തൃശൂർ : തൃശൂരിൽ മൂന്ന് എ.ടി.എമ്മുകൾ തകർത്ത് 69.43 ലക്ഷം കവർന്ന സംഭവത്തിൽ മോഷണത്തിന് ശേഷം ഉപേക്ഷിച്ച ഒമ്പത് എ.ടി.എം ട്രേകളും ഗ്യാസ് കട്ടറും രണ്ട് സിലിണ്ടറും ഡിജിറ്റൽ വീഡിയോ റെക്കാഡറും താണിക്കുടം പുഴയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളുമായുള്ള പൊലീസ് തെളിവെടുപ്പിനിടെയായിരുന്നു അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ തൊണ്ടിമുതലുകൾ കണ്ടെടുത്തത്.

ഹരിയാന പൽവാൽ സ്വദേശികളായ ഇർഫാൻ, സാബിർ ഖാൻ, ഷൗക്കീൻഖാൻ, മുഹമ്മദ് ഇക്രാം, മുബാറക് എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11.40ഓടെയാണ് ഷൊർണൂർ റോഡിലെ എ.ടി.എം കേന്ദ്രത്തിൽ തെളിവെടുപ്പിന് ആദ്യമെത്തിയത്. സാബിർ ഖാൻ, ഷൗക്കീൻഖാൻ എന്നിവരെ എ.ടി.എം കേന്ദ്രത്തിനുള്ളിൽ കയറ്റി ഷട്ടർ അടച്ചിട്ട ശേഷമാണ് തെളിവെടുപ്പ് നടത്തിയത്.

കവർച്ചയുടെ സൂത്രധാരനായ മുഹമ്മദ് ഇക്രാമിനെ എ.ടി.എം കേന്ദ്രത്തിന് പുറത്തുനിറുത്തി. ഇർഫാനെയും മുബാറക്കിനെയും വാഹനത്തിൽ നിന്ന് പുറത്തിറക്കിയില്ല. അരമണിക്കൂറോളം എ.ടി.എം സെന്ററിൽ തെളിവെടുത്ത ശേഷമാണ് താണിക്കുടത്തേക്ക് കൊണ്ടുപോയത്. സാബിർ ഖാനും ഷൗക്കീൻഖാനും അസർ അലിയുമാണ് എ.ടി.എം പൊളിക്കാൻ അകത്തുകടന്നത്. എന്നാൽ പ്രതികളെ പിടികൂടുന്നതിനിടെയുണ്ടായ വെടിവയ്പ്പിൽ പരിക്കേറ്റ് ചികിത്സയിലായതിനാൽ അസർ അലിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസിന് സാധിച്ചില്ല.

കണ്ടെടുത്തത് ഒമ്പത് ട്രേകളും ഗ്യാസ് കുറ്റികളും

മോഷണശേഷം പൊലീസ് അക്കാഡമി വഴി വന്ന് താണിക്കുടത്തെത്തിയപ്പോൾ പുഴയിലേക്ക് എറിയുകയായിരുന്നുവെന്ന് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പ്രതികൾ പറഞ്ഞു. ഇവിടെ സൂത്രധാരനായ ഇക്രമിനെ മാത്രമാണ് പുറത്തിറക്കിയത്. കാർ ഓടിച്ചിരുന്നത് താനാണെന്ന് ഇക്രാം മൊഴി നൽകി. ട്രേകൾ പാലത്തിന്റെ രണ്ട് ഭാഗത്തേക്കാണോ എറിഞ്ഞതെന്ന ചോദ്യത്തിന് അറിയില്ലായെന്നായിരുന്നു ഉത്തരം. തുടർന്ന് സാബിർ ഖാൻ, ഷൗക്കീൻഖാൻ എന്നിവരെ പുറത്ത് കൊണ്ടുവന്ന് വിവരം തിരക്കി. അഗ്‌നിശമന സേനയുടെ സ്‌കൂബ ടീമിനെയെത്തിച്ച് പരിശോധന നടത്തി. ട്രേകളിൽ ഒന്ന് പാലത്തിന് മുകളിൽ നിന്ന് നോക്കുമ്പോൾ കാണാമായിരുന്നു. ആദ്യ തെരച്ചിലിൽ തന്നെ എട്ട് ട്രേകൾ കണ്ടെത്താനായി. പിന്നീട് ഗ്യാസ് കട്ടറും ഗ്യാസ് കുറ്റിയും ലഭിച്ചു. ഇവ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു. പിന്നീട് ഒരു ട്രേയും ഒരു ഗ്യാസ് കുറ്റിയും കൂടി ലഭിച്ചു. ഡിജിറ്റൽ വീഡിയോ റെക്കാഡറും കണ്ടെടുത്തു. ആകെ പന്ത്രണ്ട് ട്രേകളാണ് ഉണ്ടായിരുന്നത്. ഒന്നര മണിക്കൂറോളം തെരഞ്ഞിട്ടും മൂന്നെണ്ണം കണ്ടെത്താനായില്ല. എ.സി.പി സലീഷ് എൻ. ശങ്കരൻ, ഈസ്റ്റ് എസ്.എച്ച്.ഒ എം.ജെ.ജിജോ, എസ്.ഐ ജിനോ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. സെപ്തംബർ 27നാണ് മാപ്രാണം, തൃശൂർ ഷൊർണൂർ റോഡ്, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകൾ തകർത്ത് മോഷണം നടത്തിയത്.