള്ളതാണ്. പക്ഷേ കെ. സുരേന്ദ്രനെതിരായുള്ള ഈ കേസിൽ പരാതിക്കാരനായ വി.വി. രമേശന്റെ അഭിഭാഷകനായ ഷുക്കൂറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി കേസിന്റെ തുടക്കത്തിൽ തന്നെ നിയമിച്ചു. നഗ്നമായ നിയമലംഘനമാണിത്. അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിലും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലും സർക്കാരിന്റെ പ്രത്യേക താത്പര്യം ഇതിലൂടെ പ്രകടമാണ്.
നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനു മുമ്പ് പത്രസമ്മേളനം നടത്തി സ്വന്തം ഇഷ്ടപ്രകാരമാണ് ബി.ജെ.പിയിൽ ചേരുന്നതെന്ന് സുന്ദര മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുള്ളതാണ്. പൊലീസ് അദ്ദേഹത്തിന്റെ ഒപ്പിട്ട മൊഴിയിലും ഇത് രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും മാസങ്ങൾക്കു ശേഷം ഇതിന് കടകവിരുദ്ധമായി മൊഴി നൽകിയപ്പോൾ പരിശോധിച്ച് വാസ്തവം കണ്ടെത്തേണ്ട ചുമതല അന്വേഷണ സംഘത്തിനുണ്ടായിരുന്നു. അതിനു പകരം ഭീഷണിപ്പെടുത്തി സുന്ദരയെക്കൊണ്ട് പരാതിക്കാരന്റെ താല്പര്യമനുസരിച്ച് മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തത്. മാത്രമല്ല, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ബദിയടുക്ക ഇൻസ്‌പെക്ടർക്കു മുമ്പാകെ രേഖപ്പെടുത്തിയ മൊഴി കോടതിയിൽ ഹാജരാക്കാതെ മറച്ചുവച്ചു. കെ. സുരേന്ദ്രൻ വിവരാവകാശ നിയമമനുസരിച്ച് സുന്ദരയുടെ മൊഴിപ്പകർപ്പ് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. വ്യാജ മൊഴി നൽകിയതിന് സുന്ദരയ്ക്ക് സി.പി.എം ഭരിക്കുന്ന ഇ.കെ നായനാർ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ സെക്യൂരിറ്റികാരനായി പിന്നീട് നിയമനവും ലഭിച്ചു.
കേസിൽ സി.പി.എം- ബി.ജെ.പി ഒത്തുകളിയാണെന്ന യു.ഡി.എഫിന്റെ ആരോപണത്തെ അവജ്ഞയോടെ തള്ളിക്കളയുന്നു. ബി.ജെ.പിയെ കുടുക്കാൻ യു.ഡി.എഫും എൽ.ഡി.എഫും ഒരു പോലെ ശ്രമിച്ചതാണ്. സുന്ദര പത്രിക പിൻവലിക്കാൻ വരണാധികാരിയുടെ ഓഫീസിൽ അപേക്ഷ സമർപ്പിച്ചപ്പോൾത്തന്നെ ഈ വിവരം ചോർന്ന് സുന്ദരയെ സമ്മർദ്ദത്തിലാക്കിയതും തുടർ സംഭവങ്ങളും അന്വേഷിക്കണം. ഏത് ഉദ്യോഗസ്ഥനാണ് ഇത് ചോർത്തിക്കൊടുത്തതെന്ന് വ്യക്തമാകേണ്ടതുണ്ട്. വ്യാജ വെളിപ്പെടുത്തൽ നൽകിയതും ഇതിനു പിന്നിലെ ഗൂഢാലോചനയും മറ്റും വെളിച്ചത്തു കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്.