
ഡീലർഷിപ്പുകളിൽ വിൽക്കാതെ ശേഷിക്കുന്ന വാഹനങ്ങൾ കുത്തനെ കൂടുന്നു
കൊച്ചി: സെപ്തംബറിൽ യാത്രാ വാഹനങ്ങളുടെ റീട്ടെയിൽ വില്പനയിൽ 19 ശതമാനം ഇടിവുണ്ടായി. വ്യാപകമായ മഴയും വാങ്ങലിന് അശുഭ സമയമായി വിലയിരുത്തുന്ന ശാരദാ കാലവും കാർ വില്പനയെ പ്രതികൂലമായി ബാധിച്ചുവെന്ന് ഡീലർമാർ പറയുന്നു. ഉപഭോക്താക്കൾ വാങ്ങൽ താത്പര്യം കുറച്ചതോടെ ഡീലർഷിപ്പുകളിൽ വിൽക്കാതെ ശേഷിക്കുന്ന വാഹനങ്ങളുടെ എണ്ണം മുൻപൊരിക്കലുമില്ലാത്ത വിധം കുതിച്ചുയരുകയാണ്. നിലവിൽ പല ഡീലർഷിപ്പുകളിലും വില്പന നടക്കാൻ 80 മുതൽ 85 ദിവസം വരെയെടുക്കുന്നു. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ(എഫ്.എ.ഡി.എ) കണക്കുകളനുസരിച്ച് വിവിധ ഡീലർമാരുടെ കൈവശം വിൽക്കാതെ ശേഷിക്കുന്നത് 77,800 കോടി രൂപയുടെ 7.8 ലക്ഷം കാറുകളാണ്. ആഗസ്‌റ്റിൽ ഡീലർഷിപ്പുകളിലെ ഇൻവെന്ററി കാലയളവ് 70 മുതൽ 75 ദിവസങ്ങളായിരുന്നു.
ഉത്സവ കാല പ്രതീക്ഷകൾ
നവരാത്രി, ദീപാവലി ആഘോഷങ്ങൾ തൊട്ടടുത്തെത്തിയതോടെ വാഹന വിപണി വീണ്ടും ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് ഡീലർമാർ. വാഹന വിപണിയിലെ തിരിച്ചടി ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നതിന് ബാങ്കുകളും നിർമ്മാണ കമ്പനികളും മുൻകൈയെടുക്കണമെന്ന് എഫ്.എ.ഡി.എ ആവശ്യപ്പെടുന്നു.
വെല്ലുവിളി
സാമ്പത്തിക മേഖലയിലെ തളർച്ച
ഗ്രാമീണ വാങ്ങൽ ശേഷി കുറയുന്നു
ഉയർന്ന പലിശ നിരക്ക്
വാഹന വില വർദ്ധന
കമ്പനി വില്പനയിലെ ഇടിവ്
മാരുതി സുസുക്കി 20 ശതമാനം
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 25 ശതമാനം
ടാറ്റ മോട്ടോഴ്സ് 19 ശതമാനം
ഡീലർഷിപ്പുകളിൽ വിൽക്കാതെ കെട്ടിക്കിടക്കുന്നത് 77,800 കോടി രൂപയുടെ 7.8 ലക്ഷം കാറുകൾ