a

എൻ.സി.പി യിൽ കുറെക്കാലമായി പുകയുന്ന മന്ത്രിമാറ്റ തർക്കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചെക്ക് ! നിലവിലെ മന്ത്രിയായ എ.കെ ശശീന്ദ്രനെ മാറ്റി പകരം തനിക്ക് മന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാർട്ടിയിലെ രണ്ടാമത്തെ എം.എൽ.എ ആയ തോമസ് കെ. തോമസ് ഉയർത്തിയ കലാപക്കൊടി മുഖ്യമന്ത്രിയുടെ ശക്തമായ നിലപാടിൽ മടക്കിവച്ചതായാണ് സൂചന. എൽ.ഡി.എഫ് സർക്കാരിന്റെ ശേഷിക്കുന്ന രണ്ടു വർഷക്കാലം മന്ത്രിയാകാൻ തനിക്ക് പാർട്ടി ദേശീയ നേതാവ് ശരത് പവാറിന്റെ അനുമതി ലഭിച്ചതായും ശശീന്ദ്രൻ അതിനു വഴങ്ങിയതായുമാണ് തോമസ് കെ.തോമസും അദ്ദേഹത്തെ അനുകൂലിക്കുന്ന സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവും പറഞ്ഞിരുന്നത്. അതനുസരിച്ച് ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധനായതായും അവർ പ്രചരിപ്പിച്ചിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള ചരടുവലികൾ നടന്നു വന്നത്. മന്ത്രി മാറ്റത്തിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടും അനങ്ങാതിരുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച തോമസ് കെ. തോമസ്, മന്ത്രിയാകാൻ തനിക്ക് എന്ത് അയോഗ്യതയാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഏതാനും ദിവസം മുമ്പ് വാർത്താമാദ്ധ്യമങ്ങളോടും പറഞ്ഞിരുന്നു. മന്ത്രിയാക്കുന്ന കാര്യം പരിഗണിച്ചില്ലെങ്കിൽ താൻ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്നും പറഞ്ഞതോടെ പാർട്ടി പിളരുമോ എന്ന ആശങ്കയും ഉയർന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ളിഫ് ഹൗസിലേക്ക് വിളിപ്പിച്ച് തോമസ് കെ. തോമസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മെരുങ്ങിയ നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി.സി. ചാക്കോയും മന്ത്രി എ.കെ. ശശീന്ദ്രനും പങ്കെടുത്ത ചർച്ചയെ തുടർന്ന് കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്ന് പറഞ്ഞിരുന്ന തോമസ് കെ. തോമസ് നടത്തിയ പ്രതികരണത്തിൽ മന്ത്രി മാറ്റം ഉടനെങ്ങും ഉണ്ടാകാൻ സാദ്ധ്യതയില്ലെന്ന സൂചനയാണ് നൽകിയത്. 'പെട്ടെന്നൊരു മന്ത്രി മാറ്റമെന്നൊക്കെ പറഞ്ഞാൽ അതിന് ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരിക്കാം. അതു കൊണ്ടാകാം മുഖ്യമന്ത്രി സാവകാശം തേടിയത്. ഇനി മുഖ്യമന്ത്രി തന്നെ ഇക്കാര്യം തീരുമാനിക്കട്ടെ' എന്നായിരുന്നു തോമസ് കെ. തോമസിന്റെ പ്രതികരണം. നിയമസഭാ സമ്മേളനം കഴിയും വരെ കാത്തിരിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞത്. മന്ത്രിക്കസേരയ്ക്കായി എൻ.സി.പി എം.എൽ.എ തോമസ് കെ. തോമസ് നടത്തുന്ന വിലപേശലിന് വഴങ്ങേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ കർശന നിലപാടെന്നാണ് സൂചന.

സാമുദായിക

പ്രാതിനിധ്യം മാറിമറിയും

ശശീന്ദ്രനെ തിടുക്കത്തിൽ മാറ്റി പകരം തോമസ്.കെ തോമസിനെ മന്ത്രിയാക്കാനുള്ള എൻ.സി.പി നീക്കത്തിന് മുഖ്യമന്ത്രി തടയിട്ടതിനു പിന്നിൽ മന്ത്രിസഭയിലെ സാമുദായിക പ്രാതിനിദ്ധ്യത്തിലുണ്ടാകാവുന്ന മാറ്റവും മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുഖ്യമന്ത്രിയടക്കം 21 അംഗ മന്ത്രിസഭയിലെ സാമുദായിക പ്രാതിനിദ്ധ്യത്തെക്കുറിച്ച് രണ്ടാം പിണറായി സർക്കാരിന്റെ തുടക്കം മുതൽ തന്നെ ചില വിഭാഗങ്ങൾക്ക് അതൃപ്തിയുണ്ട്. മുൻ മന്ത്രിസഭകളെ അപേക്ഷിച്ച് പിന്നാക്ക പ്രാതിനിദ്ധ്യം കുറഞ്ഞു പോയെന്നും മുന്നാക്ക പ്രാതിനിദ്ധ്യ വല്ലാതെ കൂടിപ്പോയെന്നുമുള്ള പരാതി എസ്.എൻ.ഡി.പി യോഗത്തിനടക്കമുണ്ട്. ഈഴവ സമുദായത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയടക്കം 5 മന്ത്രിമാരുള്ളപ്പോൾ മുന്നാക്ക വിഭാഗത്തിന് 10 പേരുടെ പ്രാതിനിദ്ധ്യമുണ്ട്. ക്രൈസ്തവ വിഭാഗത്തിൽ നിന്ന് മൂന്നും മുസ്ലിം വിഭാഗത്തിൽ രണ്ട് പേർ വീതവും മന്ത്രിസഭയിലുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ ക്രൈസ്തവ, മുസ്ലിം പ്രാതിനിദ്ധ്യെ യഥാക്രമം നാലും മൂന്നും വീതമുണ്ടായിരുന്നു. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർക്ക് ആദ്യത്തെ രണ്ടര വർഷക്കാലമാണ് മന്ത്രിസ്ഥാനം പറഞ്ഞിരുന്നത്. ആ കാലാവധി കഴിഞ്ഞതോടെ ആന്റണി രാജുവിന് പകരം കെ.ബി ഗണേശ് കുമാറും അഹമ്മദ് ദേവർകോവിലിന് പകരം കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി. ഇവർ ഇരുവരും എത്തിയതോടെയാണ് മന്ത്രിസഭയിലെ മുന്നാക്ക പ്രാതിനിദ്ധ്യം പത്തായി ഉയർന്നത്. പിന്നാക്കക്കാരനായ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കിയാൽ ഈ അനുപാതത്തിൽ പിന്നെയും മാറ്റമുണ്ടാകും. ഈഴവ സമുദായാംഗങ്ങൾ നാലായി കുറയുകയും ക്രൈസ്തവർ അത്രയായി ഉയരുകയും ചെയ്യും. ഇത് പിന്നാക്ക വിഭാഗങ്ങളുടെ അതൃപ്തിക്കും അതുവഴി സർക്കാരിനോടുള്ള കടുത്ത പ്രതിഷേധത്തിനും കാരണമായേക്കും. ഇതു മുന്നിൽ കണ്ടാകാം മുഖ്യമന്ത്രി, തോമസ് കെ. തോമസിനോട് കടുത്ത നിലപാട് സ്വീകരിച്ചതെന്നാണ് സൂചന.

തോമസിന്റെ യോഗ്യത

എന്തെന്ന് വെള്ളാപ്പള്ളി

തോമസ് കെ.തോമസിന് മന്ത്രിയാകാനുള്ള എന്ത് യോഗ്യതയാണുള്ളതെന്ന് ചോദിച്ചാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മന്ത്രിമാറ്റ വിവാദത്തോട് പ്രതികരിച്ചത്. ഒരു കെട്ടുവള്ളത്തിൽ പോകാനുള്ള ആളു പോലും തോമസ് കെ.തോമസിന്റെ കൂടെയില്ല. ജ്യേഷ്ഠ സഹോദരൻ തോമസ് ചാണ്ടിയുടെ പണത്തിന്റെ ബലത്തിൽ കുട്ടനാട്ടിൽ നിന്ന് ജയിച്ചുവെന്നല്ലാതെ എന്താണുള്ളതെന്നും കൊല്ലത്ത് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് അദ്ദേഹം ചോദിച്ചു. ഇടതു കോട്ടയായ കുട്ടനാട്ടിൽ നിന്ന് അദ്ദേഹം ജയിച്ചത് ഇടതുപക്ഷത്തിന്റെ ഔദാര്യത്തിലാണ്. അവിടത്തെ വോട്ടർമാരിൽ ഭൂരിപക്ഷവും ഈഴവ വിഭാഗക്കാരാണ്. തോമസിന്റെ പാർട്ടിക്ക് അവിടെ ആരുമില്ല. ഒറ്റയ്ക്ക് മത്സരിച്ചാൽ കെട്ടിവച്ച കാശ് പോലും കിട്ടില്ല. സാമുദായിക പ്രാതിനിദ്ധ്യത്തിൽ മാറ്റം വരുമെന്നതിനാലാകാം മുഖ്യമന്ത്രി ശശീന്ദ്രനെ മാറ്റാൻ തയ്യാറാകാത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പിറകെ വന്നവർ

കാര്യക്കാരായി

കാലങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവർ വെള്ളം കോരികളും പിറകെ വന്നവർ കാര്യക്കാരും എന്നതാണിപ്പോൾ എൻ.സി.പി സംസ്ഥാന ഘടകത്തിന്റെ അവസ്ഥ. കോൺഗ്രസ് വിട്ടു വന്ന പി.സി ചാക്കോ, സംസ്ഥാന അദ്ധ്യക്ഷനായിരുന്ന പീതാംബരൻ മാസ്റ്ററെ മാറ്റിയാണ് ആ പദവിയിലെത്തിയത്. പിന്നാലെ കോൺഗ്രസിൽ നിന്നെത്തിയ ലതിക സുഭാഷിന് കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകിയപ്പോൾ കാലങ്ങളായി പാർട്ടിയിൽ അടിയുറച്ചു നിന്നവർ അസ്വസ്ഥരായി. സീനിയർ നേതാവായ എ.കെ. ശശീന്ദ്രനെ സ്വാധീനിച്ച് പലതും നടപ്പാക്കാനുള്ള ചാക്കോയുടെ ശ്രമം വിജയിക്കാത്തതാണ് പെട്ടെന്ന് മന്ത്രിയെ മാറ്റാനുള്ള നീക്കത്തിനു പിന്നിലെന്നാണ് ശശീന്ദ്രൻ അനുകൂലികൾ പറയുന്നത്. ശരത് പവാറിനെ സ്വാധീനിച്ച് മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭയിലേക്കെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ചാക്കോയുടെ ശ്രമവും വിജയിച്ചില്ല. 5 വർഷക്കാലവും ശശീന്ദ്രൻ തന്നെയാകും എൻ.സി.പി മന്ത്രിയെന്ന് പറഞ്ഞിരുന്ന ചാക്കോയുടെ പെട്ടെന്നുള്ള മനംമാറ്റത്തിനു പിന്നിൽ മറ്റു പലതും പാർട്ടിയിൽ സംസാര വിഷയമാണ്. ശശീന്ദ്രൻ കൈകാര്യം ചെയ്യുന്ന വനം വകുപ്പിലെ ഉദ്യോഗസ്ഥ സ്ഥലം മാറ്റത്തിലും ചാക്കോയുടെ ഇടപെടലുകൾ അപ്പടി അനുവദിക്കാൻ മന്ത്രി തയ്യാറാകാത്തതും മനംമാറ്റത്തിനു കാരണമായതായാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. രണ്ടാം പിണറായി മന്ത്രിസഭ രൂപീകരണ സമയത്ത് രണ്ട് മന്ത്രിമാരുടെ കാര്യത്തിൽ മാത്രമായിരുന്നു രണ്ടര വർഷം വീതം കാലാവധി പറഞ്ഞിരുന്നത്. മുൻകൂട്ടി പറയാത്ത മറ്റൊരു മന്ത്രിമാറ്റം അപ്രതീക്ഷിതമായി സംഭവിച്ച് കെ.രാധാകൃഷ്ണന്റെ കാര്യത്തിലാണ്. ആലത്തൂരിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണന് പകരക്കാരനായി ഒ.ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇനിയൊരു മന്ത്രിമാറ്റം ഉണ്ടാകാനുള്ള സാദ്ധ്യത ഇല്ലാത്തതിന്റെ കാരണവും ഇതാണ്. മുതിർന്ന നേതാവായ എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ഉറ്റ സൗഹൃദം പുലർത്തുന്ന മന്ത്രിയാണ്. അങ്ങനെയുള്ള ഒരാളിനെ മാറ്റി തോമസ് കെ.തോമസിനെപ്പോലെ ഒരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രിക്കും താത്പര്യമില്ലെന്നാണ് കരുതുന്നത്. മാത്രമല്ല, തോമസ് കെ.തോമസിനെതിരെ സഹോദരൻ തോമസ് ചാണ്ടിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും നിലവിലുണ്ട്. തോമസ് ചാണ്ടിയുടെ ലേബലിൽ വിജയിച്ച തോമസ് കെ.തോമസിനെതിരെ സഹോദരന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകളെ സംബന്ധിച്ചാണ് മുഖ്യമന്ത്രിക്ക് ബന്ധുക്കൾ പരാതി നൽകിയത്.