
ഏത് പ്രായക്കാരെയും അലട്ടുന്ന പ്രശ്‌നമാണ് നര. ഇതിന് പരിഹാരമായി ഭൂരിഭാഗം പേരും കെമിക്കൽ ഡൈ ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ, ദീർഘനാളത്തെ കെമിക്കൽ ഡൈ ഉപയോഗം കാരണം നിങ്ങളുടെ മുടിക്ക് ബലം കുറയുകയും പെട്ടെന്ന് പൊട്ടിപ്പോവുകയും ചെയ്യുന്നു. മാത്രമല്ല, ചിലരിൽ അലർജി പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. അതിനാൽ, വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു നാച്വറൽ ഡൈയെക്കുറിച്ച് അറിയാം. ഈ ഡൈക്ക് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയ്യാറാക്കേണ്ട വിധവും നോക്കാം.
ആവശ്യമായ സാധനങ്ങൾ
കടുക് - 4 ടേബിൾസ്‌പൂൺ
സവാളയുടെ തൊലി - 5 എണ്ണത്തിന്റേത്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഇരുമ്പ് പാത്രത്തിൽ കടുക് ചൂടാക്കണം. നല്ല കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കിയെടുക്കുക. ഇത് തണുക്കാനായി മാറ്റി വയ്ക്കണം. ശേഷം സവാളയുടെ തൊലിയും ഇരുമ്പ് പാത്രത്തിൽ ചൂടാക്കി കരിച്ചെടുക്കുക. ഇതും തണുക്കാനായി മാറ്റി വയ്‌ക്കണം. തണുക്കുമ്പോൾ മിക്‌സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. പ്രത്യേകം വേണം പൊടിച്ചെടുക്കാൻ. ശേഷം സവാളത്തൊലി പൊടിച്ചത് നന്നായി അരിച്ചെടുക്കണം. ഇതിലേക്ക് കടുക് പൊടിച്ചതും വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക.
ഉപയോഗിക്കേണ്ട വിധം
നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. ശേഷം ഒന്നോ രണ്ടോ മണിക്കൂർ വയ്‌ക്കുക. ഉണങ്ങുമ്പോൾ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഒരു മാസം വരെ കറുത്ത നിറം മുടിയിലുണ്ടാകും.