
കോഫി ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട പാനീയമാണ് കോൾഡ് കോഫി. കടകളിൽ നിന്ന് വാങ്ങി കുടിക്കുന്നതിനേക്കാൾ മികച്ച രീതിയിൽ നമുക്ക് വീട്ടിൽ തന്നെ കോൾഡ് കോഫി തയ്യാറാക്കാവുന്നതാണ്. കടകളിൽ ഓർഡർ ചെയ്ത് കാത്തിരിക്കേണ്ടി വരുന്ന കുറഞ്ഞ സമയത്തിനുളളിൽ നമുക്ക് കോൾഡ് കോഫി തയ്യറാക്കാം, വെറും അഞ്ച് മിനിട്ട് കൊണ്ട് രുചിയൂറുന്ന കോൾഡ് കോഫി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഇൻസ്റ്റന്റ് കോഫി പൗഡർ, പാല്, പഞ്ചസാര,വെളളം, ഐസ്ക്രീം
ചെയ്യേണ്ട വിധം
രണ്ട് പേർക്ക് കുടിക്കാനായുളള കോൾഡ് കോഫിയാണ് തയ്യാറാക്കുന്നത്. അതിനായി മൂന്ന് ടീസ്‌പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ ചെറിയ ഒരു പാത്രത്തിൽ എടുക്കണം. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബ്രാൻഡിലുളള കോഫി പൗഡർ എടുക്കാം. ഇതിലേക്ക് അൽപം ചൂടുവെളളം ചേർത്ത് നന്നായി ലയിപ്പിച്ചെടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് തണുപ്പിച്ച് കട്ടയാക്കിയ അരലിറ്റർ പാലൊഴിക്കുക. ഇതിലേക്ക് ലയിപ്പിച്ച കോഫിയും, നാല് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ജാർ തുറന്ന് അതിലേക്ക് രണ്ട് സ്കൂപ്പ് ഐസ്ക്രീമും കൂടി ചേർത്ത് അൽപം സമയം കൂടി അടിക്കുക. വാനില, ചോക്ലേറ്റ് ഫ്ലേവറിലുളള ഐസ്ക്രീമാണ് കോൾഡ് കോഫി തയ്യാറാക്കാൻ നല്ലത്. തയ്യാറാക്കിയ പാനീയത്തെ ഒരു ഗ്ലാസിലേക്ക് മാറ്റാം, കോൾഡ് കോഫി ഗാർണിഷ് ചെയ്യാൻ ചോക്ലേറ്റ് സിറപ്പോ കോഫി പൗഡറോ ചേർക്കാവുന്നതാണ്.