
 സ്ത്രീയുൾപ്പെടെ 6 പേർക്കെതിരെ അന്വേഷണം
മംഗളൂരു: കാണാതായ മംഗളൂരു വ്യവസായി മുംതാസ് അലിയുടെ (52) മൃതദേഹം ഫാൽഗുനി നദിയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം.
മുംതാസ് അലിയെ ചിലർ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേർ ചേർന്ന് അദ്ദേഹത്തിൽ നിന്ന് വൻ തുക തട്ടിയെടുത്തെന്നാണ് കുടുംബം പൊലീസിൽ നൽകിയ പരാതി. ജീവിതം അവസാനിപ്പിക്കുമെന്ന് ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
റെഹാമത്ത്, അബ്ദുൽ സത്താർ, ഷാഫി, മുസ്തഫ, സൊഹൈബ്, സിറാജ് എന്നിവർക്കെതിരെയാണ് മംഗളൂരു പൊലീസ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച രാവിലെ കുളൂർ പാലത്തിന് സമീപം മുംതാസ് അലിയുടെ ബി.എം.ഡബ്ല്യു കാറും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. മംഗളൂരു നോർത്ത് മുൻ എം.എൽ.എ മൊഹിയുദ്ദീൻ ബാവയുടെ സഹോദരനാണ്.
ഷിരൂർ ഗംഗാവലിപ്പുഴയിൽ അർജുന് വേണ്ടി തെരച്ചിൽ നടത്തിയ ഈശ്വർ മാൽപെയും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. എ.ജെ ആശുപത്രിയിലേക്ക് മാറ്റി.
തട്ടിയെടുത്തത് 50 ലക്ഷത്തിലേറെ
 മുപ്പത് വർഷത്തിലേറെയായി പൊതുസമൂഹത്തിൽ സജീവമായിരുന്ന മുംതാസ് അലിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താൻ പ്രതികൾ ഗൂഢാലോചന നടത്തി
 ഒരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പലതവണയായി പണം തട്ടിയെടുത്തെന്ന് സഹോദരൻ ഹൈദരലി പറയുന്നു
 ഇതുകൂടാതെ 25 ലക്ഷം രൂപയുടെ ചെക്ക് എഴുതിവാങ്ങിയിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ട് മുംതാസ് അലിയെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നു