k

സ്റ്റോക്ക്ഹോം: 2024ലെ വെെദ്യ ശാസ്ത്ര നോബലിന് അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസും ഗാരി റുവ്കുനും അർഹരായി. മൈക്രോ ആർ.എൻ.എയുടെ കണ്ടെത്തലിനാണ് പുരസ്കാരം. മോളിക്യുലാർ ബയോളജിസ്റ്റുമാണ് ഗാരി.

പ്രോട്ടീൻ ഉത്പാദിപ്പിക്കാനുള്ള ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർ.എൻ.എയ്ക്കുള്ള പങ്ക് ഇവരാണ് കണ്ടെത്തിയത്. 1.1 മില്യൺ ഡോളർ (9.2 കോടി) ആണ് സമ്മാനത്തുക.

k

ശരീരത്തിലെ വിവിധ കോശങ്ങളുടെ പ്രവർത്തനത്തെ വ്യത്യസ്തമാക്കുന്നത് മൈക്രോ ആ‌ർ.എൻ.എ വഴി കൈമാറ്റം ചെയ്യപ്പെടുന്ന നി‌‌ർദ്ദേശങ്ങളാണ്. ജീവജാലങ്ങൾ എങ്ങനെ പരിണമിച്ചെന്നും, എങ്ങനെയാണ് വിവിധ അവയവങ്ങൾ പ്രവ‌ർത്തിക്കുന്നതെന്നും മനസിലാക്കുന്നതിൽ മൈക്രോ ആ‌ർ.എൻ.എയുടെ കണ്ടെത്തൽ നി‌ർണായകമായി. 90കളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കത്തിലുമാണ് ഇരുവരുടെ പഠനങ്ങൾ നടന്നത്. ജീൻ ക്രമപ്പെടുത്തലിന്റെ പുതിയ അറിവിലേക്കാണ് ഇതു വെളിച്ചം പകർന്നത്.

2023ൽ കൊവിഡ് വൈറസിനെതിരെ എം.ആർ.എൻ.എ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയതിന് ഡോ. കാറ്റലിൻ കാരിക്കോ, ഡോ. ഡ്രൂ വൈസ്മൻ എന്നിവർ വെെദ്യ ശാസ്ത്ര നോബൽ പങ്കിട്ടിരുന്നു.

ഇന്ന് ഊർജതന്ത്രത്തിനും നാളെ രസതന്ത്രത്തിനുമുള്ള നോബൽ പ്രഖ്യാപിക്കും. മറ്റ് പുരസ്കാരങ്ങൾ തുടർന്നുള്ള ദിവസങ്ങളിലും. ആൽഫ്രഡ് നോബലിന്റെ ചരമവാർഷിക ദിനമായ ഡിസംബർ 10ന് പുരസ്കാരം സമർപ്പിക്കും.


വിക്ടർ അംബ്രോസ്

 യു.എസിലെ ഹാനോവറിൽ 1953ൽ ജനിച്ച വിക്ടർ അംബ്രോസ്, മസാച്യുസെറ്റ്‌സ് ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ടെക്‌നോളജിയിൽ (MIT) നിന്ന് പി.എച്ച്.ഡി നേടി. മസാച്യുസെറ്റ്‌സ് മെഡിക്കൽ സ്‌കൂൾ യൂണിവേഴ്‌സിറ്റിയിൽ നാച്വറൽ സയൻസ് പ്രൊഫസറാണ്

ഗാരി റുവ്കുൻ

 കാലിഫോർണിയയിലെ ബെർക്ക്‌ലിയിൽ 1952ൽ ജനിച്ച ഗാരി റുവ്കുൻ, 1982ൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്.ഡി നേടി. ഹാർവാഡ് മെഡിക്കൽ സ്‌കൂളിൽ ജനറ്റിക്‌സ് പ്രൊഫസറാണ്