
ആസ്തികർ ദേവീസമാരാധന ഉപാസനാപൂർവം നിർവഹിക്കുന്ന പുണ്യകാലമാണ് നവരാത്രി. ഒമ്പതു ദിവസങ്ങളിലെ ആദ്യ മൂന്നു ദിവസം ശക്തിസ്വരൂപിണിയായും, തുടർന്ന് മൂന്നു ദിവസം ഐശ്വര്യസ്വരൂപിണിയായും, അവസാന മൂന്നുദിവസം വിദ്യാസ്വരൂപിണിയായും ദേവിയെ സങ്കല്പിച്ചു പോരുന്നു. പാർവതി, ലക്ഷ്മി, സരസ്വതി എന്നീ മൂർത്തികളെയാണ് ഇവിടെ സമാരാധന ചെയ്യുന്നത്. സരസ്വതി വിദ്യാദേവതയെങ്കിലും ശിവഗിരിയിൽ ശാരദാദേവീ സങ്കല്പമാണ്. ദേവിയുടെ സൂക്ഷ്മവും സാത്വികവുമായ സങ്കല്പമാണത്. സരസ്വതീ സങ്കല്പത്തിൽ വീണയെങ്കിൽ ശാരദയ്ക്ക് വീണയ്ക്കു പകരം പുസ്തകം നൽകിയിരിക്കുന്നു. ഗ്രന്ഥം, കലശം, കിളി, ചിന്മുദ്ര എന്നിവ നാല് തൃക്കൈകളിലായി നല്കി ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥതത്ത്വത്തെ വിദ്യാദേവതയിലൂടെ ഗുരു വെളിപ്പെടുത്തുന്നു.
മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യം സത്യസാക്ഷാത്കാരമാണ്. സാക്ഷാത്കാരം പുതുതായ ഒന്നിന്റെ സൃഷ്ടിയല്ല; ഉള്ളതിനെ ശരിയായി അറിയലാണ്. ഈശ്വരൻ, ജീവൻ, ജഗത് എന്നിവ മൂന്നും ഒരേയൊരു സത്യം തന്നെയെന്നുള്ള അനുഭവമാണ് സത്യസാക്ഷാത്കാരം. അദ്വൈത വേദാന്ത ശാസ്ത്രപ്രകാരം മഹാഗുരുക്കന്മാരുടെ മുഴുവൻ പ്രവൃത്തികളുടെയും ആത്യന്തിക ലക്ഷ്യവും ഉപദേശസാരവും ഇതൊന്നു മാത്രമായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ പ്രവൃത്തികളിൽ ഈ ലക്ഷ്യബോധത്തിന്റെ സുവ്യക്തമായ ആവിഷ്‌കാരമത്രെ ശിവഗിരി ശാരദാമഠം. ക്ഷേത്രസങ്കല്പത്തെ ജ്ഞാനസാധനയുടെ ഉത്തമോപാധിയാക്കി എങ്ങനെ മാറ്റാമെന്ന് ശാരദാമഠത്തിന്റെ സംസ്ഥാപനത്തിലൂടെ ഗുരുദേവൻ കാട്ടിത്തരുന്നു. ഗുരുദേവൻ ശിവഗിരിയിൽ ശാരദാക്ഷേത്രം സ്ഥാപിച്ചില്ല; ശാരദാമഠമാണ് സ്ഥാപിച്ചത്. ഇപ്പോൾ ശാരദാമ്മയ്ക്ക് നൂറ്റിപ്പന്ത്രണ്ട് വയസ് കഴിഞ്ഞിരിക്കുന്നു.
ശാരദാ മഠം
പിറന്നത്
ശ്രീശാരദാ മഠത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ മംഗലശ്ശേരി ഗോവിന്ദനാശാൻ, ആലുംമൂട്ടിൽ ഗോവിന്ദദാസ്, പ്ലാവിള കേശവൻ മേസ്ത്രി എന്നിവരാണ്. മംഗലശ്ശേരി ഗോവിന്ദനാശാൻ വലിയൊരു തുക സംഭാവന ചെയ്തു. കേശവൻ മേസ്ത്രി ഗുരുകല്പനയനുസരിച്ച് നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാമ്പത്തികമായി മുട്ടുവപ്പോഴൊക്കെ ആലുംമൂട്ടിൽ ഗോവിന്ദദാസ് ഗുരുഹിതമറിഞ്ഞ് പ്രവർത്തിച്ചു.
1084 (1908) ചിങ്ങത്തിലെ ചതയം തിരുനാളായിരുന്നു ആ പുണ്യദിനം. നിർമ്മാണ കമ്മിറ്റിയുടെ പ്രസിഡന്റ് ഡോ. പല്പുവും സെക്രട്ടറി മഹാകവി കുമാരനാശാനുമായിരുന്നു. ഇതിനകം കാശിയിൽ പോയി വൈദികപഠനം പൂർത്തിയാക്കി മടങ്ങിയെത്തിയ ശ്രീശങ്കരൻ പരദേശിസ്വാമികൾ വൈദിക കൃത്യങ്ങളുടെ ചുമതല ഏറ്റെടുത്തു.
ശ്രീ ചൈതന്യ സ്വാമികൾ തച്ചുശാസ്ത്ര വിദഗ്ദ്ധൻ കൂടിയായിരുന്നു. പരദേശി സ്വാമികളും ചൈതന്യ സ്വാമികളും സാധാരണ ക്ഷേത്രമാതൃകയിൽ- എന്നാൽ, ശില്പകലാവൈദഗ്ദ്ധ്യത്തോടെ ശാരദാമഠത്തിന്റെ ശ്രീകോവിൽ നിർമ്മിക്കണമെന്ന പക്ഷക്കാരായിരുന്നു. എന്നാൽ എല്ലാവർക്കും ദർശിക്കാവുന്ന തരത്തിൽ തുറസ്സായ തലത്തിൽ ഗർഭഗൃഹം നിർമ്മിക്കണമെന്നായിരുന്നു ഗുരുദേവന്റെ നിർദ്ദേശം. മാത്രമല്ല എട്ടുപട്ടത്തിൽ, എട്ടുവർണ്ണ ചില്ലുകളോടു കൂടിയ ജനാലകളും, പുറകുവശത്തുള്ള വാതിലുമടക്കം ഇന്നു കാണുന്ന തരത്തിലുള്ള മന്ദിരത്തിന് ഗുരുദേവൻ മാർഗനിർദ്ദേശവും നല്കി. (ഇപ്പോൾ ശാരദാമഠത്തിന്റെ മുഖമണ്ഡപത്തോടു ചേർന്ന് നിർമ്മിച്ചിട്ടുള്ള നമസ്‌കാര മണ്ഡപം അടുത്തകാലത്ത് നിർമ്മിച്ചിട്ടുള്ളതാണ്).
ശാരദാമഠത്തിലെ പൂജാരിമാരായി, എടുത്തുവളർത്തി പഠിപ്പിച്ച പുലയ, പറയ വിഭാഗത്തിൽപ്പെട്ട കുട്ടികളെ ഗുരുദേവൻ നിയോഗിച്ചിരുന്നു. ദിവാൻ രാജഗോപാലാചാരി തുടങ്ങിയ മഹാബ്രാഹ്മണർ അയിത്ത ജാതിയിൽപ്പെട്ട കുട്ടികളിൽ നിന്ന് പ്രസാദം വാങ്ങി പോകുന്നത് അത്ഭുതത്തോടെയാണ് താൻ വീക്ഷിച്ചതെന്ന് മന്നത്ത് പത്മനാഭൻ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. പൂജാരിമാരായി മാറിയ ഈ കുട്ടികളുടെ ആഗ്രഹപ്രകാരമാണ് ഗുരുദേവൻ 'ദൈവദശകം" എഴുതിയത്. രവീന്ദ്രനാഥ ടാഗോർ, മഹാത്മാഗാന്ധി, വിനോബഭാവെ, സി. രാജഗോപാലാചാരി, ജസ്റ്റിസ് സദാശിവ അയ്യർ തുടങ്ങിയ മഹാനുഭാവന്മാരും സ്വാമി തപോവനം, ചിന്മയാനന്ദ സ്വാമി, രംഗനാഥാനന്ദ സ്വാമി, മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയ ആദ്ധ്യാത്മികാചാര്യന്മാരും ശാരദാമഠം ദർശിച്ച് നിർവൃതരായിട്ടുണ്ട്.
ഗുരുസ്വരൂപിണി
ശ്രീശാരദ
ഗുരുവും ശിഷ്യന്മാരും ഒന്നുചേർന്നു കഴിയുന്ന സ്ഥലമാണ് മഠം. ശിവഗിരിയിലെ ശ്രീശാരദ ഗുരുസ്വരൂപിണിയാണ്. ഭജനീയരായ ഭക്തന്മാർ ശിഷ്യന്മാരും. അറിവിന് പരമപ്രധാന്യം നല്കിയ മഹാഗുരുവിന് അവിടുത്തെ അനുയായിവൃന്ദവും അറിവിന്റെ ദേവതയെ ഭജിച്ച് അറിവു നേടട്ടെ എന്ന മഹാസങ്കല്പമാണ് പ്രസ്ഥാനത്തിന്റെ തലസ്ഥാനത്തിൽ തന്നെ ശ്രീശാരദാമഠം സ്ഥാപിക്കാൻ കാരണമായത്. ശ്രീ ശങ്കരാചാര്യർ 1200 വർഷ ങ്ങൾക്കുമുൻപ് സരസ്വതിയെ കേരളത്തിൽ കൂട്ടിക്കൊണ്ടുവന്ന് പ്രതിഷ്ഠിപ്പിക്കാനൊരുങ്ങിയതിന്റെ ഒരു കഥയുണ്ട്.
ശ്രീശങ്കരനോടൊപ്പം ദേവി കർണ്ണാടകത്തിലെ മൂകാംബികവരെയെത്തിയത്രേ. 'തിരിഞ്ഞു നോക്കരുത്" എന്ന കരാർ ലംഘിച്ച്, ദേവിയുടെ കാൽത്തളയുടെ ശബ്ദം കേൾക്കാതാകയാൽ സംശയം തോന്നി ശങ്കരൻ തിരിഞ്ഞു നോക്കിയതിനാൽ ദേവി അവിടെ സ്ഥിതയായി. അതാണത്രേ പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം. ശ്രീശങ്കരനുശേഷം 1200 വർഷം കഴിഞ്ഞ് കേരളം ലോകത്തിനു സംഭാവന ചെയ്ത വിശ്വഗുരു ഇന്ത്യയുടെ തെക്കേയറ്റമായ കേരളത്തിലെ ദക്ഷിണ കാശിയെന്ന് പ്രസിദ്ധമായ വർക്കലയിൽ ശ്രീശാരദയെ പ്രതിഷ്ഠിച്ചു. മാത്രമല്ല, ശ്രീശങ്കരൻ സ്ഥാപിച്ച നാലു മഠങ്ങളിൽ ഒന്നായ ശൃംഗേരി മഠത്തിന്റെ ദേവതാ സ്ഥാനവും ശ്രീശാരദയാണ്!
ശിവഗിരിയിൽ ഈ ഒമ്പതു ദിവസവും കലാപരിപാടികൾ നടന്നുവരുന്നു. ഗുരുദേവകൃതികളുടെ ആലാപനവും സംഗീതസദസും ഗുരുദേവകൃതികളുടെ നൃത്താവിഷ്‌കാരവും നേർച്ചയായി അവതരിപ്പിക്കുന്നു. പുസ്തകം പൂജവയ്ക്കുവാനും ആദ്യക്ഷരം കുറിക്കുവാനും ആയിരങ്ങൾ എത്തുന്നു. വിദ്യകൊണ്ട് സ്വതന്ത്രരാകുവിൻ എന്ന സന്ദേശത്തിന്റെ സാക്ഷാത്ക്കാരമാണ് ശാരദാമഠത്തിലൂടെ നിറവേറ്റപ്പെടേണ്ടത്. ശാരദയുടെ സന്നിധാനത്തിൽ ആദ്യക്ഷരം കുറിക്കുവാൻ സാധിക്കുന്നത് പരമഭാഗ്യമാണ്. എല്ലാവർക്കും ഗുരുവിന്റെയും ശാരദാംബയുടെയും അനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.