suresh-gopi

കോന്നി : പ്രകൃതിയെ സ്നേഹിച്ച ബ്രിട്ടീഷുകാരനായ ഫോറസ്റ്റ് കൺസർവേറ്റർ ടി.എഫ്.ബോർഡിലോണിന്റെ സ്മരണകൾക്ക് മരണമില്ല. തിരുവിതാംകൂറിലെ പുഴയും കാടും മരങ്ങളുമെല്ലാം വ്യക്തമായി രേഖപ്പെടുത്തിയതിനൊപ്പം കിഴക്കൻമേഖലയ്ക്ക് അതീവ പ്രാധാന്യം നൽകിയ ബോർഡിലോൺ കോന്നിയിൽ താമസിച്ചതും മറ്റൊരു ചരിത്രമാണ്. തിരുവിതാംകൂറിലെ വനവൃക്ഷങ്ങൾ എന്ന പുസ്തകം എഴുതിയത് അദ്ദേഹം സ്ഥാപിച്ച കോന്നിയിലെ ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ വച്ചായി​രുന്നു. ഇതേ ബംഗ്ലാവിൽ താമസിച്ചുവരവേയാണ് മറ്റൊരു ഫോറസ്റ്റ് കൺസർവേറ്റർ രാമറാവു തിരുവിതാംകൂറിലെ പുഷ്പിക്കുന്ന സസ്യങ്ങൾ എന്ന പുസ്തകം രചിച്ചതും. പ്രകൃതിയെ സ്നേഹിച്ചിരുന്ന ബോർഡിലോൺ അച്ചൻകോവിൽ ആറിന്റെ തീരത്താണ് ഇൻസ്പെക്ഷൻ ബംഗ്ലാവ് നിർമ്മിച്ചത്. തിരുവിതാംകൂറിലെ പ്രധാനപ്പെട്ട വനനിയമങ്ങൾ രൂപപ്പെട്ടതും ഈ ബംഗ്ലാവിലാണെന്ന പ്രത്യേകതയുണ്ട്.

അച്ചൻകോവിലാറിന്റെ തീരത്തുനിന്ന് 1000 അടി ഉയരത്തിൽ വിശാലമായി വ്യാപിച്ചു കിടക്കുന്നതാണ് ബംഗ്ലാവ് മുരുപ്പ്. അഞ്ചേക്കർ സ്ഥലമാണി​ത്. കോന്നി ജംഗ്ഷനിൽ നിന്ന് ഒരുകിലോമീറ്റർ നടന്നാൽ ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവി​ ലെത്താം. മൂന്നുമുറി താമസസൗകര്യവും അടുക്കളയും സ്വീകരണമുറിയും ഊണുമുറിയും അടങ്ങിയതാണ് ഈ പഴയ കെട്ടിടം. കോന്നിയിലെത്തുന്ന പ്രമുഖർ ഇന്നും വിശ്രമിക്കാനായി ആശ്രയിക്കുന്നതും വനംവകുപ്പിന്റെ ഇൗ ബംഗ്ലാവിനെയാണ്. 100 വർഷങ്ങൾക്കു മുമ്പ് നിർമിച്ചതാണ് ഈ കെട്ടിടം. കെട്ടിടത്തിനുള്ളിലുള്ള രാമബഹാദൂർ മൂല പ്രത്യേകതയാണ്. കോന്നിയിലെ വനം കൺസർവേറ്റർ ആയിരുന്ന രാമബഹാദൂർ ഉപയോഗിച്ചിരുന്ന ചാരുകസേരയും മേശയും ഇട്ടിരിക്കുന്ന ഭാഗമാണ് ഇങ്ങനെ അറിയപ്പെടുന്നത്.

സി​നി​മ - രാഷ്ട്രീയക്കാരുടെ ഇഷ്ടയി​ടം

രാഷ്ട്രീയ നേതാക്കൻമാരും മന്ത്രിമാരും കൂടാതെ സിനിമാക്കാരും പല സമയങ്ങളിലായി ബോർഡിലോൺ സ്നേഹിച്ച ഈ കെട്ടിടത്തിൽ എത്തിയിട്ടുണ്ട്. സത്യനും നസീറും ഷീലയും സുരേഷ്‌ഗോപിയും വിൻസന്റും മുഖ്യമന്ത്രിമാരായി​രുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടും ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനും എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും ബംഗ്ളാവി​ലെത്തിയ രാഷ്ട്രീയ നേതാക്കളിൽ പ്രമുഖരാണ്.