
 5 പേർക്ക് പരിക്ക്
 തിരിച്ചടി കടുപ്പിച്ച് ഇസ്രയേൽ
ടെൽ അവീവ്: ഇസ്രയേൽ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ ടെൽ അവീവിലേക്ക് റോക്കറ്റുകൾ തൊടുത്ത് ഹമാസ്. അഞ്ചു പേർക്ക് പരിക്കേറ്റു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
അപ്രതീക്ഷിത ആക്രമണത്തിനു പിന്നാലെ ഗാസയിലും ലെബനനിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഗാസ മുനമ്പിൽ 12 പേരും ജബലിയ അഭയാർത്ഥി ക്യാമ്പിലെ ആക്രമണത്തിൽ 17 പേരും കൊല്ലപ്പെട്ടു.
ഇന്നലെ രാവിലെ ഗാസ മുനമ്പിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടതിനു പിന്നാലെയായിരുന്നു തിരിച്ചടി. ടെൽ അവീവിലെ നൂറുകണക്കിനു പേർ ബോംബ് ഷെൽട്ടറിൽ അഭയം തേടി. ഇസ്രയേലിലെ നഗരങ്ങളിൽ ഇന്നലെ ആക്രമണത്തിന്റെ വാർഷിക ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. സെൻട്രൽ ഇസ്രയേലിൽ അഞ്ച് റോക്കറ്റുകൾ പതിച്ചതായി സൈന്യം സ്ഥിരീകരിച്ചു.
ഗാസയിൽ ഇസ്രയേൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. സിവിലിയന്മാർ ഉടൻ പലായനം ചെയ്യാൻ സൈന്യം ആവശ്യപ്പെട്ടു. ടാങ്കുകൾ ഉപയോഗിച്ച് കരയാക്രമണവും ഇസ്രയേൽ നടത്തുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഹിസ്ബുള്ള ആക്രമണം: രണ്ട്
സൈനികർ കൊല്ലപ്പെട്ടു
അതിനിടെ ഇന്നലെ ലെബനൻ അതിർത്തിയിൽ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. ഐ.ഡി.എഫ് ചീഫ് വാറന്റ് ഓഫീസർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഒരു സൈനികനു ഗുരതമായി പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിന്റെ തിരിച്ചടിയിൽ തെക്കൻ ലെബനനിൽ 10 അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു.
41,909
ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഒരുവർഷത്തിനിടെ കൊല്ലപ്പെട്ടവർ
1,139
ഇസ്രയേലിൽ കൊല്ലപ്പെട്ടവർ. 200-ലധികം പേരെ ബന്ദികളുമാക്കി
ഹമാസ് ആക്രമണം
പുതിയ ദൃശ്യം പുറത്ത്
2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന്റെ പുതിയ ദൃശ്യങ്ങൾ പങ്കുവച്ച് ഇസ്രയേൽ സേന. ഇസ്രയേൽ പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്ത ഹമാസ് അംഗങ്ങൾ പൊലീസുകാരെ കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ശത്രുക്കളെ ഉന്മൂലനം ചെയ്യുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞ ചെയ്തു. ഇന്നലെ അനുസ്മരണ പരിപാടികളും ബന്ദികളെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ടുള്ള റാലികളും ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു.