navaratri

തിരുവിതാംകൂറിന്റെ നവരാത്രി ആഘോഷങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് നവരാത്രി എഴുന്നള്ളത്ത്. തമിഴ്‌നാട്ടിൽ നിന്ന് സരസ്വതി ദേവിയും, കുമാരസ്വാമിയും, മുന്നൂറ്റിനങ്കയുമാണ് (മുൻ ഉദിച്ച നങ്ക) നവരാത്രികാലത്ത് തിരുവനന്തപുരത്തേക്ക് എഴുന്നള്ളുന്നത്. സാധാരണ സരസ്വതി സ്വരൂപങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നതാണ് പദ്‌മനാഭപുരത്തെ തേവാരക്കെട്ടിൽ നിന്ന് പൂജവയ്‌പ്പിനായി എഴുന്നള്ളിക്കുന്ന സരസ്വതീ വിഗ്രഹം. അക്ഷമാലയും പുസ്തകവും വീണവായിക്കുന്ന രൂപവുമാണ് സാധാരണയായി സരസ്വതീ വിഗ്രഹങ്ങൾക്കെങ്കിൽ, അതിൽ നിന്ന് വ്യത്യസ്തമായി തേവാരക്കെട്ട് സരസ്വതിയിൽ വീണാ വാദ്യം കാണാൻ കഴിയുകയില്ല. പകരം, അക്ഷമാലയും ജ്ഞാനമുദ്ര‌യും അമൃതകുംഭവും പുസ്തകവുമാണ് ദേവിയുടെ കൈയിലുള്ളത്. ലിപി സരസ്വതി എന്നാണ് ഈ വിഗ്രഹം അറിയപ്പെടുന്നത്.

lipi-saraswathi

തന്ത്ര ശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യമുള്ള ദേവതയാണ് ലിപി സരസ്വതി. ലിപിന്യാസ ക്രിയയിൽ സാധകൻ ആദ്യമായി പ്രാർത്ഥിക്കുന്ന ദേവതയാണ് ലിപി സരസ്വതി. 50 വിഭിന്ന വർണങ്ങളെ കൊണ്ട് കൽപിക്കപ്പെട്ട മുഖവും, കൈകളും പാദങ്ങളും ഉദരവും വക്ഷസും ചേർന്ന ദേഹത്തോടു കൂടിയവളായാണ് ദേവിയെ സങ്കൽപ്പിക്കുന്നത്. ജടയിൽ ചന്ദ്രക്കല, മുല്ലപ്പൂ പോലെ വെളുത്ത നിറം, മൂന്ന് കണ്ണുള്ളവളും താമരപ്പൂവിൽ ഇരിക്കുന്നവളും വലിയ സ്തനങ്ങളോടു കൂടിയവളുമായാണ് ദേവിയുടെ രൂപത്തെ വർണിച്ചിരിക്കുന്നത്.

തമിഴ് കവിയായ കമ്പർ പൂജിച്ചിരുന്ന വിഗ്രമാണ് തേവാരക്കെട്ടിലെ ലിപി സരസ്വതി വിഗ്രഹം എന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ട്.